ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ കളിച്ച മൂന്നാമത്തെ മല്‍സരത്തിലും വിക്കറ്റുമായി മിന്നിച്ചിരിക്കുകയാണ് മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി അവരുടെ തട്ടകമായ ഏകാന സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
നാലോവറില്‍ 7.8 ഇക്കോണി റേറ്റില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് ലഖ്‌നൗ ഓപ്പണറും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ മിച്ചെല്‍ മാര്‍ഷിനെ (60) വിഘ്‌നേഷ് പുറത്താക്കിയത്. കളിയില്‍ മുംബൈയ്ക്കു ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയതും ഈ മലപ്പുറംകാരന്‍ തന്നെയാണ്.
ഈ കളിയില്‍ വിഘ്‌നേഷ് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വേണ്ടതു പോലെ താരത്തെ ഉപയോഗിച്ചില്ലെന്നു പറയേണ്ടി വരും. കുറേക്കൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇനിയും വിക്കറ്റുകള്‍ വിഘ്‌നേഷിനു ലഭിക്കുമായിരുന്നു. സംഭവിച്ചത് എന്താണൈന്നു നോക്കാം.

വിഘ്‌നേഷിന്റെ പ്രകടനം
പവര്‍പ്ലേയ്ക്കു പിന്നാലെ ആറാമത്തെ ഓവറിലാണ് വിഘ്‌നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാല്‍ദിക് പാണ്ഡ്യ ആദ്യമായി പന്ത് നല്‍കിയത്. ലഖ്‌നൗ അപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതം 69 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 60 റണ്‍സുമായി മിച്ചെല്‍ മാര്‍ഷും ഏഴു റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രവുമായിന്നു അപ്പോള്‍ ക്രീസില്‍.
ബ്രേക്ക്ത്രൂ കണ്ടെത്താന്‍ വിഷമിച്ച മുംബൈയെ രക്ഷിക്കാന്‍ ഒടുവില്‍ വിഘ്‌നേഷ് തന്നെ വേണ്ടിവന്നു. മൂന്നു ഡോട്ട് ബോളുകള്‍ക്കു ശേഷം നാലാമത്തെ ബോളില്‍ മാര്‍ക്രം സിക്‌സര്‍ പറത്തി. അഞ്ചാമത്തെ ബോളില്‍ താരം സിംഗിളെടുത്തു.
എന്നാല്‍ ഓവറിലെ അവസാന ബോളില്‍ മാര്‍ഷിനെ വിഘ്‌നേഷ് പുറത്താക്കി. സ്വന്തം ബൗളിങില്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണിത്. ഈ ഓവറില്‍ ഏഴു റണ്‍സ് മാത്രമേ മലയാളി താരം വഴങ്ങിയുള്ളൂ.
അടുത്ത ഓവറില്‍ മിച്ചെല്‍ സാന്റ്‌നര്‍ വിട്ടുകൊടുത്തത് 12 റണ്‍സാണ്. വിഘ്‌നേഷിനു തുടരെ രണ്ടാം ഓവര്‍ ഹാര്‍ദിക് നല്‍കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒമ്പതാം ഓവര്‍ അദ്ദേഹം സ്വയം ബൗള്‍ ചെയ്യാനെത്തുകയായിരുന്നു.
ആദ്യ ഓവറിലെ അവസാന ബോളില്‍ വിക്കറ്റ് നേടി മികച്ച ആത്മവിശ്വാസത്തില്‍ നില്‍ക്കെയാണ് വിഘ്‌നേഷിനെ ഹാര്‍ദിക് തഴഞ്ഞത്. തീര്‍ച്ചയായും മലയാളി താരം തുടര്‍ച്ചയായ ഓവര്‍ അര്‍ഹിച്ചിരുന്നു. ഒമ്പതാം ഓവറില്‍ ഹാര്‍ദിക് പക്ഷെ മോശമാക്കിയില്ല. നാലു റണ്‍സിനു ഒരു വിക്കറ്റെടുത്തു.
10ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി വിഘ്‌നേഷിനെ മുംബൈ നായകന്‍ തിരികെ വിളിച്ചു. ഒരു സിക്‌സറടക്കം എട്ടു റണ്‍സ് താരം വഴങ്ങി. അടുത്ത ഓവറില്‍ ഹാര്‍ദിക് വീണ്ടും ബൗള്‍ ചെയ്തു. വീണ്ടുമൊരു വിക്കറ്റ് കൂടി വീഴ്ത്തി. 12ാം ഓവറില്‍ വിഘ്‌നേഷിനെ വീണ്ടും മാറ്റിനിര്‍ത്തിയ ഹാര്‍ദിക് മൂന്നാമത്തെ സ്‌പെല്ലിനായി സാന്ററിനെ തിരികെ വിളിച്ചു. എട്ടു റണ്‍സും താരം വഴങ്ങി.

13ാമത്തെ ഓവറില്‍ മൂന്നാം സ്‌പെല്ലിനായി വിഘ്‌നേഷിനെ ഹാര്‍ദിക് വീണ്ടും കൊണ്ടുവന്നു. ഏഴു റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളൂ. പുതുതായി ക്രീസിലെത്തിയ ആയുഷ് ബദോനി റണ്ണെടുക്കാനാവാതെ ശരിക്കും പാടുപെടുന്നതും കാണാമായിരുന്നു.
പക്ഷെ ഈ ഓവര്‍ കഴിഞ്ഞപ്പോള്‍ വിഘ്‌നേഷിനെ ഹാര്‍ദിക് വീണ്ടും ഒതുക്കി. തുടര്‍ച്ചയായനാലാം ഓവര്‍ നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷെ ബദോനിയെ വിഘ്‌നേഷ് മടക്കിയേനെ. പക്ഷെ 17ാം ഓവറിലാണ് അവസാന സ്‌പെല്ലിനായി മലയാളി താരത്തെ ഹാര്‍ദിക് കൊണ്ടുവന്നത്. ഒരു ഫോറടക്കം ഒമ്പതു റണ്‍സ് അദ്ദേഹം വഴങ്ങുകയും ചെയ്തു.
കളിയില്‍ വിഘ്‌നേഷിനു ബൗളിങില്‍ ഒരിക്കലും ഫ്‌ളോ ഒരിക്കലു ലഭിച്ചില്ലെന്നു കാണാം. ഇതു ബൗളിങില്‍ താരത്തിന്റെ പ്രകടനത്തെയും ബാധിച്ചു. ഒഴുക്കോടൈ മൂന്നോവറുകളെങ്കിലും തുടരെ നല്‍കിയിരുന്നെങ്കില്‍ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.