ചണ്ഡീഗഡ്: ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് നാളെ (ശനി) നടക്കാനാരിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മല്‍സരം. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ടീമാണ് ശ്രേയസ് അയ്യരുടെ പഞ്ചാബെങ്കില്‍ സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തുന്നുവെന്നത് റോയല്‍സിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു.
നിലവില്‍ രണ്ടു മല്‍സരങ്ങളിലും ആധികാരികമായി ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ്. റോയല്‍സാവട്ടെ ഒമ്പതമതുമാണ്. മൂന്നു കളിയില്‍ രണ്ടിലും തോറ്റ അവര്‍ക്കു ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. എന്നാല്‍ ഈ മൂന്നു മല്‍സരങ്ങളിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമേ സഞ്ജുവിനെ കണ്ടിരുന്നുള്ളൂ.

എന്നാല്‍ ഇപ്പോള്‍ ബിസിഐയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചതോടെയാണ് സീസണിലെ ശേഷിച്ചമല്‍സരങ്ങളില്‍ അദ്ദേഹം നായകസ്ഥാനത്തു തിരിച്ചെത്തിയത്. പഞ്ചാബുമായുള്ള പോരാട്ടത്തില്‍ ക്യാപ്റ്റനായുള്ള മടങ്ങിവരവ് ജയത്തോടെ തന്നെ ആഘോഷിക്കാനായിരിക്കും സഞ്ജുവിന്റെ പ്ലാന്‍. എന്നാല്‍ അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് നായകന്‍ ശ്രേയസ് തന്റെ വജ്രായുധത്തെ തയ്യാറാക്കി കഴിഞ്ഞു. അതാരാണെന്നു നോക്കാം.
സഞ്ജുവിനെ പൂട്ടും?
വളരെ അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ കണ്ടുവച്ചിരിക്കുന്നത്. കാരണം നിലവിലെ പഞ്ചാബ് സ്‌ക്വാഡില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന തടഞ്ഞുനിര്‍ത്താന്‍ ചഹലിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ശ്രേയസിനു ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ നാളത്തെ കളിയില്‍ പവര്‍പ്ലേയില്‍ തന്നെ അദ്ദേഹത്തെ ബൗളിങില്‍ ശ്രേയസ് കൊണ്ടുവരുമെന്നതും ഉറപ്പാണ്.
സഞ്ജുവിനെതിരേ ഐപിഎല്ലില്‍ ചഹലിന്റെ ഗംഭീര റെക്കോര്‍ഡാണ് ശ്രേയസിനെ ഇതിനു പ്രേരിപ്പിക്കുന്നത്. നേരത്തേ 2014 മുതല്‍ 21 വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കവെ അദ്ദഹം സഞ്ജുവിനെ പല തവണ പന്തെറിയകും വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം
ഐപിഎല്ലിലെ കണക്കുകള്‍ നോക്കിയാല്‍ സഞ്ജുവിനെതിരേ 51 ബോളുകളാണ് ചഹല്‍ എറിഞ്ഞിട്ടുള്ളത്. ഇവയില്‍ നിന്നും വഴങ്ങിയതാവട്ടെ വെറും 52 റണ്‍സ് മാത്രമാണ്. 23 ഡോട്ട് ബോളുകള്‍ കളിച്ച മലയാളി താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 103ഉം ആണ്. അഞ്ചു തവണ ഐപിഎല്ലില്‍ സഞ്ജുവിന്റെ വിക്കറ്റ് സ്വന്തമാക്കാന്‍ ചഹലിനായിട്ടുണ്ട്. 2020ല്‍ രണ്ടു തവണ റോയല്‍സ് ക്യാപ്റ്റനെ മടക്കിയ അദ്ദേഹം 2015, 2016, 2019 സീസണുകളില്‍ ഓരോ തവണയും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
ചഹല്‍ റോയല്‍സിലേക്ക്
2021ലെ സീസണിനു ശേഷം ചഹലിനെ ആര്‍സിബി കൈവിടുകയും തുടര്‍ന്നു മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്തു. അതിനു ശേഷം കഴിഞ്ഞ മൂന്നു സീസണുകളായി സഞ്ജുവും ചഹലും ഐപിഎല്ലില്‍ മുഖാമുഖം വന്നിട്ടില്ല. എന്നാല്‍ ഈ സീസണില്‍ വീണ്ടും അതു സംഭവിക്കുകയാണ്. റോയല്‍സ് നിലനിര്‍ത്താതിരുന്നതോടെയാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹത്തെ പഞ്ചാബ് വാങ്ങിയത്.

അവസാനത്തെ മൂന്നു സീസണുകളില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സില്‍ കളിച്ചതിനാല്‍ തന്നെ നെറ്റ്‌സില്‍ ഒരുപാട് തവണ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാളി താരത്തിന്റെ കരുത്തും ദൗര്‍ബല്യവുമെല്ലാം ചഹലിനു ശരിക്കും അറിയുകയും ചെയ്യാം.
ഈ അനുഭവസമ്പത്തെല്ലാം മുതലാക്കിയാവും അദ്ദേഹം സഞ്ജുവിനെതിരേ ബൗള്‍ ചെയ്യാനെത്തുക. ഇതു അദ്ദേഹത്തെ എളുപ്പം പൂട്ടാന്‍ സൂപ്പര്‍ സ്പിന്നറെ സഹായിക്കുകയും ചെയ്യും. ചഹലിന്റെ സ്പിന്‍ കെണിയില്‍ സഞ്ജുവിനു അടിതെറ്റുമോയെന്നതും കാത്തിരുന്നു തന്നെ കാണാം.