പത്തു വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സമയമെത്തിയിരിക്കുകയാണ്. മികച്ച പ്രകടനങ്ങളുമായി പതിയെ ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇതിനു കടപ്പെട്ടിരിക്കുന്നതാവട്ടെ ടീം ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീര്‍, ടി20 നായകനായ സൂര്യകുമാര്‍ യാദവ് എന്നിവരോടുമാണ്. ഇരുവരും നല്‍കി വരുന്ന പിന്തുണയാണ് സഞ്ജുവിനെ ഇപ്പോള്‍ സ്റ്റാറാക്കി മാറ്റിയിരിക്കുന്നത്.
എന്നാല്‍ ഐപിഎല്‍ കരിയറിലേക്കു വന്നാല്‍ ഒരു മല്‍സരം പോലും കളിക്കാനാവാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ അന്നു ടീമിന്റെ ക്യാപ്റ്റന്‍ ഇതേ ഗംഭീര്‍ തന്നെയായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. 2012ല്‍ ഗംഭീറിനു കീഴില്‍ കെകെആര്‍ കപ്പുയര്‍ത്തിയപ്പോള്‍ സംഘത്തില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിച്ചില്ല.
സീസണിനു ശേഷം ടീം അദ്ദേഹത്തെ നിലനിര്‍ത്തിയതുമില്ല. അതിനു ശേഷമാണ് 2012ല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നത്. ഇതു താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. എന്തുകൊണ്ടാണ് അന്നു സഞ്ജുവിനെ നിലനിര്‍ത്താതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആറിന്റെ മുന്‍ ടീം ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ജോയ് ഭട്ടാചാര്യ.

2009 മുതല്‍ കെകെആറിനൊപ്പം
2012ലെ ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തിലാണ് സഞ്ജു സാംസണിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഔദ്യോഗികമായി സ്വന്തമാക്കിയതെങ്കിലും 2009 മുതല്‍ താരം ടീമിന്റെ കൂടെയുണ്ടെന്നാണ് ജോയ് ഭട്ടാചാര്യ പറയുന്നത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011ല്‍ അല്ല, മറിച്ച് 2009ല്‍ ഞാനാണ് സഞ്ജു സാംസണിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിച്ചത്. ഞങ്ങളുമായി അന്നു അദ്ദേഹം കരാറിലും ഒപ്പുവച്ചിരുന്നു. സഞ്ജുവിനെ ഞാന്‍ കെകെആറിലേക്കു കൊണ്ടു വരാനുള്ള പ്രധാന കാരണം എന്റെ അടുത്ത സുഹൃത്ത് കൂടിയായ ബിജു ജോര്‍ജാണ് (സഞ്ജുവിന്റെ ആദ്യകാല പരിശീലകന്‍). ബിജുവാണ് സഞ്ജുവിനെക്കുറിച്ചു എന്നോടു പറഞ്ഞത്. തുടര്‍ന്നു അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നു ജോയ് ഭട്ടാചാര്യ വെളിപ്പെടുത്തുന്നു.
ഒഴിവാക്കാന്‍ കാരണമെന്ത്?
ഐപിഎല്ലിന്റെ അഞ്ചാം സീസണില്‍ (2012) സഞ്ജു സാംസണ്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഫസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. സീസണിനു ശേഷം കെകെആര്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനമെടുക്കുകയും ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് സഞ്ജുവിനെ അന്നു വേണ്ടെന്നു വച്ചതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ജോയ് ഭട്ടാചാര്യ.
2012ലെ സീസണിനു ശേഷം സഞ്ജു സാസണിനെ ഞങ്ങള്‍ നിലനിര്‍ത്താതിരുന്നത് ഒരേയൊരു കാരണം കൊണ്ടു മാത്രമാണ്. കെകെആറിന്റെ ഫസ്റ്റ് ടീമില്‍ അദ്ദേഹത്തിനു അവസരം നല്‍കാന്‍ സാധിക്കില്ലെന്നതായിരുന്നു ഇതിനു പിന്നില്‍.
കാരണം കെകെആര്‍ ടീമില്‍ അപ്പോള്‍ ഒരുപാട് കളിക്കാരുണ്ടായിരുന്നു. ബിസ്ല (മന്‍വീന്ദര്‍ ബിസ്ല) ടീമിലുണ്ടായിരുന്നു. കൂടാതെ റോബിനും (റോബിന്‍ ഉത്തപ്പ) ടീമിലേക്കു വന്നിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ നിലനിര്‍ത്തിയാലും കളിപ്പിക്കാന്‍ സാധിക്കില്ലെന്നും ഭട്ടാചാര്യ വിശദീകരിച്ചു.
സഞ്ജു പുറത്തിരിക്കേണ്ട താരമല്ല
സഞ്ജു സാംസണ്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ട ഒരു താരമല്ലെന്നു അന്നു ഉത്തമ ബോധ്യമുണ്ടായിരുന്നതായും അതുകൊണ്ടു മാത്രമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വേണ്ടെന്നു വച്ചതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു. 2011, 2012 സീസണുകളിലെല്ലാം സഞ്ജു സാംസണ്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടിയതുമില്ല.
കാരണം വിക്കറ്റ് കീപ്പര്‍മാരായി ബ്രെന്‍ഡന്‍ മക്കെല്ലവും മന്‍വീന്ദര്‍ ബിസ്ലയും അപ്പോള്‍ ഞങ്ങളുടെ സ്‌ക്വാഡിലുണ്ടായിരുന്നു. ചില സമയങ്ങളില്‍ ചിലരെ നമുക്കു വേണ്ടെന്നു വയ്‌ക്കേണ്ടതായി വരും. അവര്‍ക്കു കഴിവില്ലെന്നല്ല അതിന്റെ അര്‍ഥം. മറ്റിടങ്ങളില്‍ പോയി അവര്‍ക്കു കഴിവ് പുറത്തെടുക്കാന്‍ അവസരമൊരുക്കുന്നതിനായി നമുക്ക് അവരെ കൈവിടേണ്ടതായി വരും. സഞ്ജുവിന്റെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും ഭട്ടാചാര്യ വെളിപ്പെടുത്തി.

ശ്രീലങ്കയില്‍ കളിച്ചു
2010ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുകയും അവിടെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തപ്പോള്‍ സഞ്ജു സാംസണിനും അവസരം ലഭിച്ചിരുന്നതായി ജോയ് ഭട്ടാചാര്യ പറയുന്നു. 2010ല്‍ കെകെആറിന്റെ ശ്രീലങ്കന്‍ പര്യടനത്തെക്കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും അറിയാനിടയില്ല. ഒരുപാട് സൗഹൃദ മല്‍സരങ്ങള്‍ ടീം അവിടെ കളിക്കുകയും ചെയ്തു.
അന്നു ടീമിനായി കളിച്ചവരില്‍ സഞ്ജു സാംസണ്‍, മന്‍ദീപ് സിങ് എന്നിവരടക്കമുള്ള താരങ്ങളുണ്ടായിരുന്നു. പാകിസ്താന്റെ ഏഴടിയോളം ഉയരമുള്ള, 145 കിമിക്കു മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന മുഹമ്മദ് ഇര്‍ഫാനും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു.
നെറ്റ്‌സില്‍ പലപ്പോഴും ഇര്‍ഫാനെതിരേ സഞ്ജു ബാറ്റ് ചെയ്തിരുന്നു. അന്നു അവന്റെപ്രായം വെറും 15 വയസ്സാണ്. ഇത്ര ചെറുപ്പത്തില്‍ ഏഴടിയിലേറെ പൊക്കമുള്ള ഒരു ബൗളര്‍ക്കെതിരേ ബാറ്റ് ചെയ്യുകയെന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. സഞ്ജു വളരെ സ്‌പെഷ്യലാണെന്നു അന്നു തന്നെ തോന്നിയതായും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.