വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ്ത്രില്ലറില്‍ പുതിയൊരു താരോദയത്തിനു കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുയാണ്. ഡിസിക്കൊപ്പം ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരം കളിച്ച ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിപ്രജ് നിഗമാണ് കന്നി മല്‍സരത്തില്‍ തന്നെ വരവറിയിച്ചിരിക്കുന്നത്.
ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ 20 കാരനായ ഈ താരത്തിനു സാധിച്ചതായി കാണാം. ബൗളിങില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ എല്‍എസ്ജി ഓപ്പണറും സൗത്താഫ്രിക്കന്‍ താരവുമായ എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാന്‍ വിപ്രജിനായിരുന്നു.
പിന്നീട് ബാറ്റിങില്‍ എട്ടാമനായി എത്തിയ ശേഷം റണ്‍ചേസില്‍ വലിയ ഇംപാക്ടാണ് അദ്ദേഹമുണ്ടാക്കിയത്. വെറും 15 ബോളില്‍ വിപ്രജ് വാരിക്കൂട്ടിയത് 39 റണ്‍സാണ്. അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്. അശുതോഷ് ശര്‍മ (31 ബോളില്‍ 66*) കഴിഞ്ഞാല്‍ ടീമിനായി ഏറ്റവുമധികം റണ്‍സടിച്ചതും അദ്ദേഹം. ആരാണ് യഥാര്‍ഥത്തില്‍ വിപ്രജ്? ഡിസി സെന്‍സേഷനെക്കുറിച്ച് മൂന്നു കൗതുകകരമായ കാര്യങ്ങളറിയാം.

സികെ നായുഡു ട്രോഫിയിലെ പ്രകടനം
കഴിഞ്ഞ വര്‍ഷത്തെ സികെ നായുഡു ട്രോഫിയില്‍ (അണ്ടര്‍ 23) ഉത്തര്‍ പ്രദേശിനു വേണ്ടി ഓള്‍റൗണ്ട് പ്രകടനമാണ് വിപ്രജ് നിഗം കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നായി താരം പോക്കറ്റിലാക്കിയത് 35 വിക്കറ്റുകളാണ്. ആറു തവണ നാലു വിക്കറ്റ് പ്രകടനവും ഇതിലുള്‍പ്പെടും.
ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളും വിപ്രജ് വീഴ്ത്തിയിരുന്നു. പക്ഷെ ടീമിനെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനായില്ല. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയതു കാരണം യുപി റണ്ണറപ്പുകളാവുകയായിരുന്നു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും വിപ്രജ് കസറി. 364 റണ്‍സാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 84 റണ്‍സുമാണ്.
യുപി ടി20 ലിഗിലും കസറി
2024ലെ യുപി ടി20 ലീഗിലും തന്റെ സാന്നിധ്യമറിയിക്കാന്‍ വിപ്രജ് നിഗത്തിനു സാധിച്ചിരുന്നു. തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ താരത്തിനു ലഭിച്ച മറ്റൊരു സുവര്‍ണാവസരമായിരുന്നു ഇത്. ലഖ്‌നൗ ഫാല്‍ക്കണ്‍സിനായി ടൂര്‍ണമെന്റില്‍ കളിച്ച വിപ്രജ് 11 മല്‍സരങ്ങളില്‍ നിന്നും പിഴുതത് 20 വിക്കറ്റുകളാണ്. ലീഗില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരവും അദ്ദേഹമാണ്. 19 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതാണ് ലെഗ് സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം.
ഈ സീസണിനു മുന്നോടിയായുള്ള ഐപിഎല്‍ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വിപ്രജിനു വഴി തുറന്നതും ഈ പ്രകടനമാണ്. 50 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ താരത്തെ ഡിസി സ്വന്തമാക്കിയത്.

യുപിയെ ക്വാര്‍ട്ടറിലെത്തിച്ചു
കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശിനെ ക്വാര്‍ട്ടര്‍ ഫൈനലിലെക്കിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വിപ്രജ് നിഗമാണ്. ആന്ധ്രാ പ്രദേശുമായുള്ള പ്രീക്വാര്‍ട്ടറില്‍ അദ്ദേഹമാണ് ടീമിന്റെ ഹീറോയായത്.
20 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത വിപ്രജ് പിന്നീട് ബാറ്റിങില്‍ വെറും എട്ടു ബോളില്‍ പുറത്താവാതെ 27 റണ്‍സും വാരിക്കൂട്ടി. റിങ്കു സിങിനൊപ്പം അദ്ദേഹമുണ്ടാക്കിയ അപരാജിത കൂട്ടുകെട്ടാണ് ആന്ധ്രയെ മറികടന്ന് യുപിയെ ക്വാര്‍ട്ടറില്‍ കടക്കാന്‍ സഹായിച്ചത്. പക്ഷെ ക്വാര്‍ട്ടറില്‍ ഡല്‍ഹിയോടു അവര്‍ തോല്‍ക്കുകയായിരുന്നു.