For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ചെന്നൈയുടെ ശരിക്കുള്ള വില്ലന്‍ ധോണി!! അന്ന് ജഡ്ഡുവിന് പണികൊടുത്തു, ഇപ്പോള്‍ റുതുവിന്?

ഐപിഎല്ലിന്റെ 18ാം സീസണില്‍ ആരാധരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു വീണിരിക്കുകയാണ് സിഎസ്‌കെ. രണ്ടു കളിയില്‍ നിന്നും ഓരോ ജയവും തോല്‍വിയുമാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്.

ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ജയിച്ചെങ്കിലും അതൊരു ആധികാരികമായ പ്രകടനമായിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയുമില്ലാത്ത മുംബൈയ്‌ക്കെതിരേ കഷ്ടിച്ചാണ് ചെന്നൈ ജയിച്ചുകയറിയത്. രണ്ടാമത്തെ കളിയിലാവട്ടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിവനോടു 50 റണ്‍സിനു നാണംകെടുകയും ചെയ്തു.

ആര്‍സിബി നല്‍കിയ 197 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെ എട്ടു വിക്കറ്റിന് 146 റണ്‍സ് മാത്രമെടുത്താണ് മല്‍സരം കൈവിട്ടത്. യഥാര്‍ഥത്തില്‍ എന്താണ് ചെന്നൈയുടെ പ്രശ്‌നം? കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കാണാതെയാണ് റുതുരാജ് ഗെയ്ക്വാദ് നയിച്ച ടീം പുറത്തായത്.

ഈ സീസണിലും അവരുടെ പ്രകടനം അത്ര പ്രതീക്ഷ നല്‍കുന്നതല്ല. ചെന്നൈ ടീമിനകത്തെ ശരിക്കുള്ള വില്ലന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിയാണെന്നു പറയേണ്ടി വരും. അദ്ദേഹം കളി മതിയാക്കിയാല്‍ മാത്രമേ സിഎസ്‌കെയ്ക്കു ഇനി രക്ഷയുള്ളൂവെന്നതാണ് സത്യം. ഇതിന്റെ കാരണങ്ങളറിയാം.

DHONI RUTURAJ

അനാവശ്യ ഇടപെടല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കഴിഞ്ഞ സീസണ്‍ മുതല്‍ നയിച്ചുകൊണ്ടിരിക്കുന്നത് റുതുരാജ് ഗെയ്ക്വാദാണെങ്കിലും അദ്ദേഹം ഡമ്മി ക്യാപ്റ്റനാണെന്നാണ് പലരും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. കാരണം റുതുരാജിനേക്കാള്‍ കൂടുതല്‍ കളിയില്‍ ഇടപെടുകയും ബൗളര്‍മാര്‍ക്കു നിര്‍ദേശം നല്‍കുകയും ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ നടത്തുന്നതുമെല്ലാം ധോണിയാണെന്നു കാണാം.

ഇതു തീര്‍ച്ചയായും നല്ലൊരു രീതിയില്ല. ടീമിന്റെ ഔദ്യോഗിക ക്യാപ്റ്റനെന്ന നിലയില്‍ പൂര്‍ണ ഉത്തരവാദിത്വവും അധികാരവുമെല്ലാം റുതുരാജിനാണ്. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ ടീം പൂര്‍ണമായും അദ്ദേഹത്തിന്റെ കീഴില്‍ തന്നെ വരികയും വേണം. പക്ഷെ ധോണിയുള്ളയിടത്തോളം കാലം ഇതു സംഭവിക്കില്ല.

റുതുരാജ് ഇടപെടും മുമ്പ് ധോണി കളിയില്‍ ഇടപെടുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും സ്ഥിരം കാഴ്ചയാണ്. ഇതു അവസാനിപ്പിച്ചേ തീരൂ. അദ്ദഹം ലോകം കണ്ട എക്കാലത്തെയും തന്ത്രശാലിയായ ക്യാപ്റ്റനും മൂന്നു ഐസിസി ട്രോഫികള്‍ നേടിയ ക്യാപ്റ്റനുമാണെന്നത് ശരി തന്നെ. പക്ഷെ നിലവില്‍ സിഎസ്‌കെയില്‍ വിക്കറ്റ് കീപ്പര്‍ റോള്‍ മാത്രമേ ധോണിക്കുള്ളൂ. അതുകൊണ്ടു തന്നെ അദ്ദേഹം അതില്‍ മാത്രം ശ്രദ്ധിക്കുയാണ് വേണ്ടത്. ക്യാപ്റ്റന്‍സി റുതുരാജിനു തന്നെ മുഴുവനായി വിട്ടു നല്‍കണം.

ഇതാദ്യമായല്ല നായകസ്ഥാനമില്ലാതിരുന്നിട്ടും ഗ്രൗണ്ടില്‍ ധോണി ക്യാപ്റ്റന്‍ കളിക്കുന്നത്. നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ സ്ഥിരം ക്യാപ്റ്റനായി വന്നപ്പോഴും സംഭവിച്ചത് ഇതാണ്. കടലാസില്‍ മാത്രമായിരുന്നു ജഡ്ഡു നായകന്‍. കളിക്കളത്തില്‍ തീരുമാനങ്ങളെല്ലാം എടുത്തത് ധോണിയായിരുന്നു.

ഒടുവില്‍ ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ ജഡ്ഡു ക്യാപ്റ്റന്‍സി ഒഴിയുകയും ചുമതല ധോണിയെ തന്നെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ റുതുരാജ് നായകനായി വന്നപ്പോഴും ധോണി ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ റുതുരാജിനു കീഴില്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് പോലും എത്താനായില്ല. ഇത്തവണയും ടീം തപ്പിടയുകയാണ്.

ഇനിയുള്ള മല്‍സരങ്ങളിലും ചെന്നൈ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ റുതുരാജ് ക്യാപ്റ്റന്‍സി ഒഴിഞ്ഞേക്കുകയോ, പുറത്താക്കിയേക്കുകയോ ചെയ്യും. അപ്പോള്‍ ക്യാപ്റ്റന്‍സി ഒരിക്കല്‍ക്കൂടി ധോണിയിലേക്കു വരികയുംചെയ്യും. അദ്ദേഹം ആഗ്രഹിക്കുന്നതും അതു തന്നെയാണോയെന്നു ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

അമിത ഭക്തി അപകടം

എംഎസ് ധോണിയോടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ അമിത ഭക്തി യഥാര്‍ഥത്തില്‍ ടീമിനു ഗുണമല്ല ദോഷമാണ് ചെയ്യുന്നത്. ചെന്നൈ തോറ്റാലും ധോണിയുടെ ഒന്നോ, രണ്ടോ സിക്‌സര്‍ കണ്ടാല്‍ മതിയെന്ന സമീപനമാണ് ചെന്നൈ ടീം ആരാധകര്‍ക്കുള്ളത്. ഈ തരത്തിലുള്ള ആരാധകരുടെ സമീപനം ഒരു ടീമിനും നല്ലതല്ല.

ഒരു താരവും ടീമിനേക്കാള്‍ വലുതാവരുത്. ചെന്നൈയെ അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനെന്ന നിലയില്‍ ധോണി സ്‌നേഹവും ബഹുമാനവുമെല്ലാം അര്‍ഹിക്കുന്നു. പക്ഷെ ടീമിനേക്കാള്‍ മുകളില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നത് മണ്ടത്തരമാണ്.

MS DHONI

ആരാധകരുടെ ഈ ധോണി ഭ്രാന്ത് കാരണം അദ്ദേഹത്തിനു മുമ്പ് ബാറ്റ് ചെയ്യുന്ന താരങ്ങള്‍ പലപ്പോഴും സമ്മര്‍ദ്ദത്തിലാവുന്നു. കാരണം തങ്ങള്‍ എത്രയും വേഗത്തില്‍ പുറത്തായി പകരം ധോണി ബാറ്റിങിന് ഇറങ്ങണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്ന കാര്യം അവരുടെ മനസ്സിലുണ്ടാവും.

ധോണിയുടെ വരവിനായി സ്വന്തം ടീമിലെ താരങ്ങളുടെ പുറത്താവലില്‍ പോലും ആഹ്ലാദം പ്രകടിപ്പിക്കുന്ന ചെന്നൈ ആരാധകരുടെ സമീപനം ഒട്ടും ശരിയല്ലെന്ന് ആരും സമ്മതിക്കും. ധോണി എത്രയും പെട്ടെന്നു വിരമിച്ചാല്‍ മാത്രമേ സിഎസ്എകെ ടീം ഇനി രക്ഷപ്പെടാന്‍ പോവുന്നുള്ളൂവെന്നു ഈ കാരണങ്ങളാല്‍ ഉറപ്പിച്ചു പറയാം.

Story first published: Saturday, March 29, 2025, 11:19 [IST]
Other articles published on Mar 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+