ഐപിഎല്ലിന്റെ 18ാം സീസണിനെക്കുറിച്ച് ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ വോന്‍. ഈ സീസണിലെ ചാംപ്യന്‍മാരെ്പ്രവചിച്ച അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ്, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് എന്നിവ ആര്‍ക്കൊക്കെ ആവുമെന്നും പ്രവചിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. എക്‌സിലൂടെയാണ് ഈ മൂന്നു പ്രധാനപ്പെട്ട പ്രവചനങ്ങള്‍ വോന്‍ നടത്തിയിരിക്കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇത്തവണ കിരീടം നിലനിര്‍ത്തില്ലെന്നും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ കിരീടക്ഷാമം ഇത്തവണയും അവസാനിക്കില്ലെന്നുമാണ് വോന്‍ പ്രവചിക്കുന്നത്. പകരം മുന്‍ ചാംപ്യന്‍മാരില്‍ ഒരാളായ ടീമിനാവും ട്രോഫിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരടിക്കും ഐപിഎല്‍ കിരീടം?
അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനായിരിക്കും ഈ സീസണിലെ ഐപിഎല്‍ കിരീടമെന്നാണ് മൈക്കല്‍ വോന്‍ പ്രവചിച്ചിരിക്കുന്നത്. പുതിയ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലിറങ്ങിയ മുംബൈ കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് നാണംകെട്ടിരുന്നു. പത്താം സ്ഥാനത്താണ് മുംബൈ സീസണ്‍ പൂര്‍ത്തിയാക്കിയത്.
ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലു കളികളാണ് മുംബൈയ്ക്കു ജയിക്കാനായത്. ശേഷിച്ച 10 മല്‍സരങ്ങളിലും അവര്‍ തോല്‍ക്കുകയും ചെയ്തു. ടീമിനകത്തെ ഗ്രൂപ്പിസവും രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരില്‍ നിന്നും ഹാര്‍ദിക്കിനു വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയതുമാണ് മുംബൈയുടെ വീഴ്ചയ്ക്കു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ മുംബൈ ആരാധകരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഹാര്‍ദിക്കിനു സീസണിലുടനീളം നേരിടുകയും ചെയ്തു. രോഹിത്തില്‍ നിന്നും നായകസ്ഥാനം അദ്ദേഹം തട്ടിയെടുത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ഇഷ്ടം നേടിയെടുത്താണ് ഹാര്‍ദിക്കിന്റെ വരവ്. കൂടാതെ രോഹിത്, സൂര്യ, ബുംറ എന്നീ സീനിയര്‍ താരങ്ങളുടെ പിന്തുണയും ഹാര്‍ദിക്കിനുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ മുംബൈയുടെ ശക്തമായ തിരിച്ചുവരവിന് ഈ ഐപിഎല്‍ സാക്ഷിയായേക്കും. ഇത്തവണ ചാംപ്യന്‍മാരവാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ ടീമെന്ന ഓള്‍ടൈം റെക്കോര്‍ഡും മുംബൈ സ്വന്തമാക്കും.
2020ലാണ് അവസാനമായി മുംബൈ ഐപിഎല്ലില്‍ ജേതാക്കളായത്. അന്നു ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തായിരുന്നു രോഹിത്തിനു കീഴില്‍ അഞ്ചാമത്തെ ട്രോഫിയില്‍ മുംബൈ മുത്തമിട്ടത്. വോനിന്റെ പ്രവചനം ശരിവച്ചു കൊണ്ട് ഈ സീസണില്‍ മുംബൈയുടെ ശക്തമായ തിരിച്ചുവരവിന് സീസണ്‍ സാക്ഷിയാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പ്?
ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നേടുക ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലായിരിക്കുമെന്നാണ് മൈക്കല്‍ വോന്‍ പ്രവചിക്കുന്നത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ആവുമെന്നും അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഗില്ലും വരുണും കാഴ്ചവച്ചത്. കഴിഞ്ഞ മാസം ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരവും ഗില്ലിനെ തേടിയെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 188 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. വരുണാവട്ടെ ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു കളിയില്‍ ഒമ്പതു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ഐപിഎല്ലില്‍ 100 ഇന്നിങ്‌സുകളില്‍ നിന്നും 3216 റണ്‍സ് ഗില്‍ ഇതിനകം നേടിക്കഴിഞ്ഞു. നാലു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ 483, 890, 426 എന്നിങ്ങനെ റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. വരുണിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 70 ഇന്നിങ്‌സുകളില്‍ നിന്നും സമ്പാദ്യം 83 വിക്കറ്റുകളാണ്. അവസാന സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 21 വിക്കറ്റുകളും താരം പോക്കറ്റിലാക്കി.