ജയ്പൂര്‍: ഐപിഎല്ലിന്റെ 18ാം സീസണില്‍ രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്കു വീണിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും ഫ്‌ളോപ്പായി മാറിയ റോയല്‍സിനു ഈ തോല്‍വിക്കു സ്വയം പിഴിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അത്ര മാത്രം പിഴവുകളാണ് ഈ മല്‍സരത്തില്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ആര്‍സിബിയോടു ഇത്രയും ദയനീയമായൊരു തോല്‍വി റോയല്‍സ് ഏറ്റുവാങ്ങാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആദ്യ വില്ലന്‍ സഞ്ജു
സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്ര വലിയൊരു പരാജയമേറ്റു വാങ്ങിയതില്‍ ആദ്യത്തെ വില്ലന്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. കാരണം ഓപ്പണറായി ഇറങ്ങിയ ശേഷം ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ഇന്നിങ്‌സിലൂടെ അദ്ദേഹം ടീമിന്റെ സ്‌കോറിങ് വേഗത കുറയ്ക്കുകയായിരുന്നു. 19 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം നേടിയത് വെറും 15 റണ്‍സ് മാത്രമാണ്.
ഓപ്പണിങ് പങ്കാളിയായ യശസ്വി ജയ്‌സ്വാളിനൊപ്പം കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ചൊരു തുടക്കം റോയല്‍സിനു ലഭിക്കുമായിരുന്നു. പവര്‍പ്ലേയില്‍ വെറും 45 റണ്‍സാണ് റോയല്‍സിനു നേടാനായത്. 16 ബോളില്‍ സഞ്ജുവിന്റെ സംഭാവന വെറും 13 റണ്‍സ് മാത്രം. അടുത്ത ഓവറില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു. ക്രുനാല്‍ പാണ്ഡ്യക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിമു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്യുകയായിരുന്നു.
ദ്രാവിഡ് മണ്ടത്തരം കാണിച്ചു
രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്കു രണ്ടാമത്തെ കാരണക്കാരന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡാണ്. അദ്ദേഹത്തിന്റെ മണ്ടന്‍ ഗെയിം പ്ലാന്‍ കാരണമാണ് റോയല്‍സിനു 173 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നത്. ജയ്പൂരിസെ സ്ലോ പിച്ചില്‍, ആര്‍സിബിയുടെ സ്പിന്നര്‍മാര്‍ മധ്യഓവറുകളില്‍ ബാറ്റ് ചെയ്യവെ റോയല്‍സിന്റെ വജ്രായുധം നിതീഷ് റാണയായിരുന്നു. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹത്തിനു ഏറ്റവും അനുകൂലമായ സാഹചര്യങ്ങളായിരുന്നു ഈ മല്‍സരത്തിലേത്.
അതിനാല്‍ ഏഴാം ഓവറില്‍ സഞ്ജു പുറത്തായതിനു പിന്നാലെ മൂന്നാമനായി റാണയെ തീര്‍ച്ചയായും റോയല്‍സ് ബാറ്റിങിനു അയക്കണമായിരുന്നു. എങ്കില്‍ അതു ടീമിന്റെ സ്‌കോറിങിന്റെ വേഗത കൂട്ടാനും പവര്‍പ്ലേയിലെ ക്ഷീണം തീര്‍ക്കാനും സഹായിച്ചേനെ. ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ക്രീസിലുള്ളതു കാരണം ഇടംകൈ-വലംകൈ കോമ്പിനേഷനു വേണ്ടി റാണയെ ദ്രാവിഡ് വൈകിപ്പിക്കുകയായിരുന്നു.

ആറാമനായാണ് ഒടുവില്‍ താരം ബാറ്റിങിന് ഇറങ്ങിയത്. 20ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. മൂന്ന് / നാല് നമ്പറുകളില്‍ റാണ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും അതു വഴി ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കാനും റോയല്‍സിനു കഴിയുമായിരുന്നു.
ഫീല്‍ഡിങ് ദയനീയം
രാജസ്ഥാന്‍ റോയസിന്റെ തോല്‍വിക്കു മൂന്നാമത്തെ കാരണം ഫീല്‍ഡിങിലെ ദയനീയ പ്രകടനമാണ്. നിരവധി ക്യാച്ചുകളാണ് അവര്‍ തുടക്കം മുതല്‍ അവസാനം വരെ കൈവിട്ടു കളഞ്ഞത്. നാലാം ഓവറില്‍ വെറും ഏഴു റണ്‍സില്‍ നില്‍ക്കെ വിരാട് കോലി പുറത്താവേണ്ടതായിരുന്നു. പക്ഷെ സന്ദീപ് ശര്‍മയുടെ ഓവറിലെ ആദ്യ ബോളില്‍ കോലിയുടെ ക്യാച്ച് റിയാന്‍ പരാഗ് പാഴാക്കി. ആര്‍സിബിയുടെ സ്‌കോര്‍ അപ്പോള്‍ 30 റണ്‍സായിരുന്നു.
ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ അപകടകാരിയായ ഫില്‍ സാള്‍ട്ടിന്റെ റിട്ടേണ്‍ ക്യാച്ച് സന്ദീപും നഷ്ടപ്പെടുത്തി. സാള്‍ട്ട് 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്. അതിനു ശേഷവും റോയല്‍സ് താരങ്ങളുടെ കൈകള്‍ ചോര്‍ന്നു കൊണ്ടിരുന്നു.
ആറാം ഓവളില്‍ 40 റണ്‍സില്‍ നില്‍ക്കെ സാള്‍ട്ടിനു വീണ്ടും ആയുസ് നീട്ടിക്കിട്ടി. ഇത്തവണ സന്ദീപിന്റെ ബൗളിങില്‍ യശസ്വി ജയ്‌സ്വാളാണ് ക്യാച്ച് താഴെയിട്ടത്. സിളിനായി ഓടവെ സാള്‍ട്ടിനെ റണ്ണൗട്ടാക്കാനും റോയല്‍സിനു അവസരം ലഭിച്ചിരുന്നു. പക്ഷെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ സന്ദീപ് അതിനു ശ്രമിക്കാതിരുന്നത് തിരിച്ചടിയായി.
ഈ മൂന്നു ക്യാച്ചുകള്‍ പാഴാക്കിയതോടെ കളിയും റോയല്‍സില്‍ നിന്നും വഴുതിപ്പോയി. 33 ബോളില്‍ നിന്നും 65 റണ്‍സ് വാരിക്കൂട്ടിയാണ് സാള്‍ട്ട് ക്രീസ് വിട്ടത്. കോലിയാവട്ടെ 45 ബോളില്‍ പുറത്താവാതെ 62 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.