For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 18ന് 2 വിക്കറ്റ്, എന്നിട്ടും എന്തുകൊണ്ട് ബിഷ്‌നോയ്ക്ക് 4ാം ഓവറില്ല? കാരണം പറഞ്ഞ് റിഷഭ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ സിഎസ്‌കെ തകര്‍ത്തുവിട്ടിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ അഞ്ച് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ലഖ്‌നൗവിന് നേരിടേണ്ടി വന്നിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 166 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്തുകള്‍ ബാക്കിയാക്കി അഞ്ച് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. റണ്‍സ് പ്രതിരോധിക്കാന്‍ മികച്ച ബൗളിങ് പ്രകടനം നടത്താന്‍ ലഖ്‌നൗവിന് സാധിച്ചിരുന്നു.

എന്നാല്‍ എംഎസ് ധോണിയുടേയും ശിവം ദുബെയുടേയും പ്രകടനം ലഖ്‌നൗവിന്റെ വെല്ലുവിളി മറികടക്കാന്‍ സിഎസ്‌കെയെ സഹായിക്കുകയായിരുന്നു. ശിവം ദുബെ 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സോടെയാണ് ദുബെ പുറത്താവാതെ നിന്നത്. എംഎസ് ധോണി 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സോടെ ക്രീസില്‍ തുടര്‍ന്ന് സിഎസ്‌കെയെ ജയിപ്പിക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ബൗളര്‍മാരെ ഉപയോഗിച്ചതിലെ പിഴവും സിഎസ്‌കെയുടെ ജയത്തിന് കരുത്തായി മാറിയിട്ടുണ്ട്.

ഇതില്‍ ഏറ്റവും വലിയ പിഴവായി ഉയര്‍ത്തിക്കാട്ടിയത് രവി ബിഷ്‌നോയ്ക്ക് നാല് ഓവര്‍ പന്തെറിയാനുള്ള അവസരം നല്‍കാതിരുന്നതാണ്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ബിഷ്‌നോയ് നേടിയത്. നല്ല ടേണുള്ള പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കവും ലഭിച്ചിരുന്നു. എന്നിട്ടും ധോണി ക്രീസില്‍ നില്‍ക്കവെ ബിഷ്‌നോയിയെ റിഷഭ് ഉപയോഗിച്ചില്ലെന്ന ആക്ഷേപമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കം റിഷഭ് നടത്താന്‍ ഒരു കാരണമുണ്ട്. ഇത് എന്താണെന്ന് പരിശോധിക്കാം.

സ്പിന്നിനെ ഉപയോഗിക്കാത്തത് ദുബയെ ഭയന്നിട്ട്

എംഎസ് ധോണിക്കെതിരേ സ്പിന്നിനെ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പിച്ചില്‍ ഭേദപ്പെട്ട ടേണുമുള്ളതിനാല്‍ ധോണി പ്രയാസപ്പെടാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ സ്പിന്നിനെ റിഷഭ് ഉപയോഗിക്കാത്തതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. കാരണം ധോണിക്കൊപ്പം കളത്തിലുണ്ടായിരുന്നത് ശിവം ദുബെയാണ്. സ്പിന്നിനെ നന്നായി പ്രഹരിച്ച് കളിക്കുന്ന താരമാണ് ദുബെ. ഭേദപ്പെട്ട ഫോമോടെയാണ് താരം ക്രീസില്‍ തുടര്‍ന്നത്.

ഈ അവസരത്തില്‍ രവി ബിഷ്‌നോയ്ക്ക് നാലാം ഓവര്‍ നല്‍കാതിരുന്നതാണ് നല്ലത്. ദുബെ സ്പിന്നിനെ കടന്നാക്രമിക്കുന്നവനാണ്. അതുകൊണ്ട് തന്നെ ബിഷ്‌നോയ് എത്തിയിരുന്നെങ്കില്‍ ആ ഓവറില്‍ത്തന്നെ ദുബെ സിഎസ്‌കെയുടെ വിജയം ഉറപ്പിക്കുമായിരുന്നു.

ms dhoni rishabh pant

ഇത് സംഭവിക്കാതിരിക്കാനാണ് റിഷഭ് പന്ത് ബിഷ്‌നോയിയെ തഴഞ്ഞ് പകരം ശാര്‍ദ്ദുല്‍ ഠാക്കൂറിനേയും ആവേശ് ഖാനേയും അവസാന ഓവറുകളില്‍ പരിഗണിച്ചത്. ഇതിനെ തെറ്റാണെന്ന് പറയാനാവില്ല. ധോണിയുടെ വിക്കറ്റ് അവസരം ലഭിച്ചിരുന്നെങ്കിലും രവി ബിഷ്‌നോയ് ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.

അത് നായകന്റെ തീരുമാനമാണെന്ന് ബിഷ്‌നോയ്

രവി ബിഷ്‌നോയ്ക്ക് നാലാം ഓവര്‍ നല്‍കാത്തതിനെതിരേ വിമര്‍ശനം ശക്തമായി ഉയരുകയാണ്. റിഷഭിന്റെ ഈ തീരുമാനം കളി തോല്‍ക്കാന്‍ കാരണമായെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. എന്നാല്‍ ഇതൊക്കെ മത്സരത്തില്‍ സ്വാഭാവികമാണെന്നും തന്റെ ഓവറിനെക്കുറിച്ച് റിഷഭിനോട് ചോദിച്ചില്ലെന്നുമാണ് ബിഷ്‌നോയ് മത്സരശേഷം പറഞ്ഞത്. 'ഞാന്‍ ഇതിനെക്കുറിച്ച് റിഷഭിനോട് സംസാരിച്ചതേയില്ല. എന്നാല്‍ ഞാന്‍ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. നായകന് മറ്റൊരു പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ നായകന്റെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. അവന്‍ കാര്യങ്ങളെ കൂടുതല്‍ നന്നായി മനസിലാക്കുന്നു. എന്നെ സംബന്ധിച്ച് നായകന് യുക്തമെന്ന് തോന്നുന്ന തീരുമാനമാണ് ആ അവസരത്തില്‍ എടുത്തത്. റിഷഭ് പന്തും ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞു. 'ബിഷ്‌നോയ്ക്ക് പന്ത് കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. എന്നാല്‍ മറ്റ് താരങ്ങളുമായുള്ള ചര്‍ച്ചയില്‍ നാലാം ഓവര്‍ ആ സമയത്ത് നല്‍കേണ്ടെന്നാണ് തീരുമാനിച്ചത്. മത്സരം കഴിയുന്നിടത്തോളം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിച്ചു. അതാണ് മത്സരത്തില്‍ സംഭവിച്ചത്' റിഷഭ് പറഞ്ഞു.

12 പന്തില്‍ 24 റണ്‍സ് സിഎസ്‌കെയ്ക്ക് ജയിക്കാന്‍ വേണ്ട സമയത്ത് ശിവം ദുബേയും എംസ് ധോണിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിഷ്‌നോയ്ക്ക് പന്ത് നല്‍കിയിരുന്നെങ്കില്‍ സിഎസ്‌കെ ഇതേ ഓവറില്‍ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ റിഷഭിന്റെ തീരുമാനം തെറ്റാണെന്ന് പറയാനാവില്ല.

Story first published: Tuesday, April 15, 2025, 8:53 [IST]
Other articles published on Apr 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+