ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ പല സര്‍പ്രൈസ് കൂടുമാറ്റങ്ങളും ക്രിക്കറ്റ് ലോകം കണ്ടിരുന്നു. റിഷഭ് പന്ത് 27 കോടി രൂപയൂമായി എക്കാലത്തെയും വിലയേറിയ താരമായി മാറിയപ്പോള്‍ 26.75 കോടി നേടി ശ്രേയസ് അയ്യരും ചരിത്രത്തിന്റെ ഭാഗമായി മാറി. ലേലത്തില്‍ നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്.
ലേലത്തിന്റെ തുടക്കത്തില്‍ അവര്‍ അത്ര സജീവമായിരുന്നില്ലെങ്കിലും പിന്നീട് മികച്ച ചില താരങ്ങളെ ടീമിലെക്കിക്കാന്‍ റോയല്‍സിനായിരുന്നു. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട താരമാണ് ഇന്ത്യയുടെ അണ്‍ക്യാപ്ഡ് ഫാസ്റ്റ് ബൗളറായ ആകാശ് മധ്വാള്‍. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ശ്രദ്ധേയമായ പല പ്രകടനങ്ങളും നടത്തിയ ശേഷമാണ് അദ്ദേഹം റോയല്‍സിന്റെ പിങ്ക് ജഴ്‌സിയിലെത്തുന്നത്. റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ തുറുപ്പുചീട്ടായി മാറാന്‍ മധ്വാളിനാവും. എന്താണ് ഇതിനുള്ള കാരണങ്ങളെന്നു നമുക്കു നോക്കാം.

മധ്വാള്‍ തുറുപ്പുചീട്ടാവും
മെഗാ ലേലത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെയടക്കം സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. എന്നാല്‍ അദ്ദേഹത്തേക്കാള്‍ മികച്ച പ്രകടനം അവര്‍ക്കായി കാഴ്ചവച്ചേക്കുക ആകാശ് മധ്വാള്‍ തന്നെയായിരിക്കും. ലേലത്തില്‍ 1.2 കോടി രൂപ മുടക്കിയാണ് യുവ പേസറെ അവര്‍ റാഞ്ചിയത്.
മധ്വാളിനെ സ്‌പെഷ്യലാക്കി മാറ്റുന്ന ആദ്യത്തെ കാര്യം കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ്. പവര്‍പ്ലേയില്‍ തുടങ്ങി മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലെല്ലാം പന്തെറിയാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കൂടാതെ ബോള്‍ നന്നായി സ്‌കിഡ് ചെയ്യിച്ച് ക്രീസിലുള്ള ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാനും മിടുക്കനാണ് മധ്വാള്‍. ഇതു കൂടാതെ ഇംപാക്ട് പ്ലെയറായും റോയല്‍സിനു ഉപയോഗിക്കാവുന്നയാളാണ് അദ്ദേഹം.
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയെ നേരത്തേ തന്നെ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. അദ്ദേഹത്തിനു കൂട്ടായി ആര്‍ച്ചര്‍, മധ്വാള്‍ എന്നിവരും ഇപ്പോള്‍ ടീമിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. മൂന്നു പേരും ഒരുമിച്ച് കളിക്കുകയാണെങ്കില്‍ അതു ഡെത്ത് ഓവറുകളില്‍ സൃഷ്ടിക്കുന്ന ഇംപാക്ട് വളരെ വലുതാവുമെന്ന കാര്യത്തില്‍ സംശയമില്ല.
മധ്വാളിന്റെ കരിയര്‍
2023ലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് 30കാരനായ ആകാശ് മധ്വാള്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ മികച്ച പിന്തുണ അദ്ദേഹത്തെ വളരെ വേഗത്തില്‍ മുംബൈയിലെ സര്‍പ്രൈസ് താരമാക്കി മാറ്റിയെടുത്തു. മുംബൈയ്ക്കായി 13 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് മധ്വാള്‍ വീഴ്ത്തിയത്.
കന്നി സീസണിലാണ് താരം ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ മധ്വാള്‍ പിഴുതിരുന്നു. അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളെടുത്ത അദ്ദേഹത്തിന്റെ മാജിക്കല്‍ സ്‌പെല്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അവസാന സീസണില്‍ അഞ്ചു കളിയില്‍ നിന്നും അഞ്ചു വിക്കറ്റുകളാണ് മധ്വാള്‍ നേടിയത്. രോഹിത്തിനു പകരം പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യ വന്നതോടെ അദ്ദേഹത്തിന്റെ അവസരങ്ങളും കുറയുകയായിരുന്നു.