മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പായുള്ള നിലനിര്‍ത്തലുകള്‍ ടീമുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ ആറ് താരങ്ങളെ നിലനിര്‍ത്തിയിരിക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. പഞ്ചാബ് കിങ്‌സ് രണ്ട് അണ്‍ക്യാപ്പ്ഡ് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ആര്‍സിബി മൂന്ന് താരങ്ങളേയും നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തവണ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഏറ്റവും ശക്തമായ ടീം ഏതാണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇത്തവണ ഏറ്റവും ശക്തം മുംബൈ ഇന്ത്യന്‍സാണെന്ന് പറയാം. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു അവസാന സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇത്തവണ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ ഇറങ്ങുന്നത്. നിലവിലെ നിലനിര്‍ത്തലുകള്‍ നോക്കുമ്പോള്‍ മുംബൈക്ക് വരുന്ന സീസണില്‍ കിരീട സാധ്യത കൂടുതലാണ്. ഇത് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബാറ്റിങ് കരുത്ത് അതി ശക്തം
മെഗാ ലേലത്തിന് ഇറങ്ങും മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കരുത്ത് ശക്തമാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിവര്‍ ബാറ്റിങ് നിരയിലുണ്ട്. ഇവരെല്ലാം മികച്ച ബാറ്റിങ് റെക്കോഡ് ടി20യില്‍ അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ലേലത്തില്‍ അധികം സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ മുംബൈക്ക് തേടേണ്ടതായില്ല. വിദേശ താരങ്ങളെയാവും ലേലത്തില്‍ ബാറ്റിങ് നിരയിലേക്ക് മുംബൈ ഇനി നോട്ടമിടുക.
മുംബൈ ജോസ് ബട്‌ലറെയാണ് പ്രധാനമായും നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുംബൈക്കായി കളിച്ചിട്ടുള്ള താരമാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ താരത്തെ ടീമിലേക്ക് തിരികെ എത്തിക്കാന്‍ മുംബൈ ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. ബട്‌ലര്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവുകയും വിക്കറ്റ് കീപ്പറാവുകയും ചെയ്താല്‍ മുംബൈക്കത് വളരെ ഗുണം ചെയ്‌തേക്കും. ബട്‌ലറെക്കൂടി എത്തിച്ചാല്‍ പിന്നെ ചില യുവതാരങ്ങളെ മാത്രമാവും മുംബൈക്ക് ആവശ്യമുണ്ടാവുക. ചെറിയ തുകയ്ക്ക് ഇവരെ ടീമിലേക്കെത്തിക്കാനും സാധിച്ചേക്കും.

പേസ് നിരയിലെ ബുംറയുടെ സാന്നിധ്യം
പേസ് നിരയില്‍ ജസ്പ്രീത് ബുംറ തുടരുന്നതിനാല്‍ ഇനി ഒരു പ്രധാന വിദേശ പേസറെയാവും മുംബൈ നോട്ടമിടുക. കഗിസോ റബാഡ, ട്രന്റ് ബോള്‍ട്ട് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. രണ്ട് പേരും നിലവില്‍ മെഗാ ലേലത്തിലേക്കെത്തിയിട്ടുണ്ട്. ബോള്‍ട്ട് നേരത്തെ മുംബൈക്കായി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ മുംബൈ ബോള്‍ട്ടിനെ വീണ്ടും ടീമിലേക്കെത്തിക്കാന്‍ താല്‍പര്യം കാട്ടിയാലും അത്ഭുതപ്പെടാനാവില്ല.
മുഹമ്മദ് ഷമിയെ ഒപ്പം കൂട്ടാനും ഇത്തവണ മുംബൈ ശ്രമിച്ചേക്കുമെന്നാണ് വിവരം. പരിക്കിന്റെ ഇടവേളയിലുള്ള ഷമിയുടെ ഫിറ്റ്‌നസാണ് പ്രധാന പ്രശ്‌നം. ഇത് വിലയിരുത്തിയാവും മുംബൈ തീരുമാനമെടുക്കുക. എന്തായാലും മികച്ചൊരു ഇന്ത്യന്‍ പേസറെക്കൂടി മുംബൈക്കാവശ്യമാണ്. ജസ്പ്രീത് ബുംറയെപ്പോലൊരു സൂപ്പര്‍ പേസര്‍ ഒപ്പമുള്ളത് മുംബൈയുടെ കരുത്ത് ഉയര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ ബൗളിങ് നിരയില്‍ അടിത്തറ മുംബൈക്ക് ഇതിനോടകം അവകാശപ്പെടാന്‍ സാധിക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈക്ക് അടിത്തറയുണ്ടെന്ന് തന്നെ പറയാം.
മുംബൈയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു
മുംബൈ ഇന്ത്യന്‍സിനെ അവസാന സീസണില്‍ പിന്നോട്ടടിച്ച പ്രധാന കാരണം ടീമിനുള്ളിലെ പ്രശ്‌നങ്ങളാണ്. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ടീമിനെ രണ്ട് തട്ടിലാക്കി. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈയില്‍ തുടരില്ലെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ മുംബൈ രോഹിത്തിനെ നിലനിര്‍ത്തിയതോടെ ടീമിലെ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് വ്യക്തം.
മുംബൈയുടെ പരിശീലകസ്ഥാനത്തേക്ക് മഹേല ജയവര്‍ധന തിരിച്ചെത്തിയതാണ് രോഹിത് ടീമില്‍ തുടരാന്‍ സഹായിച്ചത്. താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജയവര്‍ധനയാണ് ഇടപെട്ടത്. നിലവിലെ മുംബൈയുടെ ടീം അന്തരീക്ഷം പഴയ ചാമ്പ്യന്മാരുടേതാണ്. ഇതും ശക്തമായ തിരിച്ചുവരവിന് മുംബൈയെ സഹായിച്ചേക്കും.