ഐപിഎല്‍ കലാശപ്പോരാട്ടത്തിനു ഇനി മണിക്കുറൂകള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തവണത്തെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ചാറ്റ്ജിപിടി (ChatGPT). നാളെ (ചൊവ്വ) രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ പഞ്ചാബ് കിങ്‌സു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് കൊമ്പുകോര്‍ക്കുക.
ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. 17 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ പുതിയൊരു ചാംപ്യനെ കൂടിയാണ് ഐപിഎല്ലിനു ലഭിക്കുക. അതുകൊണ്ടു തന്നെ മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ ഫൈനല്‍ സ്‌പെഷ്യലാണെന്നു തന്നെ പറയാം.

ചാറ്റ്ജിപിടിയുടെ പ്രവചനം
ഐപിഎല്ലില്‍ ഇത്തവണ രജത് പാട്ടിധാറിന്റെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം വിജയികളാവുമെന്നാണ് ചാറ്റ്ജിപിടി പ്രവചിക്കുന്നത്. ഈ സീസണിലുടനീളമുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും, ശക്തമായ ബാറ്റിങ് ലൈനപ്പും, അഹമ്മദാബാദില്‍ കളിക്കുന്നതിന്റെ ആനുകൂല്യവുമെല്ലാം കന്നിക്കിരീടം നേടാന്‍ ആര്‍സിബിയെ നേരിയ ഫേവറിറ്റുകളാക്കി മാറ്റുന്നു. എന്നിരുന്നാലും സമീപകാലത്തെ ഫോമും ശ്രേയസ് അയ്യരുടെ ക്യാപ്്റ്റന്‍സിയും പഞ്ചാബിനെ ശക്തരായ എതിരാളികളാക്കുന്നു.
ഫൈനലിലെ വിജയികളെക്കുറിച്ചു കൃത്യമായി പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സന്തുലിതമായ ടീമും അനുഭവസമ്പത്തും ആര്‍സിബിക്കു നിര്‍ണായക മല്‍സരങ്ങളില്‍ മുന്‍കൂക്കം നല്‍കും. വിജയികള്‍ ആരു തന്നെ ആയാലും പ്രതിഭാധനരായ രണ്ടു ടീമുകള്‍ തമ്മിലുള്ള ആവേശകരമായ മല്‍സരമായിരിക്കും ഈ ഫൈനലെന്നു ഉറപ്പാണെന്നും ചാറ്റ്ജിപിടി കുറിക്കുന്നു.
ടീം വിശകലനം
പുതിയ ക്യാപ്റ്റന്‍ രജത് പാട്ടിധാറിനു കീഴില്‍ ആദ്യ ഐപിഎല്‍ സീസണില്‍ തന്നെഫൈനലില്‍ കടന്നിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം. അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാര്‍ മൂന്നു പേരാണ്. 614 റണ്‍സ് സ്‌കോര്‍ ചെയ്ത വിരാട് കോലിയാണ് ഒരാള്‍. എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണിത്.

മറ്റൊരു പ്രധാനപ്പെട്ട താരം ഓപ്പണര്‍ ഫില്‍ സാള്‍ട്ടുമാണ്. നാലു ഫിഫ്റ്റികളോടെ 387 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ബൗളിങില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയുടെ മൂന്നാമത്തെ നിര്‍ണായക താരം. 8.3 ഇക്കോണമി റേറ്റില്‍ 11 മല്‍സരങ്ങൡ നിന്നും അദ്ദേഹം 21 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.
അതേസമയം, ഈ സീസണില്‍ നായകസസ്ഥാനത്തേക്കു വന്ന ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് പഞ്ചാബ് കിങസിന്റെ പടയോട്ടം. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ തങ്ങളുടെ രണ്ടാം ഫൈനല്‍ കളിക്കുന്നത്. പഞ്ചാബിന്റെ നിര്‍ണായക താരങ്ങള്‍ ശ്രേയസ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ്.
ബാറ്റിങില്‍ ഇത്തവണ പഞ്ചാബിന്റെ നെടുംതൂണെന്നു തന്നെ ശ്രേയസിനെ വിളിക്കാം. 16 മല്‍സരങ്ങളില്‍ നിന്നും 175.80 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക്‌റേറ്റില്‍ 603 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. അര്‍ഷ്ദീപ് 15 ഇന്നിങ്‌സുകളില്‍ നിന്നും 8.79 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളെടുത്തിട്ടുണ്ട്. ചഹലാവട്ടെ 12 ഇന്നിങ്‌സില്‍ നിന്നും 9.58 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളും പോക്കറ്റിലാക്കി.
ഈ സീസണില്‍ ആര്‍സിബിയും പഞ്ചാബും ഇതിനകം മൂന്നു തവണ നേര്‍ക്കുനേര്‍ വന്നുകഴിഞ്ഞു. ഇതില്‍ രണ്ടെണ്ണം ജയിച്ച പഞ്ചാബ് 2-1നു ലീഡ് ചെയ്യുകയാണ്. ലീഗ് ഘട്ടത്തിലെ ആദ്യ മല്‍സരം പഞ്ചാബ് ജയിച്ചെങ്കിലും അതിനു ശേഷം രണ്ടാം പാദത്തിലും പിന്നീട് ആദ്യ ക്വാളിഫയറിലും പഞ്ചാബിനെ ആര്‍സിബി നിഷ്പ്രഭമാക്കുകയായിരുന്നു.