ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഭിഷേക് ശര്‍മ. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ അഭിഷേക് പഞ്ചാബ് കിങ്‌സിനെതിരേ വിശ്വരൂപം കാട്ടയിരിക്കുകയാണ്. ഇടം കൈയന്‍ ഓപ്പണറായ അഭിഷേക് 55 പന്തില്‍ 141 റണ്‍സാണ് നേടിയത്. 14 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. പഞ്ചാബിന്റെ ബൗളര്‍മാരെ ഒന്നുമല്ലാതാക്കുന്ന ബാറ്റിങ് പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്.
നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമണം അഴിച്ചുവിട്ട അഭിഷേക് 250ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ യുവ ഓപ്പണറായ അഭിഷേക് ശര്‍മയുടെ പ്രകടനം ഹൈദരാബാദിനെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ അഭിഷേകിനെപ്പോലെ യുവതാരങ്ങള്‍ കസറുന്നത് ഇന്ത്യന്‍ ടീമിന്റെ കിരീട പ്രതീക്ഷകളെ സജീവമാക്കുകയാണ്.
എന്നാല്‍ അഭിഷേക് ശര്‍മയുടെ ഗംഭീര പ്രകടനം യശ്വസി ജയ്‌സ്വാളിന് വലിയ തിരിച്ചടിയാണെന്ന് പറയാം. ഇടം കൈയന്‍ ഓപ്പണര്‍മാരായ ജയ്‌സ്വാളും അഭിഷേകുമാണ് ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കുന്നത്. അഭിഷേകിന്റെ മിന്നും പ്രകടനം ജയ്‌സ്വാളിന് കടുത്ത ഭീഷണിയാണെന്ന് തന്നെ പറയാം.
അഭിഷേകിനെ ഇന്ത്യ ഓപ്പണറായി പിന്തുണക്കും
ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജയ്‌സ്വാളിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാളിന് തൊട്ടതെല്ലാം പിഴക്കുകയാണ്. താരത്തിന്റെ സമീപകാല നീക്കങ്ങളൊന്നും ടീമിന് ഗുണം ചെയ്യുന്ന തരത്തിലല്ല. ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ താരമായ അജിന്‍ക്യ രഹാനെയോട് ഉടക്കിയത് ഉള്‍പ്പെടെ സമീപകാലത്തെ ജയ്‌സ്വാളിന്റെ നീക്കങ്ങളെല്ലാം നിരാശയുണ്ടാക്കുന്നതാണ്.

വലിയ ഭാവിയുള്ള താരമാണെങ്കിലും താരത്തിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ നിന്ന് മാറിയിരിക്കുകയാണെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാണ്. അതേ സമയം അഭിഷേക് ശര്‍മ ലഭിക്കുന്ന അവസരങ്ങളില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ച് മിന്നിക്കുകയാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനും എതിരാളികളുടെ പേടി സ്വപ്‌നമായി മാറാനും അഭിഷേക് ശര്‍മക്ക് സാധിക്കുന്നുണ്ട്. ഇന്ത്യ ഓപ്പണറായി പരിഗണിക്കുന്ന അഭിഷേക് ശര്‍മയെ കൂടുതല്‍ പിന്തുണക്കാനാണ് സാധ്യത.
നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും അഭിഷേക് ശര്‍മക്ക് കൂടുതല്‍ പിന്തുണ നല്‍കാനാണ് സാധ്യത കൂടുതല്‍. അഭിഷേക് യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്. എന്തായാലും അഭിഷേകിന്റെ ഗംഭീര പ്രകടനം ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സീറ്റിന് ഇളക്കം സൃഷ്ടിച്ചിരിക്കുകയാണെന്ന് പറയാം. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനെ ടി20 ലോകകപ്പില്‍ പ്രതീക്ഷിക്കാം.
അഭിഷേകിന് വലിയ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ അറിയാം
അഭിഷേക് ശര്‍മക്ക് വലിയ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കാന്‍ യുവതാരത്തിന് സാധിച്ചിരിക്കുകയാണ്. യശ്വസി ജയ്‌സ്വാള്‍ 200ന് മുകളിലേക്കുള്ള വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങുന്ന മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒറ്റ സംഖ്യയിലാണ് മൂന്ന് മത്സരത്തിലും ജയ്‌സ്വാള്‍ പുറത്തായത്. എന്നാല്‍ അഭിഷേക് 246 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സെഞ്ച്വറിയോടെ ടീമിന്റെ മാച്ച് വിന്നറായി മാറിയിരിക്കുകയാണ്.
തോറ്റ് കൊടുക്കാത്ത മനോഭാവമാണ് അഭിഷേകിനെ വ്യത്യസ്തനാക്കുന്നതെന്ന് പറയാം. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയപ്പോഴും അഭിഷേക് തോല്‍ക്കാന്‍ തയ്യാറായില്ല. കഠിന പ്രയത്‌നം നടത്തി ഗംഭീര തിരിച്ചുവരവ് നടത്താന്‍ അഭിഷേകിന് സാധിച്ചിരിക്കുകയാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ അടിച്ചു കളിക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ക്രീസില്‍ നില്‍ക്കുന്ന സമയത്തോളം എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്.