അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ റണ്‍മല തീര്‍ത്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റിന് 243 റണ്‍സാണ് അടിച്ചെടുത്തത്. പഞ്ചാബ് കിങ്‌സിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ മിന്നും പ്രകടനമാണ് ശ്രേയസ് നടത്തിയിരിക്കുന്നത്. 42 പന്ത് നേരിട്ട് പുറത്താവാതെ 97 റണ്‍സാണ് ശ്രേയസ് നേടിയത്. അഞ്ച് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസിന്റെ വെടിക്കെട്ട്. 230.95 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ ശ്രേയസ് അയ്യര്‍ക്ക് സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയി.
മൂന്ന് റണ്‍സകലെ സെഞ്ച്വറി ഉണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ക്ക് സ്‌ട്രൈക്ക് കൈമാറാതെ ശശാങ്ക് സിങ് തല്ലിത്തകര്‍ക്കുകയായിരുന്നു. പഞ്ചാബ് മികച്ച ടോട്ടലിലേക്കെത്തിയെങ്കിലും ശ്രേയസിന് സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കാതെ പോയത് ടീമിന് അല്‍പ്പം നിരാശയുണ്ടാക്കുന്ന കാര്യമായിരുന്നു. ഒരു പന്തെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ശ്രേയസ് സെഞ്ച്വറിയിലേക്കെത്താന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം പോലും ശശാങ്ക് നല്‍കിയില്ല.
16 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 44 റണ്‍സോടെ ശശാങ്ക് സിങ് പുറത്താവാതെ നില്‍ക്കുകയായിരുന്നു. ശ്രേയസിന് സെഞ്ച്വറി നേടാന്‍ എന്തുകൊണ്ടാണ് ശശാങ്ക് അവസരം നല്‍കാതിരുന്നതെന്നത് പ്രസക്തമായ ചോദ്യമാണ്. ആദ്യത്തെ ബാറ്റിങ്ങിന് ശേഷം ശശാങ്ക് ഇതിന് ഉത്തരം നല്‍കിയിട്ടുണ്ട്.
സെഞ്ച്വറിക്കായി സ്‌ട്രൈക്ക് വേണ്ടന്ന് ശ്രേയസ്
മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ പതിവിലും കൂടുതല്‍ ആക്രമണോത്സകതയോടെയാണ് കളിച്ചത്. അതുകൊണ്ടുതന്നെ ഡെത്തോവറായപ്പോഴേക്കും ശ്രേയസ് അല്‍പ്പം തളര്‍ന്നിരുന്നുവെന്ന് തന്നെ പറയാം. ഈ സാഹചര്യത്തില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ശശാങ്കിനോട് അതിവേഗം റണ്‍സുയര്‍ത്തി മികച്ച ടോട്ടലിലേക്ക് ടീമിനെ എത്തിക്കാനാണ് ശ്രേയസ് ആവശ്യപ്പെട്ടത്. സ്വന്തം നേട്ടങ്ങളെക്കാള്‍ ടീമിനാണ് ശ്രേയസ് പ്രാധാന്യം നല്‍കിയതെന്ന് പറയാം.
'എന്റെ സെഞ്ച്വറിയിലേക്ക് നോക്കേണ്ട. ആദ്യ പന്ത് മുതല്‍ നിന്റെ ഷോട്ട് കളിക്കൂ. ഞാന്‍ അതില്‍ സന്തോഷവാനാണ്' എന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞതെന്നാണ് ശശാങ്ക് ബാറ്റിങ്ങിന് ശേഷം പറഞ്ഞത്. ശശാങ്ക് തല്ലിത്തകര്‍ക്കുമ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ മികച്ച പിന്തുണയാണ് ശ്രേയസ് നല്‍കിയത്. സെഞ്ച്വറിക്കായി ഒരു സിംഗിള്‍ പോലും ശ്രേയസ് ആവശ്യപ്പെട്ടില്ല. മികച്ച ടീം സ്‌കോര്‍ മാത്രമായിരുന്നു താരം ലക്ഷ്യമിട്ടത്. നായകനെന്ന നിലയില്‍ എല്ലാവര്‍ക്കും വലിയ മാതൃകയാകുന്ന തീരുമാനമാണ് ശ്രേയസിന്റേതെന്ന് പറയാം.
അരങ്ങേറ്റത്തില്‍ ശ്രേയസ് പതിവ് തെറ്റിച്ചില്ല
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ കാട്ടാറുള്ള പതിവ് ഇത്തവണയും ശ്രേയസ് തെറ്റിച്ചില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകനായുള്ള അരങ്ങേറ്റത്തില്‍ 40 പന്തില്‍ പുറത്താവാതെ 93 റണ്‍സാണ് ശ്രേയസ് നേടിയത്. കെകെആറിനൊപ്പമുള്ള മത്സരത്തില്‍ 20 റണ്‍സോടെ പുറത്താവാതെ നിന്നു. ഇപ്പോഴിതാ പഞ്ചാബിന്റെ നായക വേഷത്തിലെ ആദ്യ മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സും നേടിയിരിക്കുകയാണ്. ശ്രേയസിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് ഇപ്പോഴെന്ന് പറയാം.

ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ശ്രേയസിന് ബിസിസി ഐ കരാര്‍ നഷ്ടമായി. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിയ ശ്രേയസ് കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്കുമെത്തിച്ചു. അവസാന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടോപ് സ്‌കോററായി ശ്രേയസുണ്ടായിരുന്നു. ഇപ്പോള്‍ ബിസിസി ഐ കരാറിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് കിങ്‌സിലേക്ക് റെക്കോഡ് തുകയ്‌ക്കെത്തിയ ശ്രേയസ് ആദ്യ മത്സരം തന്നെ ഗംഭീരമാക്കുകയും ചെയ്തു.
ശശാങ്കിനെ വിമര്‍ശിക്കുകയല്ല, ചേര്‍ത്ത് പിടിക്കണം
ശ്രേയസ് അയ്യരുടെ സെഞ്ച്വറി തടഞ്ഞെങ്കിലും ടീമിനായി മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനമാണ് ശശാങ്ക് നടത്തിയത്. ഡെത്തോവറില്‍ ഇത്രയും വേഗം റണ്‍സുയര്‍ത്തുക പ്രയാസമാണ്. എന്നാല്‍ ശശാങ്കിന് ഇത് സാധിച്ചു. യുവ ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയും കൈയടി അര്‍ഹിക്കുന്നു. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ ആറ് സിക്‌സര്‍ നേടിയ താരമാണ് പ്രിയന്‍ഷ്. ഐപിഎല്ലിലേക്കുള്ള വരവില്‍ താരം മോശമാക്കിയില്ല. 23 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 47 റണ്‍സ് നേടിയാണ് പ്രിയന്‍ഷ് മടങ്ങിയത്. വരുന്ന മത്സരങ്ങളില്‍ ടീമിന് വലിയ പ്രതീക്ഷയായി പ്രിയന്‍ഷ് മാറുകയാണ്.