ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് ജോടികള്‍ ആരാവുമെന്ന കാര്യത്തില്‍ ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല. മുന്‍ നായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്നാണ് കഴിഞ്ഞ കുറച്ചു സീസണുകളായി അവര്‍ക്കായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് ഇഷാനെ മുംബൈ കൈവിട്ടിരുന്നു. ലേലത്തില്‍ അദ്ദേഹത്തെ തിരികെ വാങ്ങാന്‍ അവര്‍ക്കു സാധിച്ചതുമില്ല.
ഇതോടെയാണ് മുംബൈയ്ക്കു അടുത്ത സീസണിലേക്കു പുതിയ ഓപ്പണിങ് സഖ്യത്തെ തിരയേണ്ടതായി വന്നിരിക്കുന്നത്. രോഹിത്തിനൊപ്പം മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്ന മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

തിലക് വര്‍മ
ഇന്ത്യയുടെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാവാന്‍ സാധ്യതയുള്ള ആദ്യത്തെയാള്‍. നിലവില്‍ ഈ ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് അദ്ദേഹം. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച നാലു ടി20കളുടെ പരമ്പരയില്‍ വണ്‍ഡൗണായി ഇറങ്ങിയ ശേഷം തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ തിലക് സെഞ്ച്വറി കുറിച്ചിരുന്നു.
2022ലെ ഐപിഎല്ലിലൂടെ മുംബൈയ്ക്കായി അരങ്ങേറിയ ശേഷം ടീമിലെ നിര്‍ണായക താരമാണ് അദ്ദേഹം. മെഗാ ലേലത്തിനു മുമ്പ് തിലകിനെ മുംബൈ നിലനിര്‍ത്തിയതും ഈ കാരണത്താല്‍ തന്നെയാണ്. മുംബൈയ്ക്കായി 40നടുത്ത് ശരാശരിയില്‍ 146.32 സ്‌ട്രൈക്ക് റേറ്റില്‍ 1156 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
വില്‍ ജാക്ക്‌സ്
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ വില്‍ ജാക്ക്‌സാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഓപ്പണറായി കളിക്കാനിടയുള്ള രണ്ടാമത്തെ താരം. അദ്ദേഹത്തിനു ഓപ്പണിങ് റോള്‍ അത്ര പുതിയതല്ല. വ്യത്യസ്ച ലീഗുകളില്‍ ജാക്ക്‌സ് ഇതിനകം ഓപ്പണറായി കളിച്ചു കഴിഞ്ഞു.
ദി ഹണ്ടഡ് (The Hundred) ടൂര്‍ണമെന്റില്‍ ഓപ്പണറായി 48 ബോളില്‍ 108 റണ്‍സോടെ മിന്നിച്ച താരമാണ് അദ്ദേഹം. കഴിഞ്ഞ സീസിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവനായി മൂന്നാം നമ്പറിലും ജാക്ക്‌സ് സെഞ്ച്വറി കുറിച്ചിരുന്നു.
ഓപ്പണിങ് മുതല്‍ എവിടെയും മിന്നിക്കാനുള്ള താരത്തിന്റെ കഴിവാണ് ഇതു അടിവരയിടുന്നത്. രോഹിത്തിന്റെ പങ്കാളിയായി ജാക്ക്‌സ് ക്ലിക്കായാല്‍ അതു എതിരാളികളുടെ പേടിസ്വപ്‌നമായി മാറുമെന്നുറപ്പാണ്. കഴിഞ്ഞ ഐപിംഎല്ലിലൂടെ അരങ്ങേറിയ അദ്ദേഹത്തെ മെഗാലേലത്തില്‍ 5.25 കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്.

റയാന്‍ റിക്കെല്‍റ്റണ്‍
സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റയാന്‍ റിക്കെല്‍റ്റണാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് റോളിലേക്കു നറുക്കു വീണേക്കാവുന്ന മൂന്നാമത്തെ താരം. ഇഷാന്‍ കിഷന്റെ പകരക്കാരനായി ടീമിലേക്കു മുംബൈ എത്തിച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മറ്റൊരു വിക്കറ്റ് കീപ്പര്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ റോബിന്‍ മിന്‍സാണ്.
റിക്കെല്‍റ്റണ്‍ ഇടംകൈയന്‍ ബാറ്ററായതിനാല്‍ അദ്ദേഹം ഓപ്പണിങിലേക്കു വരികയാണെങ്കില്‍ മുംബൈയ്ക്കു വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ ലഭിക്കുകയും ചെയ്യും. ഇതു റിക്കെല്‍റ്റണിനു പ്ലസ് പോയിന്റായി മാറുന്ന കാര്യമാണ്. സൗത്താഫ്രിക്കന്‍ ടീമിനായി ഇതിനകം എഴു ടെസ്റ്റുകളിലും 12 ടി20കളിലും അഞ്ചു ഏകദിനങ്ങളിലുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.