കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് നാളെ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. കൊല്‍ക്കത്തയിലാണ് സൂപ്പര്‍ പോരാട്ടം നടക്കുന്നത്. ഇത്തവണ ഗ്രൗണ്ടിലെ ആദ്യ മത്സരങ്ങളെല്ലാം വലിയ ആഘോഷമാക്കി മാറ്റാനാണ് ബിസിസി ഐ ആലോചിക്കുന്നത്. ആരാധകരുടെ വലിയ കാത്തിരിപ്പിന് നാളെ അവസാനമാകാന്‍ പോവുകയാണ്.
ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടായിട്ടുണ്ട്. ഇത് ഈ സീസണെ കൂടുതല്‍ ആവേശകരമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐപിഎല്‍ 2025 സീസണിന്റെ ഉദ്ഘാടന മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ മത്സരം മഴ വില്ലനായേക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ മത്സരം ഉപേക്ഷിക്കാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം.
കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ട്
ഐപിഎല്‍ 2025ലെ ആദ്യ മത്സരം നടക്കുന്നത് കൊല്‍ക്കത്തയിലാണ്. മത്സരം നടക്കേണ്ട 22ാം തീയ്യതി കനത്ത മഴയാണ് കൊല്‍ക്കത്തയില്‍ പ്രവചിക്കപ്പെടുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈകീട്ട് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ആദ്യ മത്സരം നടത്താന്‍ സാധിക്കാത്ത അവസ്ഥ വരും. മഴ പെയ്യാതിരിക്കാന്‍ വിരളമായ സാധ്യത പോലും ഇല്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്.
അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ ആദ്യ മത്സരം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. കെകെആര്‍, ആര്‍സിബി സൂപ്പര്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശരാകേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വൈകീട്ട് 7.30നാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് അതി ശക്തമായ മഴയാവുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടതായി വരും.

പോയിന്റ് പങ്കിടേണ്ടി വരും
കെകെആറും ആര്‍സിബിയും വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ പോയിന്റ് പങ്കിടാതെ മറ്റ് വഴികളില്ലെന്ന് തന്നെ പറയാം. മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കാനാണ് സാധ്യത കൂടുതല്‍. മത്സരത്തിന് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ ഓരോ പോയിന്റ് ഇരു ടീമും പങ്കിടും. അങ്ങനെ വരുമ്പോള്‍ കെകെആറിനും ആര്‍സിബിക്കും ആദ്യ മത്സരത്തില്‍ പോരാടാതെ ഓരോ പോയിന്റുകള്‍ ലഭിക്കും.
എന്നാല്‍ ആവേശ പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കാവും നിരാശപ്പെടേണ്ടി വരും. പെട്ടെന്നുണ്ടായ ന്യൂന മര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കെകെആറിനാണ് ഇത് കൂടുതല്‍ തിരിച്ചടിയാവുക. സ്വന്തം തട്ടകത്തില്‍ നിര്‍ണ്ണായകമായ രണ്ട് പോയിന്റുകള്‍ നേടിയെടുക്കാനുള്ള അവസരമാണ് കെകെആറിന് മുന്നിലുള്ളത്. എന്നാല്‍ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കിടേണ്ടി വന്നാല്‍ കെകെആറിനത് വലിയ തിരിച്ചടിയായി മാറിയേക്കും.
കെകെആറിനെ കാത്ത് മറ്റൊരു തിരിച്ചടികൂടി
നേരത്തെ തന്നെ കെകെആറിന്റെ ഒരു ഹോം മത്സരം മാറ്റിയിരുന്നു. ഏപ്രില്‍ 6ന് കൊല്‍ക്കത്തയില്‍ നടക്കേണ്ട ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ കെകെആറിന്റെ മത്സരം മാറ്റിവെച്ചിട്ടുണ്ട്. രാമ നവമിയോട് അനുബന്ധിച്ച് ആഘോഷം നടക്കുന്നതില്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാനാവില്ല. അതുകൊണ്ടാണ് ഈ മത്സരം മാറ്റിയത്. എന്തായാലും നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആദ്യ മത്സരത്തില്‍ ശുഭകരമായി തുടങ്ങാനാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെകെആറിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഉദ്ഘാടന മത്സരത്തില്‍ മഴ മാറി നില്‍ക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.