കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഐപിഎല്ലിന്റെ 18ാം സീസണിലെ തുടക്കം പാളിയിരിക്കുകയാണ്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിന്റെ ദയനീയ പരാജയമാണ് കെകെആറിനു നേരിട്ടത്. ആര്‍സിബിയെ കളിയുടെ ഒരു ഘട്ടത്തിലും കാര്യമായി വിറപ്പിക്കാന്‍ സാധിക്കാതെയാണ് കെകെആര്‍ കീഴടങ്ങിയത്.
ഈ മല്‍സരത്തില്‍ 56 റണ്‍സുമായി ബാറ്റിങില്‍ ടീമിന്റെ ഹീറോയായി മാറിയത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു. എന്നാല്‍ ഇതേ രഹാനെ തന്നെയാണ് പിന്നീട് ടീമിന്റെ വില്ലനുമായി മാറിയത്. അദ്ദേഹത്തിന്റെ വലിയൊരു പിഴവ് എങ്ങനെയാണ് ടീമിനെ പരാജയത്തിലേക്കു തള്ളിയിട്ടതെന്നു നോക്കാം.

രഹാനെ കാണിച്ച അബദ്ധം
ക്യാപ്റ്റനെന്ന നിലയിലാണ് അജിങ്ക്യ രഹാനെ ഈ മല്‍സരത്തില്‍ വലിയ അബദ്ധം കാണിച്ചിട്ടുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കളിയില്‍ അനായാസം ജയിച്ചുകയറാന്‍ സഹായിച്ചതും ഇതു തന്നെയാണ്. 175 റണ്‍സ് ചേസ് ചെയ്യവെ വിരാട് കോലിയും ഫില്‍ സാള്‍ട്ടുമാണ് ആര്‍സിബിക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്.
രണ്ടു പേരിലൊരാളെ തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടത് കെകെആറിന് ഏറെ പ്രധാനമായിരുന്നു. പക്ഷെ അവര്‍ക്കു അതിനു സാധിച്ചില്ല. 95 റണ്‍സാണ് ആദ്യ വിക്കറ്റില്‍ പിറന്നത്. അപ്പോള്‍ തന്നെ കെകെആറില്‍ നിന്നും കളി വഴുതിപ്പോയിരുന്നു. ആര്‍സിബിയുടെ ഈ മികച്ച തുടക്കത്തിന്റെ പ്രധാന കാരണക്കാരന്‍ രഹാനെ തന്നെയാണ്.
കാരണം തന്റെ ടീമിലെ പ്രധാന സ്‌ട്രൈക്ക് ബൗളര്‍മാരായ പേസര്‍ ഹര്‍ഷിത് റാണ, സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവരെ ഏറെ വൈകിയാണ് ബൗളിങില്‍ രഹാനെ കൊണ്ടുവന്നത്. അപ്പോഴേക്കും കൡയില്‍ ആര്‍സിബി പിടിമുറുക്കി കഴിഞ്ഞിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുണ്ടായിട്ടും ഇത്തരമൊരു വലിയ അബദ്ധം അദ്ദേഹത്തിനു സംഭവിച്ചത് ഞെട്ടിക്കുന്നതാണ്.
വൈഭവ് അറോറയെയും സ്‌പെന്‍സര്‍ ജോണ്‍സനെയുമാണ് ന്യൂബോളില്‍ രഹാനെ പരീക്ഷിച്ചത്. പകരം ഹര്‍ഷിത്തും വൈഭവുമായിരുന്നു ഈ റോളില്‍ വരേണ്ടിയിരുന്നത്. മാത്രമല്ല ഇരുവരും ആദ്യ മൂന്നോവറില്‍ തല്ല് വാങ്ങിക്കൂട്ടിയിട്ടും നരെയ്‌നെ നേരതത്തേ പരീക്ഷിക്കാന്‍ രഹാനെ തയ്യാറായില്ല.
വരുണ്‍ ചക്രവര്‍ത്തിയെ നാലാം ഓവറില്‍ തന്നെ അദ്ദേഹം കൊണ്ടു വന്നത് ശരി തന്നെ. പക്ഷെ 21 റണ്‍സാണ് വരുണ്‍ വാരിക്കോരി നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ നരെയ്‌നെയോ, ഹര്‍ഷിത്തിനെയോ രഹാനെ കൊണ്ടു വരേണ്ടത് ആവശ്യമായിരുന്നു. ആറാം ഓവറിലാണ് ഹര്‍ഷിത് ആദ്യ ഓവര്‍ എറിഞ്ഞത് അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.
യഥാര്‍ഥത്തില്‍ ആദ്യ ഓവറില്‍ തന്നെ അദ്ദേഹം ബൗള്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നു. കളിഞ്ഞ സീസില്‍ ന്യൂബോള്‍ കൈകാര്യം ചെയ്ത ഹര്‍ഷിത് മിന്നുന്ന പ്രകടനവും നടത്തിയിരുന്നു. പക്ഷെ ആര്‍സിബിക്കെതിരേ അദ്ദേഹത്തെ പവര്‍പ്ലേയിലെ അവസാന ഓവറിലാണ് ബൗളിങിനു വിളിച്ചത്.

നരെയ്‌നാവട്ടെ എട്ടാം ഓവറിലാണ് ബൗളിങിനെത്തിയത്. അപ്പോഴേക്കും ആര്‍സിബി വിക്കറ്റ് നഷ്ടമില്ലാതെ 86 റണ്‍സിലെത്തിയിരുന്നു. ഹര്‍ഷിത്, നരെയ്ന്‍ എന്നിവരെ കുറേക്കൂടി നേരത്തേ ബൗളിങില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ ബ്രേക്ക്ത്രൂ നേടാനും ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിടാനും കെകെആറിന് കഴിഞ്ഞേനെ.
പകരം അധികം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്ത വൈഭവിനെയും സ്‌പെന്‍സറെയും നല്‍കി ആര്‍സിബിക്കു അനായാസം റണ്‍സെടുക്കാനുള്ള അവസരം രഹാനെ തന്നെ ഒരുക്കി നല്‍കുകയായിരുന്നു. ബൗളിങ് റൊട്ടേഷന്റെ കാര്യത്തില്‍ രഹാനെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മല്‍സരഫലം തന്നെ ഒരുപക്ഷെ മാറുമായിരുന്നു.