ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സിഎസ്‌കെയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നാണംകെട്ട പ്രകടനത്തോടെ സിഎസ്‌കെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ തൊട്ടതെല്ലാം സിഎസ്‌കെയ്ക്ക് പിഴച്ചിരിക്കുകയാണ്. ടെസ്റ്റ് ശൈലിയില്‍ ബാറ്റു ചെയ്ത സിഎസ്‌കെ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.
നായകന്‍ റുതുരാജ് ഗെയ്ക് വാദ് പരിക്കേറ്റ് പുറത്തായതോടെ എംഎസ് ധോണിക്ക് കീഴിലാണ് സിഎസ്‌കെ ഇറങ്ങിയത്. ധോണി ക്യാപ്റ്റനാവുന്നതോടെ സിഎസ്‌കെ രക്ഷപെടുമെന്നാണ് കരുതിയതെങ്കിലും കൂട്ടത്തകര്‍ച്ചയിലേക്ക് ടീം വീഴുകയായിരുന്നു. ഇപ്പോഴിതാ സിഎസ്‌കെയുടെ തകര്‍ച്ചക്ക് പിന്നാലെ എംഎസ് ധോണിയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ധോണി ടീം വിടാതെ സിഎസ്‌കെ രക്ഷപെടില്ലെന്നും സ്വന്തം വിലകളയുകയാണ് ധോണിയെന്നുമാണ് ആരാധകര്‍ പറയുന്നത്.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെക്കൊണ്ട് ടി20 കളിക്കുന്നു
സിഎസ്‌കെ ഓപ്പണര്‍മാരുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് സിഎസ്‌കെയുടെ ശാപം. പവര്‍പ്ലേയില്‍ സിഎസ്‌കെ മെല്ലെപ്പോക്ക് നടത്തുന്നതാണ് ടീമിനെ തളര്‍ത്തുന്നത്. ഓപ്പണര്‍ രചിന്‍ രവീന്ദ്ര 9 പന്തില്‍ നാല് റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ഓപ്പണറായ ഡെവോണ്‍ കോണ്‍വേ 11 പന്തില്‍ നേടിയത് 12 റണ്‍സാണ്. മൂന്നാം നമ്പറിലേക്ക് രാഹുല്‍ ത്രിപാഠിയെ തിരികെ കൊണ്ടുവന്ന തീരുമാനം പാളി. 22 പന്ത് നേരിട്ട് 16 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.
ഇംപാക്ട് പ്ലയറായി മോശം ഫോമിലുള്ള ദീപക് ഹൂഡയെയാണ് സിഎസ്‌കെ കളിപ്പിച്ചത്. അക്കൗണ്ട് തുറക്കും മുമ്പ് ഹൂഡ പുറത്തായി. ടെസ്റ്റ് ശൈലി മാറ്റാതെ സിഎസ്‌കെ രക്ഷപെടില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ആരും ധൈര്യം കാട്ടുന്നില്ല. ഇത് ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നു. സിഎസ്‌കെയുടെ തന്ത്രം പഴകിത്തേഞ്ഞതാണ്. 43കാരനായ ധോണിയില്‍ നിന്ന് വീണ്ടും അത്ഭുതം പ്രതീക്ഷിക്കുന്നത് ലോക മണ്ടത്തരമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സാം കറെനയും ഓവര്‍ട്ടനേയും തഴയുന്നു
സിഎസ്‌കെ താരങ്ങളെ പരിഗണിക്കുന്നതില്‍ പിഴക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സാം കറെനെ സിഎസ്‌കെ ഉപയോഗിക്കുന്നില്ല. മാച്ച് വിന്നറായ ഓള്‍റൗണ്ടറാണ് കറെന്‍. നിലവിലെ സിഎസ്‌കെ ഓള്‍റൗണ്ടര്‍മാരെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കറെന് കഴിവുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് താരത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. ചെന്നൈയിലെ സ്ലോ പിച്ചില്‍ മികവ് കാട്ടാന്‍ കറെന് കഴിവുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. ജാമി ഓവര്‍ട്ടനും ഇത്തരത്തില്‍ ഇംപാക്ട് സൃഷ്ടിക്കുന്നവനാണ്. എന്നാല്‍ അവസരം ലഭിക്കുന്നില്ല.
സിഎസ്‌കെ ഫോമില്ലാത്ത താരങ്ങളില്‍ നിന്ന് വീണ്ടും അത്ഭുതം പ്രതീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു. സ്പിന്‍ പിച്ചൊരുക്കി സ്വയം കുഴിതോണ്ടുകയാണ് സിഎസ്‌കെ. ഒരു താരം പോലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ക്ക് പഴയ വീര്യമില്ല. എന്നിട്ടും ഇവരെ ടീം അമിതമായി വിശ്വസിക്കുന്നു. ബാറ്റിങ് ഓഡറില്‍ ധോണി വീണ്ടും പിന്നോട്ടിറങ്ങുകയാണ്. ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ധോണിയെ കളിപ്പിക്കുന്നത് ടീമിന് ബാധ്യതയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
റുതുരാജിന് പകരം വെടിക്കെട്ട് താരത്തെ കൊണ്ടുവരൂ
പരിക്കേറ്റ റുതുരാജ് ഗെയ്ക് വാദിന് ഈ സീസണ്‍ നഷ്ടമാകുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ പകരക്കാരനായി വെടിക്കെട്ട് ശൈലിയില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരത്തെ സിഎസ്‌കെ കൊണ്ടുവരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇത്തവണ ആര്‍ക്കും വേണ്ടാത്ത പൃഥ്വി ഷായെ സിഎസ്‌കെ റുതുരാജിന്റെ പകരക്കാരനാക്കണം. ടി20 ശൈലിയില്‍ കളിക്കാന്‍ ശേഷിയുള്ള ആരും സിഎസ്‌കെ നിരയിലില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.