For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇതെന്ത് ക്യാപ്റ്റന്‍സി? സിഎസ്‌കെയുടെ വില്ലന്‍ ധോണി! ഈ പിഴവുകള്‍ തോല്‍പ്പിച്ചു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രണ്ടാം എല്‍ക്ലാസിക്കോയില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. സീസണിലെ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈയെ സിഎസ്‌കെ തോല്‍പ്പിച്ചിരുന്നു. ഇതിന് പലിശയടക്കം പകരം വീട്ടുന്ന ജയമാണ് മുംബൈ നേടിയെടുത്തത്. ഒമ്പത് വിക്കറ്റിനാണ് തട്ടകത്തില്‍ മുംബൈ ജയം നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റിന് 176 റണ്‍സാണ് നേടാനായത്.

മറുപടിക്കിറങ്ങിയ മുംബൈ 26 പന്തും ഒമ്പത് വിക്കറ്റും ബാക്കിയാക്കിയാണ് ജയിച്ചത്. രോഹിത് ശര്‍മയുടേയും (76*) സൂര്യകുമാര്‍ യാദവിന്റേയും (68*) ബാറ്റിങ് പ്രകടനമാണ് മുംബൈക്ക് അനായാസ ജയമൊരുക്കിയത്. സിഎസ്‌കെയുടെ ദയനീയ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം നായകന്‍ എംഎസ് ധോണിയുടെ പിഴവുകളാണെന്ന് പറയാം. ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് സംഭവിച്ച പിഴവുകള്‍ എങ്ങനെയാണ് മുംബൈക്ക് ഗുണകരമായതെന്ന് പരിശോധിക്കാം.

പതിരാന ഡെത്തോവറിലേക്ക് മാത്രമോ?

മുംബൈ ഇന്ത്യന്‍സിനെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്കായില്ല. സ്പിന്‍ കരുത്തിലാണ് സിഎസ്‌കെ വിശ്വസിച്ചത്. ന്യൂബോളില്‍ ഖലീല്‍ അഹമ്മദിനൊപ്പം ജാമി ഓവര്‍ട്ടനെ വിശ്വസിച്ച സിഎസ്‌കെ മതീഷ പതിരാനയെ കൊണ്ടുവന്നത് 14ാം ഓവറിലാണ്. 13 ഓവറില്‍ 127 റണ്‍സ് നേടി മുംബൈ അടിത്തറ പാകിയ ശേഷമാണ് സിഎസ്‌കെ പതിരാനയെ പരീക്ഷിക്കുന്നത്. ടീമിന്റെ പ്രധാന പേസറെ കൊണ്ടുവന്ന് കൂട്ടുകെട്ട് പൊളിക്കാന്‍ ധോണി ശ്രമിക്കാതിരുന്നത് മണ്ടത്തരമായെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അതിവേഗത്തിലാണ് റണ്‍സുയര്‍ത്തിയത്. മൂന്നാം നമ്പറിലെത്തിയ സൂര്യകുമാര്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ചാണ് കളിച്ചത്. ഈ കൂട്ടുകെട്ടിനെ വളരാന്‍ അനുവദിക്കാതെ തുടക്കത്തിലേ തകര്‍ക്കാന്‍ പതിരാനയെ ഉപയോഗിക്കണമായിരുന്നു. ഇരുവരും ഏറെ നേരം ക്രീസില്‍ തുടര്‍ന്ന് ഫോമിലേക്കെത്തിയ ശേഷം പതിരാനയെ കൊണ്ടുവന്നിട്ട് എന്താണ് കാര്യം. ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റാണ് പതിരാന.

ms dhoni riyan rickelton

എന്നാല്‍ നിര്‍ണ്ണായക കൂട്ടുകെട്ട് പൊളിച്ച് ടീമിനെ വിജയത്തിലേക്ക് കൊണ്ടുവരാന്‍ പതിരാനയെ ഉപയോഗിച്ച് ശ്രമിക്കാതിരുന്നത് നായകന്റെ പിഴവാണ്. സൂര്യയും രോഹിത്തും മികച്ച റെക്കോഡുള്ള സീനിയര്‍ താരങ്ങളാണ്. ഇവര്‍ ഫോമിലേക്കെത്തിയ ശേഷം പതിരാനയെ ഉപയോഗിച്ചിട്ടും വലിയ കാര്യമില്ലെന്നും തുടക്കത്തിലേ കൂട്ടുകെട്ട് പൊളിക്കാന്‍ സ്റ്റാര്‍ പേസറെ ഉപയോഗിക്കാത്തത് ധോണിയുടെ പിഴവാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

റിവ്യു എടുക്കാനും തയ്യാറായില്ല

ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സിഎസ്‌കെയ്ക്ക് അവസരം ലഭിച്ചു. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ റിയാന്‍ റിക്കില്‍ട്ടണിന്റെ വിക്കറ്റ് ലഭിച്ചതാണ്. എല്‍ബിയില്‍ കുടുങ്ങിയെങ്കിലും കാര്യമായി അപ്പീല്‍ ചെയ്യാന്‍ ബൗളറായ ഖലീല്‍ അഹമ്മദ് തയ്യാറായില്ല. എന്നാല്‍ വിക്കറ്റ് കീപ്പറും നായകനുമായ ധോണിക്ക് പന്തിന്റെ ദിശ മനസിലാക്കാനാവാതെ പോയത് വലിയ പിഴവായി. ഇതോടെ സിഎസ്‌കെ റിവ്യൂ ചെയ്യാന്‍ തയ്യാറായില്ല.

10 റണ്‍സില്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ലഭിച്ച അവസരം സിഎസ്‌കെ പാഴാക്കിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 63 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. സിഎസ്‌കെ ഫീല്‍ഡര്‍മാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ധോണി പൊതുവേ റിവ്യൂ എടുക്കുന്നതില്‍ അധികം പിഴവ് വരുത്താത്ത താരമാണ്. എന്നാല്‍ മുംബൈക്കെതിരേ വൈഡ് റിവ്യൂ ചെയ്യുന്നതിലടക്കം ധോണിക്ക് തെറ്റ് പറ്റി.

mi vs csk ipl 2025

പിഴവ് സംഭവിച്ചത് ബാറ്റിങ്ങിലെന്ന് ധോണി

മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്കായില്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മുംബൈ ബാറ്റിങ് നിര അനായാസം വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ടീമിന്റെ തോല്‍വിക്ക് പിന്നാലെ ബാറ്റിങ് നിരയെയാണ് ധോണി പഴിച്ചത്. മുംബൈയില്‍ ഈ സ്‌കോര്‍ മതിയാകില്ലെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞ് വീഴ്ച്ചയുടെ മുന്‍തൂക്കമുണ്ട്. ജസ്പ്രീത് ബുംറയെപ്പോലെ സൂപ്പര്‍ ബൗളര്‍ ഡെത്തോവറില്‍ മുംബൈക്കുണ്ട്. അതുകൊണ്ടുതന്നെ പവര്‍പ്ലേ പരമാവധി മുതലാക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും ധോണി പറഞ്ഞു.

Story first published: Sunday, April 20, 2025, 23:24 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+