ബംഗളൂരു: ഇന്ത്യന്‍ പ്രീമീയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. സ്വന്തം മൈതാനത്തിലാണ് ആര്‍സിബി അഞ്ച് വിക്കറ്റിന്റെ തോല്‍വി നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 9 വിക്കറ്റിന് 95 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഈ സീസണില്‍ ബംഗളൂരുവിന് പുറത്ത് കളിച്ച മത്സരങ്ങളെല്ലാം ടീം ജയിച്ചിട്ടുണ്ട്.
എന്നാല്‍ തട്ടകത്തില്‍ കളിച്ച മൂന്ന് മത്സരവും ആര്‍സിബിക്ക് തോല്‍വി നേരിടേണ്ടി വന്നിരിക്കുകയാണ്. എല്ലാ ടീമുകള്‍ക്കും ഹോം ഗ്രൗണ്ട് മത്സരമെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ആര്‍സിബിയെ സംബന്ധിച്ച് ഹോം ഗ്രൗണ്ട് മത്സരമെന്നത് പേടി സ്വപ്‌നമാണെന്ന് പറയാം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാന്‍ എതിരാളികള്‍ക്കാണ് കൂടുതല്‍ താല്‍പര്യമെന്ന് പറയാം. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പഞ്ചാബ് കിങ്‌സിനോടാണ് നാണംകെട്ടത്.
ആര്‍സിബി തട്ടകം മാറ്റാതെ കപ്പിലേക്കെത്തില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഹോം ഗ്രൗണ്ട് ചിന്നസ്വാമിയില്‍ നിന്ന് മാറ്റാതെ ടീമിന് ഒരിക്കലും കപ്പിലേക്കെത്താനാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ കാരണവും ആരാധകര്‍ പറയുന്നു.
ചിന്നസ്വാമി ഭാഗ്യമില്ലാത്ത മൈതാനം
ഹോം ടീമിന് യാതൊരു ഭാഗ്യവും നല്‍കാത്ത മൈതാനമാണ് ചിന്നിസ്വാമിയിലേതെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സത്യമാണെന്ന് ചരിത്രം നോക്കിയാല്‍ വ്യക്തമാവും. പ്രധാന മത്സരങ്ങളിലെല്ലാം ആര്‍സിബി ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടേയുള്ളൂ. ചിന്നസ്വാമി സ്‌റ്റേഡിയത്തിലേത് ചെറിയ ബൗണ്ടറിയാണ്. കൂടാതെ സ്വാഭാവികമായും ബാറ്റിങ്ങിന് മുന്‍തൂക്കമുള്ള പിച്ചാണിത്. എല്ലാ തവണയും മികച്ച ബാറ്റിങ് കരുത്തുണ്ടെങ്കിലും സ്വന്തം ഗ്രൗണ്ടില്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുട്ടിടിക്കും.
പഞ്ചാബിനെതിരേ ടിം ഡേവിഡിന്റെ വെടിക്കെട്ട് കൂടി ഇല്ലായിരുന്നെങ്കില്‍ ആര്‍സിബി 50 റണ്‍സ് പോലും നേടില്ലായിരുന്നു. ഫില്‍ സാള്‍ട്ട് (4), വിരാട് കോലി (1), രജത് പാട്ടീധാര്‍ (23), ലിയാം ലിവിങ്സ്റ്റണ്‍ (4), ജിതേഷ് ശര്‍മ (2), ക്രുണാല്‍ പാണ്ഡ്യ (1) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ ഡേവിഡ് പുറത്താവാതെ നിന്നു.
ഇതോടെ 9 വിക്കറ്റിന് 95 റണ്‍സിലേക്കെത്താന്‍ ആര്‍സിബിക്കായി. ആര്‍സിബിയുടെ ഏഴ് വിക്കറ്റ് വെറും 42 റണ്‍സിനാണ് നഷ്ടമായത്. എതിര്‍ തട്ടകങ്ങളില്‍ തകര്‍പ്പന്‍ ജയം നേടുന്ന ആര്‍സിബിക്ക് ഹോം മത്സരം ജയിക്കാനാവാത്തത് വലിയ നാണക്കേടായെന്ന് പറയാം. മഴ പെയ്ത ശേഷം നടന്ന മത്സരത്തില്‍ പിച്ച് ബൗളര്‍മാര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയുടെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു.

രജത് പാട്ടീധാറിനും ടീമിനെ രക്ഷിക്കാനാവുന്നില്ല
നായകസ്ഥാനത്തേക്കെത്തിയ രജത് പാട്ടീധാര്‍ ഇത്തവണ ആര്‍സിബിക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള രജത്തിനും ചിന്നസ്വാമിയില്‍ ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. പഞ്ചാബിനെതിരേ ആര്‍സിബിക്ക് പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയതാണ് തോല്‍വിക്ക് കാരണമായത്. ബൗളര്‍മാര്‍ മോശമല്ലാത്ത പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ പ്രതിരോധിച്ച് നിര്‍ത്താവുന്ന റണ്‍സില്ലായിരുന്നു.
പഞ്ചാബ് ബൗളര്‍മാരുടെ മികവും എടുത്തു പറയേണ്ടതാണ്. മുന്‍ ആര്‍സിബി താരമായ യുസ് വേന്ദ്ര ചഹാല്‍ വിറപ്പിക്കുന്ന ബൗളിങ്ങാണ് പുറത്തെടുത്തത്. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. മാര്‍ക്കോ യാന്‍സന്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. പഞ്ചാബ് ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞത് ആര്‍സിബിക്ക് വലിയ തിരിച്ചടിയായെന്ന് തന്നെ പറയാം.
ആര്‍സിബിക്ക് കിരീടത്തിലേക്കെത്താന്‍ ഹോം ഗ്രൗണ്ടില്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചിന്നസ്വാമിയില്‍ ജയിക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ആര്‍സിബി ഹോം ഗ്രൗണ്ട് മാറ്റുന്നതിനെപ്പറ്റി കാര്യമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.