For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: എന്തുകൊണ്ട് ക്യാപ്റ്റനായില്ല? രാഹുലിന്റെ ലക്ഷ്യം അതാണ്! സഞ്ജുവും റിഷഭും സൂക്ഷിച്ചോ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ ഇത്തവണ ടീമുകളില്‍ സംഭവിച്ചിട്ടുണ്ട്. പല ടീമിന്റേയും നായകന്മാര്‍ മാറിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആരാധകര്‍ പ്രതീക്ഷിക്കാത്ത താരങ്ങള്‍ പോലും കൂടുമാറ്റം നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ടീം മാറിയ താരങ്ങളിലൊരാളാണ് കെ എല്‍ രാഹുല്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരുന്ന രാഹുല്‍ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. ഡല്‍ഹി നായകസ്ഥാനത്തേക്ക് രാഹുലിനെ ക്ഷണിച്ചിരുന്നെങ്കിലും ഈ ഓഫര്‍ രാഹുല്‍ നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രാഹുലിന്റെ ലക്ഷ്യം വ്യക്തമാണ്. വെടിക്കെട്ട് പ്രകടനത്തിലൂടെ ഇത്തവണ തന്റെ മികവ് കാട്ടി കൈയടി നേടുകയാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ രാഹുലിന് സീറ്റില്ലെന്ന് നിലവിലെ സാഹചര്യത്തില്‍ പറയാം. രാഹുലിന്റെ മെല്ലെപ്പോക്ക് ശൈലിയില്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ലെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുറച്ചാവും രാഹുല്‍ ഇത്തവണ ഇറങ്ങുകയെന്നുറപ്പ്.

നോട്ടമിടുന്നത് ഇന്ത്യന്‍ ടി20 ടീമിലിടം

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നതാണ് രാഹുലിന്റെ ലക്ഷ്യം. നിലവിലെ മെല്ലെപ്പോക്ക് ശൈലികൊണ്ട് രാഹുലിന് ഇത് സാധ്യമാകില്ല. നായകസ്ഥാനത്തേക്കെത്തുമ്പോള്‍ കടന്നാക്രമിച്ച് കളിക്കുന്നതിന് പരിമിതികളുണ്ട്. നായകന്റെ ഉത്തരവാദിത്തം കാട്ടേണ്ടതിനാല്‍ പലപ്പോഴും നിലയുറപ്പിച്ച് കളിക്കണം. എന്നാല്‍ ഈ പ്രകടനംകൊണ്ട് ഇന്ത്യയുടെ ടി20 ടീമിലേക്കെത്താന്‍ സാധിക്കില്ലെന്നുറപ്പ്.

kl rahul

അതുകൊണ്ടുതന്നെ രാഹുല്‍ ക്യാപ്റ്റന്‍സി വേണ്ടെന്ന് വെച്ച് കടന്നാക്രമിച്ച് കളിക്കാനുള്ള പദ്ധതിയിലാണുള്ളത്. ഇത്തവണ ഡല്‍ഹിയുടെ ഓപ്പണര്‍ റോളില്‍ രാഹുലുണ്ടാവും. നായകനാവുന്നതിന് മുമ്പ് തല്ലിത്തകര്‍ത്തിരുന്ന രാഹുലുണ്ടായിരുന്നു. പവര്‍പ്ലേയില്‍ വെടിക്കെട്ട് കാഴ്ചവെക്കുകയും ക്ലാസിക് ശൈലിയില്‍ വിസ്മയിപ്പിക്കുകയും ചെയ്തിരുന്ന പഴയ രാഹുലിന്റെ തിരിച്ചുവരവ് ഈ സീസണില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. രാഹുലും ഇതിനായുള്ള തയ്യാറെടുപ്പിലാണെന്ന് പറയാം.

സഞ്ജുവും റിഷഭും കരുതിയിരിക്കണം

സഞ്ജു സാംസണിനും റിഷഭ് പന്തിനും നിലവിലെ ഇന്ത്യയുടെ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം ലഭിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ കീപ്പര്‍ മാത്രമല്ല ഓപ്പണറും കൂടിയാണ്. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തിയപ്പോള്‍ സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നിരുന്നു. സഞ്ജു മൂന്ന് സെഞ്ച്വറികളടക്കം നേടിയെങ്കിലും സ്ഥിരതയോടെ കളിക്കുന്നില്ല. റിഷഭ് പന്തിനെ ടി20യിലേക്ക് പിന്തുണക്കാന്‍ ഗംഭീറിന് വലിയ താല്‍പര്യവുമില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സീറ്റില്‍ ഇപ്പോഴും അവസരമുണ്ട്. രാഹുല്‍ ശോഭിച്ചാല്‍ ഗംഭീര്‍ താരത്തിന് മടങ്ങിവരവിന് അവസരം നല്‍കിയേക്കും. പഴയതുപോലെ കടന്നാക്രമിച്ച് കളിക്കാന്‍ രാഹുലിന് സാധിക്കണം. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ രാഹുലിനാവും. സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിക്കാന്‍ കഴിവുണ്ടെന്നതാണ് രാഹുലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എന്തായാലും രാഹുല്‍ ഓപ്പണറായി ശോഭിച്ചാല്‍ സഞ്ജുവിനും റിഷഭിനും കാര്യങ്ങള്‍ കടുപ്പമാവും.

രാഹുല്‍ ഓറഞ്ച് ക്യാപ് നേടുമോ?

കഴിഞ്ഞ കുറച്ച് സീസണുകള്‍ക്ക് മുമ്പ് വരെ റണ്‍വേട്ടക്കാരില്‍ മിക്കപ്പോഴും ടോപ് ത്രീയിലേക്ക് എത്താന്‍ രാഹുലിന് സാധിക്കാറുണ്ട്. എന്നാല്‍ പ്ലേ ഓഫിന് മുമ്പ് രാഹുലിന്റെ ടീം പുറത്താവുന്നതോടെ പലപ്പോഴും താരം പിന്നോട്ട് പോവുന്നതാണ് കാണാനാവുന്നത്. ഇത്തവണ എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച് സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താനും റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനും രാഹുലിന് സാധിക്കേണ്ടതായുണ്ട്. ഇതിന് സാധിച്ചാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിനും സീറ്റ് പ്രതീക്ഷിക്കാം.

Story first published: Sunday, March 16, 2025, 6:45 [IST]
Other articles published on Mar 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+