ഐപിഎല്‍ കിരീടം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും മൂന്നു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇത്തവണ പോര്‍ഭൂമിയിലെത്തുക. കഴിഞ്ഞ എഡിഷനില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് നീണ്ട ഇടവേളയ്ക്കു ശേഷം കെകെആര്‍ വീണ്ടുമൊരു കിരീടത്തില്‍ മുത്തമിട്ടത്.
ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലാണ് കെകെആര്‍ വിജയക്കൊടി പാറിച്ചതെങ്കില്‍ ഇത്തവണ അദ്ദേഹം ടീമില്‍ പോലുമില്ലെന്നതാണ് ഏറ്റവും വലിയ ആശ്ചര്യം. പകരം ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയ്ക്കു കീഴിലാണ് കിരീടം നിലനിര്‍ത്താന്‍ കെകെആര്‍ ഇറങ്ങുക. പക്ഷെ ഈ സീസണില്‍ കിരീടം നിലനിര്‍ത്താന്‍ കെകെആര്‍ ടീമിനു സാധിച്ചേക്കില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

നേതൃനിരയിലെ മാറ്റം
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും വലിയ തിരിച്ചടി ആയേക്കുക നേതൃനിരയില്‍ സംഭവിച്ച മാറ്റമായിരിക്കും. കാരണം കഴിഞ്ഞ സീസണില്‍ ടീമിനെ ചാംപ്യന്മാരാക്കിയിട്ടും ശ്രേയസ് അയ്യരെ നിലനിര്‍ത്താതിരുന്നത് കെകെആര്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം തന്നെയാണ്.
ഐപിഎല്‍ ചാംപ്യന്‍മാരായ ശേഷം തൊട്ടടുത്ത സീസണില്‍ തന്നെ ആ ക്യാപ്റ്റനെ കൈവിടുകയന്നത് മുമ്പൊരു ടീമും ചെയ്തിട്ടില്ലാത്ത കാര്യമാണ്. പക്ഷെ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് മെഗാ ലേലത്തിനുമുമ്പ് ശ്രേയസിനെ അവര്‍ ഒഴിവാക്കിയത്. പകരമെത്തിയ അജിങ്ക്യ രഹാനെ വളരെയധികം അനുഭവസമ്പത്തുള്ള താരമാണെങ്കിലും ക്യാപ്റ്റന്‍സി ശൈലി വ്യത്യസ്തമാണ്.
ശ്രേയസിനെപ്പോലെ അത്രയും അഗ്രസീവായിട്ടുള്ള നായകനല്ല രഹാനെ. മാത്രമല്ല ദീര്‍ഘകാലമായി ഐപിഎല്ലില്‍ ഒരു ടീമിനെയും അദ്ദേഹം നയിക്കുകയും ചെയ്തിട്ടില്ല. നിലവിലെ ഫോം പരിഗിക്കുമ്പോള്‍ പ്ലെയിങ് ഇലവനില്‍ പോലും രഹാനെ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. അങ്ങനെയൊരാളെയാണ് കെകെആര്‍ ഇപ്പോള്‍ നായകന്റെ വലിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.
നിര്‍ണായക താരങ്ങളെ കൈവിട്ടു
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ചില താരങ്ങളെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിട്ടുവെന്നതാണ് ഇത്തവണ തിരിച്ചടിയാവുന്ന രണ്ടാമത്തെ കാരണം. ടീമിന്റെ നായകനും നെടുംതൂണുമായിട്ടുള്ള ശ്രേയസ് അയ്യരെ മാത്രമല്ല, ഓസ്‌ട്രേലിയുയടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓപ്പണറുമായ ഫില്‍ സാള്‍ട്ട് എന്നിവരെയും കെകെആര്‍ ഈ സീസണില്‍ നിലനിര്‍ത്തിയിട്ടില്ല.
സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്നുള്ള ഓപ്പണിങ് ജോടി കഴിഞ്ഞ സീസണില്‍ വലിയ വിജയമായി മാറിയിരുന്നു. ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ ഈ സഖ്യത്തിനു സാധിക്കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 182 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ 435 റണ്‍സാണ് സീസണില്‍ സാള്‍ട്ട് അടിച്ചെടുത്തത്.
സ്റ്റാര്‍ക്ക് ലീഗ് ഘട്ട മല്‍സരങ്ങളുടെ തുടക്കത്തില്‍ അത്ര തിളങ്ങിയില്ലെങ്കിലും പ്ലേഓഫിലും ഫൈനലിലുമടക്കം അവസാന മല്‍സരങ്ങളില്‍ തന്റെ യഥാര്‍ഥ ക്ലാസ് പുറത്തെടുത്തിരുന്നു. ഇത്തവണ സ്റ്റാര്‍ക്കിന്റെ അഭാവം വലിയ മല്‍സരങ്ങളിലായിരിക്കും കെകെആര്‍ ടീം ഏറ്റവുമധികം മിസ് ചെയ്യുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററുടെ റോളിലും ശ്രേയസിനെ കെകെആര്‍ മിസ് ചെയ്യും. മധ്യനിരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും കൊല്‍ക്കത്തയ്ക്കു മുതല്‍ക്കൂട്ടായി മാറുമായിരുന്നു.

പേസ് ബൗളിങിലെ ആശങ്ക
പേസ് ബൗളിങിലെ പ്രശ്‌നങ്ങളാണ് ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു കിരീടം നഷ്ടപ്പെടുത്താന്‍ പോവുന്ന മൂന്നാമത്തെ കാര്യം. മികച്ചൊരു വിദേശ പേസ് ബൗളറുടെ അസാന്നിധ്യം കെകെആര്‍ ടീമിനുണ്ട്. സൗത്താഫ്രിക്കന്‍ ഫാസ്റ്റര്‍ ബൗളര്‍ ആന്‍ട്രിച്ച് നോര്‍ക്കിയയെ പുതുതായി ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും പരിക്കുകളും മോശം ഫോമുമെല്ലാം കാരണം വലയുകയാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ 13ന് മുകളില്‍ ഇക്കോണമി റേറ്റിലാണ് നോര്‍ക്കിയ റണ്‍സ് വാരിക്കോരി നല്‍കിയത്. കൂടാതെ സ്‌പെന്‍സര്‍ ജോണ്‍സന്റെ മുന്‍ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ അതും കെകെആറിനു തലവേദനയാണ്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചുകളിലായിലായിരിക്കും കെകെആറിന്റെ ഈ ദൗര്‍ബല്യം മറനീക്കി പുറത്തു വന്നേക്കുക.