ബെംഗളൂരു: ഐപിഎല്ലിന്റെ 18ാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആശ്വാസ വിജയം പോലും നേടാന്‍ സാധിക്കാതെ വലയുകയാണ്. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മല്‍സരങ്ങളെങ്കിലും ജയിച്ച് മാനംകാക്കുയന്നെ ലക്ഷ്യത്തോടെ ഇറങ്ങിയ ചെന്നൈക്കു അതു പോലും നേടിയെടുക്കാന്‍ സാധിക്കുന്നില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അവസാന മല്‍സരത്തില്‍ ജയത്തിനരികെ വരെയെത്തിയ ശേഷമാണ് രണ്ടു റണ്‍സിന്റെ തോല്‍വിയിലേക്കു ധോണി വീണത്.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ രണ്ടു റണ്‍സിന്റെ നാടകീയ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഈ തോല്‍വി തീര്‍ച്ചയായും ചെന്നൈയെ ഏറെ നിരാശപ്പെടുത്തും. കാരണം കൈയെത്തുംദൂരത്തു വരെയെത്തിയ ശേഷമാണ് അനായാസം ജയിക്കാമായിരുന്ന മല്‍സരം അവര്‍ നഷ്ടപ്പെടുത്തിയത്. 214 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ടീം അഞ്ചു വിക്കറ്റിനു 211 റണ്‍സെടുത്ത് കീഴടങ്ങുകയായിരുന്നു.
ഈ മല്‍സരത്തില്‍ യഥാര്‍ഥത്തില്‍ സിഎസ്‌കെയുടെ യഥാര്‍ഥ വില്ലന്‍ എംഎസ് ധോണിയാണ്. തന്റെ സുവര്‍ണ കാലത്തിലേതു പോലെ മികച്ച ഫിനിഷുമായി ടീമിന്റെ ഹീറോയാവാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളുകയായിരുന്നു. എങ്ങനെയാണ് സിഎസ്‌കെയെ ധോണി തോല്‍പ്പിച്ചതെന്നു നോക്കാം.

കളി തോല്‍പ്പിച്ച ധോണി
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗൂളരുിനെതിരേ റണ്‍ചേസില്‍ ആറാം നമ്പറിലാണ് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ബാറ്റിങിനായി ക്രീസിലെത്തിയത്. ലുംഗി എന്‍ഗിഡിയെറിഞ്ഞ 17ാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ ഡെവാള്‍ഡ് ബ്രെവിസ് (0) വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ ധോണി ബാറ്റിങിനെത്തുകയായിരുന്നു.
തകര്‍ത്തടിച്ച് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള വമ്പനടിക്കാരനായ ശിവം ദുബെ ടീമിലുണ്ടായിട്ടും അദ്ദേഹത്തെ അയക്കാതെയാണ് ധോണി സ്വയം ആളാവാന്‍ നോക്കിയത്. പക്ഷെ ഇതു ദയനീയമായി പരാജയപ്പെട്ടു.
ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ സാധിക്കുന്നയാളാണ് ദുബെ. പേസ്, സ്പിന്‍ ബൗളിങിനെ അനായാസം അടിച്ചുപറത്താനും കഴിയും. എന്നാല്‍ ധോണിയാവട്ടെ ഇപ്പോള്‍ സ്പിന്നെതിരേ ശരിക്കും പതറുന്ന ബാറ്ററാണ്. എന്നിട്ടും ദുബെയേക്കാള്‍ മുമ്പ് അദ്ദേഹം ബാറ്റിങിനെത്തിയത് വലിയ മണ്ടത്തരം തന്നെയാണ്.
പഴയ ഫിനിഷിങ് മിടുക്കൊന്നും ധോണിക്കു ഇപ്പോഴില്ലെന്നു ഈ മല്‍സരത്തിലെ പ്രകടനം ശരിവയ്ക്കുകയും ചെയ്യുന്നു. ഫോറുകളോ, സിക്‌സറോ നേടി ടീമിനെ ജയത്തിലേക്കു അടുപ്പിക്കാന്‍ ശ്രമിക്കാതെ സിംഗിളുകള്‍ കളിച്ച് ചെന്നൈയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ധോണി ശ്രമിച്ചത്. നേരിട്ട ആദ്യ ബോളില്‍ സിംഗിളെടുത്ത അദ്ദേഹം അടുത്ത മുന്നു ബോളിലും ഓരോ സിംഗിള്‍ മാത്രമാണ് നേടിയത്.
നാലാമത്തെ ബോളില്‍ ധോണി സിക്‌സര്‍ പറത്തിയെങ്കിലും അടുത്ത രണ്ടു ബോളിലും നേടിയത് ഓരോ സിംഗിളുകള്‍ മാത്രം. എട്ടാമത്തെ ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. വെറും 12 റണ്‍സ് മാത്രാണ് ധോണിയുടെ സംഭാവന. യഷ് ദയാലെറിഞ്ഞ 20ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് അദ്ദേഹം മടങ്ങിയത്. അപ്പോള്‍ ചെന്നൈക്കു ജയിക്കാന്‍ മൂന്നു ബോളില്‍ വേണ്ടിയിരുന്നത് 13 റണ്‍സുമായിരുന്നു.
തുടര്‍ന്നു ദുബെ ക്രീസിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറിയിരുന്നു. ആദ്യ ബോളില്‍ അദ്ദേഹം സിക്‌സര്‍ പറത്തിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ധോണിയുടെ സ്ഥാനത്തു ദുബെ കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ചെന്നൈ ജയിക്കേണ്ടിയിരുന്ന മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ ടീമിന്റെ പ്രധാന വില്ലന്‍ അദ്ദേഹമാണെന്നതില്‍ സംശയവുമില്ല.

തെറ്റ് സമ്മതിച്ച് ധോണി
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്കു പിന്നാലെ തെറ്റ് തന്റേതാണെന്നു എംഎസ് ധോണി തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം നേരിട്ട ബോളുകളും ആവശ്യമായ റണ്‍സും നോക്കുമ്പോള്‍ കുറച്ചു കൂടി വലിയ ഷോട്ടുകള്‍ കളിച്ച് സമ്മര്‍ദ്ദം കുറയ്‌ക്കേണ്ടതായിരുന്നു. അതുകൊണ്ടു തന്നെ കുറ്റം ഞാന്‍ ഏറ്റെടുക്കുയാണെന്നാണ് പോസ്റ്റ് മാച്ച് ഷോയില്‍ ധോണി പറഞ്ഞത്.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു തന്നെ നില്‍ക്കുന്ന ചെന്നൈയുടെ ഏറ്റവും മോശം സീസണായി ഇത്തവണത്തേതു മാറിയിരിക്കുകയാണ്. 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു ജയിക്കാനായത് വെറും രണ്ടു കളികളാണ്. ശേഷിച്ച ഒമ്പതു മല്‍സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.