മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലേക്ക് പതിയെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് മുംബൈ ഇന്ത്യന്‍സ്. അവസാന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടാന്‍ മുംബൈക്കായി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച മുംബൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റിന് 162 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 11 പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്.
ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ മുംബൈയുടെ ബൗളര്‍മാര്‍ക്ക് സാധിച്ചതാണ് വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്. ഹൈദരാബാദിനെ ഇതിലും നേരത്തെ പുറത്താക്കാന്‍ സാധിക്കുമായിരുന്നെങ്കിലും മുംബൈ താരങ്ങള്‍ വരുത്തിയത് ഫീല്‍ഡിങ്ങിലെ പിഴവുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിയത്. മുംബൈയുടെ ജയത്തിന് പിന്നാലെ മുന്‍ മുംബൈ താരവും നിലവില്‍ ഹൈദരാബാദ് താരവുമായ ഇഷാന്‍ കിഷന്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.
ഇത്തവണ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് ചില വെല്ലുവിളികള്‍ നടത്തിയിരുന്നു. മുംബൈയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും മുംബൈയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ വലിയ സ്‌കോര്‍ നേടുകയെന്നത് സ്വപ്‌നമാണെന്നുമെല്ലാമാണ് ഇഷാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നിരാശപ്പെടുത്തി പുറത്തായതോടെ വലിയ ട്രോളുകള്‍ നേരിടുകയാണ്.
വന്നതുപോലെ മടങ്ങി ഇഷാന്‍
മുംബൈക്കെതിരേ വലിയ പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇഷാന്‍ കിഷനെത്തിയത്. മൂന്നാം നമ്പറിലിറങ്ങിയ താരം രണ്ട് റണ്‍സാണ് നേടിയത്. വില്‍ ജാക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍റ്റന്‍ സ്റ്റംപ് ചെയ്ത് ഇഷാനെ പുറത്താക്കുകയായിരുന്നു. ഇഷാനെ മുംബൈ കെവിട്ടത് നന്നായെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്രയും നാള്‍ ഒപ്പം കളിച്ചിട്ടും മുംബൈയുടെ പോരാട്ടവീര്യം ഇഷാന് മനസിലായില്ലെന്നാണ് ആരാധകര്‍ ട്രോളുന്നത്. മുംബൈയെ വെല്ലുവിളിച്ച് നേടാന്‍ ഇഷാനായിട്ടില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ഇഷാന്‍ കിഷന്‍ സ്ഥിരതയില്ലാത്തവനാണെന്നും ഇനി ഇന്ത്യന്‍ ടീം കാണില്ലെന്നും ആരാധകര്‍ പറയുന്നു. അഹങ്കാരിയും തന്നിഷ്ടക്കാരനുമാണ് ഇഷാന്‍. വലിയ ഭാവിയുണ്ടായിരുന്നെങ്കിലും മോശം സ്വഭാവം കാരണമാണ് കരിയര്‍ തകര്‍ന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മുംബൈക്കെതിരേ വലിയ സ്‌കോര്‍ നേടുമെന്ന് നേരത്തെ പ്രവചിച്ചത് വലിയ മണ്ടത്തരമായെന്നും വെല്ലുവിളിച്ച് മുംബൈയെ തല്ലിത്തകര്‍ക്കാമെന്നത് സ്വപ്‌നമാണെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

സെഞ്ച്വറിക്ക് ശേഷം ഇഷാന്റെ വെടിതീര്‍ന്നു
മുംബൈ ഇന്ത്യന്‍സ് കോടികള്‍ നല്‍കി ടീമില്‍ നിലനിര്‍ത്തിക്കൊണ്ടിരുന്ന താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ഇതിനോട് നീതികാട്ടുന്ന പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ ഇഷാന്‍ കിഷനെ മുംബൈ കെവിട്ടു. ഹൈദരാബാദിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇഷാന്‍ മുംബൈയോട് പ്രതികാരം വീട്ടി. സെഞ്ച്വറി നേട്ടം ആഘോഷിച്ച് തന്നെ കൈവിട്ട മുംബൈക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇഷാന്‍ ചെയ്തത്.
എന്നാല്‍ ഇതിന് ശേഷം മികച്ചൊരു പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടില്ല. 47 പന്തില്‍ പുറത്താവാതെ 106 റണ്‍സുമായാണ് ഇഷാന്‍ തുടങ്ങിയത്. 0, 2, 2, 17, 9*, 2 എന്നിങ്ങനെയാണ് ഇഷാന്റെ പിന്നീടുള്ള പ്രകടനങ്ങള്‍. എന്തായാലും ഇഷാനെ കൈവിട്ടത് മുംബൈക്ക് ഗുണകരമായെന്ന് തന്നെ പറയാം. ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ ഇഷാന്‍ മുംബൈയിലെ സഹതാരങ്ങളേയും ഉടമകളേയുമെല്ലാം കണ്ട് സൗഹൃദം പുതുക്കിയിരുന്നു.
നിത അംബാനി ഇഷാനെ കൈപിടിച്ച് ആശ്വസിപ്പിച്ചിരുന്നു. സഹതാരങ്ങളുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന താരമാണ് ഇഷാന്‍. എന്നാല്‍ നിലവിലെ സ്ഥിരത വിലയിരുത്തുമ്പോള്‍ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതാന്‍ സാധിക്കില്ല. ഇതേ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ഹൈദരാബാദും തഴയാനാണ് സാധ്യത കൂടുതല്‍.