രാജസ്ഥാന്‍ റോയല്‍സ് ടീം ഈ സീസണിലെ ഐപിഎല്ലില്‍ ആദ്യ രണ്ടു കളിയിലും പരാജയത്തിലേക്കു വീണപ്പോള്‍ ഏറ്റവുമധികം പഴി കേട്ടയാള്‍ മുഖ്യ കോച്ചും മുന്‍ ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. കഴിഞ്ഞ സീസണിലെ ബൗളിങ് കോമ്പിനേഷനെ പൊളിച്ചുപണിതത് അദ്ദേഹത്തിന്റെ മണ്ടത്തരമാണെന്നും ഇതു കാരണമാണ് റോയല്‍സ് പതറുന്നതെന്നും പലും ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇപ്പോള്‍ നാലു റൗണ്ടുസള്‍ക്കു ശേഷം തന്നെ വിമര്‍ശിച്ചവരെ കൊണ്ടു തന്നെ തിരുത്തി പറയച്ചിരിക്കുകയാണ് ദ്രാവിഡ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ച് റോയല്‍സ് ശക്തമായതിരിച്ചുവരവ് നടത്തിയതോടെയാണിത്. അവസാന കളിയില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ 50 റണ്‍സിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍സ് സ്വന്തമാക്കിയത്.

മെഗാ ലേലത്തിനു ശേഷം റോയല്‍സ് ടീമിനെ പുതിയ ലുക്കിലക്കു മാറ്റിയെടുത്തതില്‍ തീര്‍ച്ചയായും ദ്രാവിഡ് ക്രെഡിറ്റ് അര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ശരിയായിരുന്നുവെന്നു തന്നെയാണ് റോയല്‍സ് ടീം ഇപ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ബൗളിങ് ഉടച്ചു വാര്‍ത്തു
2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ബൗളിങ് ആക്രമണമായിരുന്നു. മൂന്നു പേരായിരുന്നു ബൗളിങിലെ പ്രധാന കരുത്ത്. പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടായിരുന്നു. സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത് ഇന്ത്യയുടെ സൂപ്പര്‍ ജോടികളായ യുസ്വേന്ദ്ര ചഹലും ആര്‍ അശ്വിനുമായിന്നു. ഈ മൂന്നു പേരും ടീമിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു.
അതുകൊണ്ടു തന്നെ കഴിഞ്ഞ സീസണിനു ശേഷം ഇവരില്‍ രണ്ടു പേരെയെങ്കിലും റോയല്‍സ് ഉറപ്പായും നിലനിര്‍ത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ മൂന്നു പേരെയും ടീം കൈവിട്ടുവെന്നത് എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. സീസണിനു ശേഷം പുതിയ കോച്ചായി എത്തിയ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലും ഇതിനുി പിന്നിലുണ്ടായിരുന്നു.
ദ്രാവിഡ് കാണിച്ചത് വലിയ മണ്ടത്തരമാണെന്നും റോയല്‍സിനു ഈ സീസണില്‍ വലിയ തിരിച്ചടിയുറപ്പാണെന്നു പലരും മുന്നറിയിപ്പും നല്‍കി. ബോള്‍ട്ട്, ചഹല്‍, അശ്വിന്‍ എന്നിവര്‍ക്കു പകരം ഇംഗ്ലീഷ് സ്പീഡ്സ്റ്റാര്‍ ജോഫ്ര ആച്ചര്‍, ശ്രീലങ്കന്‍ ജോടികളായ മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരെയാണ് റോയല്‍സ് കൊണ്ടുവന്നത്. ഇതു കൂടി സംഭവിച്ചതോടെ റോയല്‍സിനെ ആരാധകരും പഴിച്ചു.
ആരാധകരുടെ ആശങ്കകള്‍ ശരിവച്ചുകൊണ്ടാണ് ഈ സീസണിനു റോയല്‍സ് തുടക്കമിട്ടത്. ആദ്യത്തെ രണ്ടു കളിയിലും അവര്‍ ദയനീയമായി തോറ്റതോടെ ദ്രാവിഡിനെയും ബൗളിങ് നിരയെയുമാണ് എല്ലാവരും പഴിച്ചത്. പക്ഷെ ഇപ്പോള്‍ റോയല്‍സ് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ വിമര്‍ശകര്‍ സ്തബ്ധരായിരിക്കുകയാണ്. ബോള്‍ട്ട്, ചഹല്‍, അശ്വിന്‍ ഇവരെയൊന്നും റോയല്‍സ് ഇനി മിസ് ചെയ്യില്ലെന്ന സൂചനയാണ് ആര്‍ച്ചര്‍- ഹസരംഗ-തീക്ഷണ ബൗളിങ് ത്രയം നല്‍കുന്നത്.
ദ്രാവിഡിന്റെ മാസ്റ്റര്‍ പ്ലാന്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോമ്പിനേഷനെ ഉടച്ചുവാര്‍ത്തത് തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിന്റെ മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ്. കാരണം ട്രെന്റ് ബോള്‍ട്ട് 36ാം വയസ്സിലേക്കും ആര്‍ അശ്വിന്‍ 39ലേക്കും കടക്കുകയാണ്. യുസ്വേന്ദ്ര ചഹലിന്റെ കാര്യമെടുത്താല്‍ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഈ കാരണങ്ങളാല്‍ തന്നെ മൂന്നു പേരെയും ബൗളിങില്‍ റോയല്‍സിനു ഇനി അധികകാലം ആശ്രയിക്കാന്‍ സാധിക്കില്ലെന്നു ദ്രാവിഡ് മുന്‍കൂട്ടി കാണുകയും ചെയ്തു.
അതുകൊണ്ടു തന്നെയാണ് ഇവരെയെല്ലാം ഒഴിവാക്കി പുതിയ ഒരു ബൗളിങ് കോമ്പിനേഷനെക്കുറിച്ച് അദ്ദേഹം ആലോചിച്ചത്. ജോഫ്ര ആര്‍ച്ചര്‍ സമീപ കാലത്തു അത്ര മികച്ച ഫോമിലല്ലെങ്കിലും ശക്തമായ തിരിച്ചുവരാനുള്ള സമയം അദ്ദേഹത്തിന്റെ പക്കലുണ്ട്.
മഹീഷ് തീക്ഷണയും വനിന്ദു ഹസരംഗയുമാവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലിലും ഇവര്‍ക്കു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും ഉറപ്പായിരുന്നു. ദ്രാവിഡിന്റെ ഈ കണക്കുകൂട്ടല്‍ തെറ്റിയില്ലെന്നു തന്നെയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
കണക്കുകളില്‍ മുന്നില്‍
രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ ആശിന്‍ എന്നിവരേക്കാള്‍ മികച്ച ബൗളിങ് പ്രകടനമാണ് ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവര്‍ ഈ സീസണില്‍ ഇതിനകം കാഴ്ചവച്ചതെന്നു കണക്കുകളും ശരി വയ്ക്കുകയാണ്.

റോയല്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്കു ചേക്കേറിയ ബോള്‍ട്ടിനു ആദ്യത്തെ നാലു കളിയില്‍ വീഴ്ത്താനായത് മൂന്നു വിക്കറ്റുകളാണ്. എന്നാല്‍ ആര്‍ച്ചറവട്ടെ നാലു വിക്കറ്റുകള്‍ നാലു കളിയില്‍ നിന്നും സ്വന്തമാക്കി കഴിഞ്ഞു. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കുന്ന ചഹല്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. മൂന്നു കളിയില്‍ ഒരേയൊരു വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍ തീക്ഷണ നാലു കളിയില്‍ നിന്നും നാലു വിക്കറ്റുകളെടുത്തു കഴിഞ്ഞു.
പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തിരിച്ചെത്തിയ അശ്വിനും പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നാലു കളിയില്‍ മൂന്നു വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍ ഹസരംഗ റോയല്‍സിനൊപ്പം വലിയ വിക്കറ്റ് വേട്ടയാണ് നടത്തുന്നത്. മൂന്നു കളിയില്‍ ആറു വിക്കറ്റുകള്‍ അദ്ദേഹം കടപുഴക്കി കഴിഞ്ഞു.
ഈ സീണണിലെ ആദ്യ രണ്ടു കളിയിലും റോയല്‍സ് തോറ്റെന്നതു ശരിയാണ്. പക്ഷെ ഇതിനു കാരണം ബൗളിങ് നിരയല്ല. മറിച്ച് റിയാന്‍ പരാഗിന്റെ മോശം ക്യാപ്റ്റന്‍സിയാണ്. നായകനെന്ന നിലയില്‍ തന്റെ ബൗളര്‍മാരെ വേണ്ട വിധം ഉപയോഗിക്കാന്‍ അദ്ദേഹത്തിനായില്ല.
എന്നാല്‍ അവസാന മല്‍സരത്തില്‍ ഇതേ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കാമെന്നു സഞ്ജു സാംസണ്‍ കാണിച്ചുതരികയും ചെയ്തു. ഇവിടെയാണ് ദ്രാവിഡായിരുന്നു ശരിയെന്നു നമുക്കു ബോധ്യമാവുക. കഴിഞ്ഞ മല്‍സരത്തില്‍ ടീം നേടിയ ഉജ്ജ്വല വിജത്തിനു സഞ്ജുവിനു കൈയടി ലഭിക്കുമ്പോള്‍ ദ്രാവിഡ് കൂടി ഇതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നതായി ഉറപ്പിച്ചു പറയാം.