ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ഓവറിനൊടുവിലാണ് രാജസ്ഥാനെ ഡല്‍ഹി വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റിന് 188 റണ്‍സ് തന്നെയാണ് നേടിയത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
ആദ്യം പന്തെറിഞ്ഞ ഡല്‍ഹി രാജസ്ഥാനെ 11ല്‍ ഒതുക്കി. രണ്ട് പന്ത് ബാക്കിനിര്‍ത്തി ജയിക്കാനും ഡല്‍ഹിക്കായി. സൂപ്പര്‍ ഓവറിലെ ഡല്‍ഹിയുടെ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരേയും നായകന്‍ സഞ്ജു സാംസണിനെതിരേയും വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഇവര്‍ കാട്ടിയ മണ്ടത്തരം രാജസ്ഥാനെ തോല്‍പ്പിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
എന്തുകൊണ്ട് ആര്‍ച്ചര്‍ക്ക് ബൗളിങ് കൊടുത്തില്ല
ഡല്‍ഹി സൂപ്പര്‍ ഓവറില്‍ പന്തേല്‍പ്പിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. അവസാന ഓവര്‍ എറിഞ്ഞ് മത്സരം സമനിലയാക്കിയ സ്റ്റാര്‍ക്ക് സൂപ്പര്‍ ഓവറിലും സ്റ്റാര്‍ക്കിനെത്തന്നെയാണ് പന്തേല്‍പ്പിച്ചത്. എന്നാല്‍ മറുപടി ബൗളിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജോഫ്രാ ആര്‍ച്ചര്‍ക്ക് ബൗളിങ് നല്‍കിയില്ല. പകരം സന്ദീപ് ശര്‍മക്കാണ് പന്ത് നല്‍കിയത്. ഇത് മണ്ടത്തരമായെന്നാണ് ആരാധകരുടെ വിമര്‍ശനം. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറാണ് രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണം. എന്നിട്ടും സൂപ്പര്‍ ഓവറില്‍ സന്ദീപിനെ എന്തിനാണ് പന്തേല്‍പ്പിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ജോഫ്രാ ആര്‍ച്ചര്‍ 10 ഡോട്ട് ബോളുകളാണെറിഞ്ഞത്. കെ എല്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും നില്‍ക്കുമ്പോള്‍ ആര്‍ച്ചറെ കൊണ്ടുവരണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സന്ദീപിനെ വിശ്വസിച്ചത് സഞ്ജുവിന്റെ തീരുമാനമാകാമെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തായാലും സന്ദീപിന്റെ ബൗളിങ് തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.

ഹെറ്റ്‌മെയറിനെ എന്തിന് ഇറക്കി?
ഷിംറോന്‍ ഹെറ്റ്‌മെയര്‍ അത്ര മികച്ച ഫോമിലായിരുന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ഹെറ്റ്‌മെയര്‍ വിറച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഹെറ്റ്‌മെയറെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിയാന്‍ പരാഗിനെ കൊണ്ടുവന്നതും മണ്ടന്‍ തീരുമാനമായി. ഹെറ്റ്‌മെയര്‍ കാരണമാണ് രണ്ട് പേരും റണ്ണൗട്ടായതും സൂപ്പര്‍ ഓവറില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി രാജസ്ഥാന്‍ ഓള്‍ഔട്ടായതും. ഹെറ്റ്‌മെയറല്ല യശ്വസി ജയ്‌സ്വാളും നിതീഷ് റാണയും ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ നിര്‍ദേശിക്കുന്നത്. സന്ദീപ് ശര്‍മയും ഷിംറോന്‍ ഹെറ്റ്‌മെയറും കേള്‍ക്കുന്ന വിമര്‍ശനം സഞ്ജുവും ദ്രാവിഡും അര്‍ഹിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.
രാഹുല്‍ മണ്ടത്തരം കാട്ടിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി നേരത്തെ ജയിച്ചേനെ
മത്സരത്തില്‍ രാജസ്ഥാനെ 188ലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ പിഴവാണെന്ന് പറയാം. 15ാം ഓവര്‍ എറിയാനെത്തിയ ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേലിനെ കടന്നാക്രമിക്കാനാണ് നിതീഷ് റാണ ശ്രമിച്ചത്. ആദ്യ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്യാച്ച് കൈവിട്ടപ്പോള്‍ നിതീഷിന്റെ ഷോട്ട് സിക്‌സായി. തൊട്ടടുത്ത പന്ത് ബൗണ്ടറിയും പായിച്ചു. മൂന്നാം പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച റാണക്ക് പിഴച്ചു. പന്ത് റാണയുടെ കാലില്‍ത്തട്ടി ലെഗ്‌ബൈ സിംഗിളായി. ഈ പന്തില്‍ വിക്കറ്റിനായി അക്ഷര്‍ പട്ടേല്‍ അപ്പീല്‍ ചെയ്തു. എല്‍ബിഡബ്ല്യുവിനായാണ് അക്ഷര്‍ അപ്പീല്‍ ചെയ്തത്. റിവ്യൂവെടുക്കാന്‍ നായകനായ അക്ഷര്‍ താല്‍പര്യം കാട്ടുകയും വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലിനോട് അഭിപ്രായം ചോദിക്കുകയും ചെയ്തു.
രാഹുലിന്റെ തീരുമാനങ്ങളില്‍ മിക്കതും ശരിയാകുന്നതാണ്. എന്നാല്‍ ഇത്തവണ റിവ്യൂ വേണ്ടെന്നും പന്ത് പുറത്താണെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇതോടെ അക്ഷര്‍ റിവ്യൂവില്‍ നിന്ന് പിന്മാറി. ഇത് ലോക മണ്ടത്തരമായിപ്പോയി. പന്ത് സ്റ്റംപിലേക്കാണെന്ന് റിപ്ലേയില്‍ വ്യക്തമായി. ഇതോടെ നിതീഷ് റാണയുടെ നിര്‍ണ്ണായക വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. പിന്നീട് കത്തിക്കയറിയ നിതീഷ് 26 പന്തില്‍ ഫിഫ്റ്റി നേടി.
അതിവേഗം റണ്‍സുയര്‍ത്തി രാജസ്ഥാനെ വിജയത്തിലേക്കടുപ്പിക്കാന്‍ നിതീഷിന് സാധിച്ചു. ഇത് റിവ്യൂവെടുക്കുകയും വിക്കറ്റാവുകയും ചെയ്തിരുന്നെങ്കില്‍ കളി മാറാന്‍ സാധ്യത കൂടുതലായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡര്‍മാരുടെ പിഴവുകളും പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീട്ടുന്നതിന് കാരണമായിട്ടുണ്ട്.