അഹമ്മദാബാദ്: മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്ലിലേക്കുള്ള മടങ്ങിവരവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അഗ്രസീവ് ബാറ്റിങിലൂടെ െൈകയടി നേടുകയാണ് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ ഓപ്പണറായെത്തിയ അദ്ദേഹം അഗ്രസീവ് ഇന്നിങ്‌സ് കളിച്ചാണ് ക്രീസ് വിട്ടത്. 18 ബോളില്‍ 31 റണ്‍സ് അടിച്ചെടുക്കാന്‍ കരുണിനു സാധിച്ചു. രണ്ടു വീതം ഫോറും സിക്‌സറും താരത്തിന്റെ ഇന്നിങ്‌ലുണ്ടായിരുന്നു
ഈ സീസണില്‍ കരുണ്‍ കളിച്ച മൂന്നാമത്തെ മല്‍സരം കൂടിയാണിത്. കഴിഞ്ഞ മൂന്നിങ്‌സില്‍ രണ്ടിലും ഇംപാക്ടുണ്ടാക്കാന്‍ കരുണിനായിരുന്നു. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഫോം കാരണം സോഷ്യല്‍ മീഡിയയില്‍ പഴി കേള്‍ക്കുന്നത് ആര്‍സിബി റണ്‍മെഷീനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ്. ഇതിന്റെ കാരണമറിയാം.

എന്തുകൊണ്ട് കോലി വില്ലന്‍?
ഇത്രയും പ്രതിഭാശാലിയായ ബാറ്ററായിട്ടും കരുണ്‍ നായരെ വര്‍ഷങ്ങളോളം ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതു കാരണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നത്.
കരുണ്‍ നായര്‍ ശരിക്കുമൊരു ലോകോത്തര ബാറ്റര്‍ തന്നെയാണ്. ഏതു ഫോര്‍മാറ്റിലും റണ്‍സ് അടിച്ചുകൂട്ടാനുള്ള കഴിവ് തനിക്കുണ്ടെന്നു ഈ ഐപിഎല്ലിലൂടെ അദ്ദേഹം തെളിയിക്കുകയാണ്. ഇത്രയും കഴിവുണ്ടായിട്ടും കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി കരുണ്‍ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. ഇതിനു പ്രധാന കാരണക്കാരന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
വിരാട് കോലി കാരണം കരുണ്‍ നായരെന്ന ഒരു ലോകോത്തര ബാറ്ററെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനു നഷ്ടമായത്. 2017ല്‍ കോലി ഇന്ത്യന്‍ നായകനായിരിക്കെയാണ് കരുണ്‍ പുറത്താക്കപ്പെടുന്നത്. വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിടയടിച്ച ഏക താരമാണ് കരുണ്‍. എന്നാല്‍ അതിനു ശേഷം കുറച്ചു മല്‍സങ്ങളില്‍ അദ്ദേഹം നിറം മങ്ങിയതോടെ ടീമില്‍ നിന്നും കോലി പുറത്താക്കുകയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
ഈ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയുള്ള കരുണ്‍ നായരുടെ ഓരോ ഷോട്ടും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള അടി കൂടിയാണ്്. കാരണം അദ്ദേഹം ദേശീയ ടീമില്‍ നിന്നും തഴയുകയും മതിയായ പിന്തുണ നല്‍കാതിരിക്കുകയും ചെയ്തതു കാരണം 2017നു ശേഷം കരുണ്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരമായിട്ടും അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ പിന്നീട് ലഭിച്ചത് നിരാശാജനകമാണെന്നും ആരാധകര്‍ പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കരുണ്‍ നായരുടെ രണ്ടാം വരവിന്റെ സമയമായിരിക്കുകയാണ്. ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി താന്‍ മാറിക്കഴിഞ്ഞുവെന്നു ഈ ഐപിഎല്ലില്‍ അദ്ദേഹം വീണ്ടും കാണിച്ചു തന്നിരിക്കുകയാണ്. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കവെ ഇംഗ്ലണ്ടുമായുളള അടുത്ത ടെസ്റ്റ് പരമ്പരയില്‍ കരുണ്‍ ഉറപ്പായും ടീമില്‍ വേണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

കരുണിന്റെ പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കരുണ്‍ നായര്‍ കളിച്ചിട്ടുള്ളൂ. മുംബൈ ഇന്ത്യന്‍സുമായുള്ള സീസണിലെ അഞ്ചാമത്തെ മല്‍സരത്തിസാണ് ഇംപാക്ട്ട് സബായി അദ്ദേഹം ആദ്യായി പരീക്ഷിക്കപ്പെട്ടത്.
ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമടങ്ങുന്ന മുംബൈയുടെ ലോകോത്തര ബൗളര്‍മാരെ പഞ്ഞിക്കിട്ട കരുണ്‍ അഗ്രസീവ് ഫിഫ്റ്റിയുമായി കൈയടി നേടി. വെറും 40 ബോളില്‍ 12 ഫോറും അഞ്ചു സിക്‌സറുമടക്കം താരം വാരിക്കൂട്ടിയത് 89 റണ്‍സാണ്.
അടുത്ത കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നിര്‍ഭാഗ്യകരമായ രീതിയില്‍ കരുണിനു പുറത്താവേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ജിടിക്കെതിരേ തീപ്പൊരി ഇന്നിങ്‌സുമായി അദ്ദേഹം തിരിച്ചുവന്നിരിക്കുകയാണ്.