ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ഐപിഎല്ലായതിനാല്‍ ഇത്തവണത്തെ സീസണിന് പ്രാധാന്യം ഏറെയാണ്. 10 ടീമുകളും ഇതിനോടകം പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. പരിശീല ക്യാംപുകള്‍ സജീവമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റിനൊരുങ്ങുന്നത്.
വലിയ മാറ്റങ്ങള്‍ രാജസ്ഥാന്റെ ടീമിലുണ്ടായിട്ടുണ്ട്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ടീം വിട്ടു. നിതീഷ് റാണ, ജോഫ്രാ ആര്‍ച്ചര്‍, വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ എന്നിവരെല്ലാമാണ് ടീമിലേക്കെത്തിയ പ്രധാന താരങ്ങള്‍. രാഹുല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകനായി കൊണ്ടുവന്നതും രാജസ്ഥാന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ നായകന്‍ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലായതാണ് തിരിച്ചടിയാവുന്നത്.
കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് ആദ്യത്തെ ഒരാഴ്ചത്തെ മത്സരമെങ്കിലും നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തവണത്തെ സീസണില്‍ രാജസ്ഥാന്‍ നിരയില്‍ എതിരാളികള്‍ ഭയപ്പെടുന്ന പല താരങ്ങളുമുണ്ടാവും. എന്നാല്‍ സഞ്ജു സാംസണിന്റെ രഹസ്യായുധങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.
വൈഭവ് സൂര്യവന്‍ഷി
13 കാരനായ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത് ഭാവി മുന്നില്‍ക്കണ്ടാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 1.10 കോടിക്ക് താരത്തെ കൊണ്ടുവന്നത് സഞ്ജു സാംസണെപ്പോലെ വളര്‍ത്താനാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഈ സീസണില്‍ത്തന്നെ വൈഭവിനെ രാജസ്ഥാന്‍ കളിപ്പിച്ചേക്കും. സഞ്ജു സാംസണില്ലെങ്കില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണര്‍ റോളില്‍ വൈഭവിനെ പ്രതീക്ഷിക്കാം. സഞ്ജു കളിച്ചാല്‍ മൂന്നാം നമ്പറില്‍ താരത്തെ കളിപ്പിക്കുമെന്നാണ് നിലവിലെ വിവരം.

അണ്ടര്‍ 19 ഏഷ്യാ കപ്പിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 176 റണ്‍സാണ് താരം നേടിയത്. യുവതാരത്തിന് വലിയ ഭാവിയുണ്ടെന്ന് നിസംശയം പറയാം. ഈ സീസണിലൂടെത്തന്നെ എല്ലാവരുടേയും കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ വൈഭവിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ക്വീന മഫാക്ക
ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍മാരിലൊരാളായ ക്വീന മഫാക്കയാണ് എടുത്തു പറയേണ്ട മറ്റൊരു താരം. അണ്ടര്‍ 19 ലോകകപ്പിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ മഫാക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ പേസര്‍ ഇതിനോടകം മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ഇപ്പോള്‍ മികച്ച ലൈനും ലെങ്തും താരത്തിന് അവകാശപ്പെടാനാവും. 32 ടി20യില്‍ നിന്ന് 36 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇക്കോണമി അല്‍പ്പം മോശമാണ്. എന്നാല്‍ രാജസ്ഥാന്റെ വജ്രായുധമായി മാറാന്‍ മഫാക്കയ്ക്ക് സാധിക്കുമെന്ന് തന്നെ കരുതാം.
ശുബം ദുബെ
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് തിരിച്ചു കൊണ്ടുവന്ന താരമാണ് ശുബം ദുബെ. വിദര്‍ഭക്കായി ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്ന താരം നേരത്തെ നാല് മത്സരങ്ങള്‍ രാജസ്ഥാനായി കളിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റിങ് വെടിക്കെട്ടാണ് താരം പുറത്തെടുത്തത്. നാല് മത്സരത്തില്‍ നിന്ന് 181.08 സ്‌ട്രൈക്ക് റേറ്റില്‍ 134 റണ്‍സാണ് അദ്ദേഹം നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ കരുത്തുള്ളവനാണ്. സഞ്ജുവിന്റെ രാജസ്ഥാന്റെ ഫിനിഷര്‍ റോളിലെ നിര്‍ണ്ണായക താരമായി ദുബെ മാറാനാണ് സാധ്യത കൂടുതല്‍. അപ്രതീക്ഷിത സ്റ്റായി ദുബെ മാറാനുള്ള സാധ്യത കൂടുതലാണെന്ന് നിസംശയം പറയാം.