Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2025: ധോണി കളി നിര്‍ത്തരുത്, സിഎസ്‌കെയ്ക്കായി കളിക്കണം; കാരണങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പായുള്ള മെഗാ താരലേലം വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണം ആരെയൊക്കെ ഒഴിവാക്കണം എന്നതെല്ലാം സംബന്ധിച്ച് തലപുകഞ്ഞ ആലോചനയിലാണ് ടീമുകള്‍. പല സൂപ്പര്‍ താരങ്ങളുടേയും കൂടുമാറ്റം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിലും രാജസ്ഥാനിലും സിഎസ്‌കെയിലുമെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

അടുത്ത സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണി ഉണ്ടാവുമോ ഇല്ലയോ എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. അവസാന സീസണോടെ ധോണി നായകസ്ഥാനമൊഴിഞ്ഞ് റുതുരാജ് ഗെയ്ക് വാദിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരുന്നു. ധോണിയുടെ കാലിനേറ്റ പരിക്കും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ ധോണി അവസാന സീസണോടെ വിരമിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചില്ല.

അടുത്ത സീസണില്‍ ധോണി കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് ധോണിയോ ടീം മാനേജ്‌മെന്റോ ഒന്നും പറയുന്നില്ല. എന്നാല്‍ അടുത്ത സീസണിലും ധോണി സിഎസ്‌കെയ്ക്കായി കളിക്കണം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം റുതുരാജിന് നായകനെന്ന നിലയില്‍ കൂടുതല്‍ പിന്തുണ ആവശ്യമാണ്. മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന റുതുരാജിനെ ധോണിക്ക് പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചെങ്കിലും മികവിലേക്കെത്താനായിട്ടില്ല.

ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജ് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ഇതിന് ധോണിയുടെ സഹായം അത്യാവശ്യമാണ്. ധോണി മാറി നിന്നാല്‍ അടുത്ത സീസണില്‍ ടീമിനെ ഒറ്റക്ക് കൈപിടിച്ചുയര്‍ത്താന്‍ റുതുരാജ് ഗെയ്ക് വാദിനാവില്ല. അതിനുള്ള അനുഭവസമ്പത്തും കരുത്തും റുതുരാജിനില്ല. ഇക്കാരണത്താല്‍ത്തന്നെ ധോണി റുതുരാജിന് കരുത്ത് പകര്‍ന്ന് ടീമില്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. സിഎസ്‌കെ മാനേജ്‌മെന്റും ഇക്കാര്യം ഗൗരവമായിത്തന്നെ പരിഗണിക്കും.

ms dhoni ipl 2025

രണ്ടാമത്തെ കാര്യം അടുത്ത സീസണിന് മുമ്പായി മെഗാ താരലേലം നടക്കുകയാണ്. വലിയ പൊളിച്ചെഴുത്ത് ടീമുകള്‍ക്ക് നടത്തേണ്ടതായി വരും. പുതിയ താരങ്ങള്‍ ടീമിലേക്കെത്തുമ്പോള്‍ ഇവരെയെല്ലാം പരിഗണിച്ച് മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കുകയെന്നത് കടുപ്പമേറിയ ജോലിയാണ്. റുതുരാജിന് ടീമിനെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ തുടക്കത്തിലേ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ധോണിയെപ്പോലൊരു സീനിയര്‍ താരം ടീമിലുണ്ടാവേണ്ടത് അത്യാവശ്യമാണ്.

യുവതാരങ്ങളെ സിഎസ്‌കെയുടെ ശൈലിയിലേക്ക് കൊണ്ടുവരാന്‍ ധോണി കളത്തില്‍ തുടരേണ്ടത് അത്യാവശ്യമാണ്. ധോണിക്ക് ശേഷം വിക്കറ്റിന് പിന്നില്‍ ആരെന്നതും ചോദ്യമാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. എന്നാല്‍ ഇവരെത്തിയാലും സിഎസ്‌കെയുടെ ശൈലിയോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ധോണിയുടെ സേവനം അത്യാവശ്യമാണെന്ന് പറയാം. സിഎസ്‌കെയില്‍ ധോണി തുടരേണ്ടത് മാനസികമായി ടീമിന് കരുത്തേകുന്ന കാര്യമാണ്.

ധോണി ടീമിലുള്ളപ്പോള്‍ സംരക്ഷകനുണ്ടെന്ന തോന്നല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇവരെ സഹായിക്കുന്നു. ധോണിയുടെ അവസാന സീസണിലെ പ്രകടനം മോശമാണെന്ന് പറയാനാവില്ല. വിക്കറ്റിന് പിന്നില്‍ ഇപ്പോഴും ധോണി മിന്നിക്കുകയാണ്. ഫിനിഷര്‍ റോളിലും ധോണി കസറുന്നു. ഐപിഎല്‍ 2023ലെ ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 182.46 ആയിരുന്നു അവസാന സീസണില്‍ അത് 220.55 ആയിരുന്നു.

ധോണിക്ക് ഇപ്പോഴും ഫിനിഷറെന്ന നിലയില്‍ കസറാന്‍ സാധിക്കും. ധോണി ക്രീസില്‍ നില്‍ക്കുന്നത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ധോണി കളിക്കേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. നിര്‍ണ്ണായക സാഹചര്യത്തില്‍ നിന്ന് മത്സരം വിജയ വഴിയിലേക്ക് തിരിക്കാന്‍ ധോണിക്ക് സവിശേഷമായ കഴിവുണ്ട്. ഈ മികവ് സിഎസ്‌കെയ്ക്ക് വളരെയധികം ഗുണം ചെയ്യും. ഇക്കാരണത്താല്‍ത്തന്നെ ധോണി തുടരേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Tuesday, September 3, 2024, 7:35 [IST]
Other articles published on Sep 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+