ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 40ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയം ഡല്‍ഹിക്കായിരുന്നു. അതുകൊണ്ടുതന്നെ ലഖ്‌നൗ ഡല്‍ഹിയോട് പകരം വീട്ടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്‍ഹി-ലഖ്‌നൗ പോരാട്ടം എന്നതിലുപരിയായി ലഖ്‌നൗ മുന്‍ നായകന്‍ കെ എല്‍ രാഹുല്‍ ടീമിനെതിരേ കളിക്കുന്നുവെന്നതാണ് ശ്രദ്ധേയ കാര്യം.
ലഖ്‌നൗ നായകനായിരുന്ന രാഹുല്‍ ഇപ്പോള്‍ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കളിക്കാതിരുന്ന രാഹുല്‍ ലഖ്‌നൗ വിട്ട ശേഷം ടീമിനെതിരേ കളിക്കുന്ന ആദ്യ മത്സരമാണിത്. ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കെയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് രാഹുല്‍ ടീം വിട്ടത്. അതുകൊണ്ടുതന്നെ ഗോയങ്കയുടെ സംഘത്തോട് രാഹുല്‍ ബാറ്റുകൊണ്ട് പകരം വീട്ടുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ലഖ്‌നൗവിനായി ഇപ്പോള്‍ എയ്ഡന്‍ മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ഇതിന് പിന്നാലെ രാഹുലിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. ഇതിനൊരു കാരണമുണ്ട്. ഇത് എന്താണെന്ന് നോക്കാം.
ആദ്യ ഓവര്‍ മെയ്ഡനാക്കില്ല, രാഹുല്‍ കണ്ട് പഠിക്കണം
രാഹുല്‍ ലഖ്‌നൗ വിടാനുണ്ടായ പ്രധാന കാരണം ടീം ഉടമ സഞ്ജീവ് ഗോയങ്കെ രാഹുലിനെ മൈതാനത്ത് വെച്ച് പരസ്യമായി ശകാരിച്ചതാണ്. രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെതിരേ പല തവണ ഗോയങ്കെ സംസാരിച്ചിട്ടുണ്ട്. വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്ന താരമാണ് രാഹുലെന്ന പരോക്ഷ വിമര്‍ശനം ഗോയങ്കെ ഉയര്‍ത്തിയിരുന്നു. രാഹുലിന്റെ ബാറ്റിങ് ശൈലി ഇത്തരത്തിലായിരുന്നുവെന്ന് തന്നെ പറയാം. ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ പലപ്പോഴും ആദ്യ ഓവറുകള്‍ മെയ്ഡനാക്കിയിരുന്നു.
മെല്ലെ തുടങ്ങി പിന്നീട് ആക്രമിക്കുകയായിരുന്നു രാഹുലിന്റെ തന്ത്രം. എന്നാല്‍ ലഖ്‌നൗവിനായി കളിക്കുമ്പോള്‍ പലപ്പോഴും ഈ തന്ത്രം പാളുകയും മോശം സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവുകയും ചെയ്തിരുന്നു. ഇത് ടീമിന്റെ തോല്‍വിക്ക് പല തവണ കാരണമായിട്ടുമുണ്ട്. ഇപ്പോള്‍ ലഖ്‌നൗ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തവെ രാഹുല്‍ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കാതെ ടീമിനായി കളിക്കേണ്ടത് എങ്ങനെയാണെന്ന് രാഹുല്‍ കാണണമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
രാഹുലായിരുന്നെങ്കില്‍ പവര്‍പ്ലേയില്‍ 40 റണ്‍സ് പോലും നേടാന്‍ ടീമിനാവില്ലെന്നും 50ലധികം പവര്‍പ്ലേ സ്‌കോര്‍ രാഹുല്‍ ബാറ്റ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാനാവില്ലെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ശൈലിയെ ഗോയങ്കെയുമായി ഉണ്ടായ ഉടക്കുമായി ചേര്‍ത്തുള്ള ട്രോളുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

രാഹുല്‍ ടീം വിട്ടത് നന്നായി
രാഹുല്‍ ലഖ്‌നൗ വിട്ടത് നന്നായെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ ഓറഞ്ച് ക്യാപ്പ് ലക്ഷ്യമിട്ട് കളിക്കുന്നവനാണ്. ടീമിന്റെ വിജയം രാഹുല്‍ നോക്കാറില്ലെന്നും രാഹുല്‍ ടീം വിട്ടതോടെ ലഖ്‌നൗവിന്റെ പ്രകടനം മാറിയെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒന്നാം വിക്കറ്റില്‍ ലഖ്‌നൗ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒമ്പതിനോടടുത്ത് റണ്‍റേറ്റില്‍ ലഖ്‌നൗ ഓപ്പണര്‍മാര്‍ക്ക് കളിക്കാന്‍ സാധിക്കുന്നുണ്ട്. രാഹുല്‍ ഇപ്പോഴും ടീമിലുണ്ടായിരുന്നെങ്കില്‍ ഇത് സാധിക്കില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
രാഹുല്‍ ഡല്‍ഹിക്കായി മധ്യനിരയിലാണ് കളിക്കുന്നത്. മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം മാറി മാറി രാഹുല്‍ കളിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരതയോടെ വലിയ പ്രകടനം നടത്താന്‍ രാഹുലിന് സാധിക്കുന്നില്ല. ബംഗളൂരുവില്‍ ആര്‍സിബിക്കെതിരേ നടത്തിയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ രാഹുലിന്റെ പ്രകടനം തൃപ്തികരമല്ല. രാഹുല്‍ ലഖ്‌നൗ വിട്ടത് ടീമിന് ഗുണമായെന്നും രാഹുല്‍ തുടര്‍ന്നിരുന്നെങ്കില്‍ ടീമിന് പ്ലേ ഓഫ് പോലും പ്രതീക്ഷിക്കാനാവില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.