മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ വമ്പന്‍ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഷാരൂഖ് ഖാന്‍ ഉടമസ്ഥനായുള്ള കെകെആര്‍ ഇതിനോടകം മൂന്ന് തവണ കിരീടം നേടി. രണ്ട് തവണ ഗൗതം ഗംഭീറിന് കീഴില്‍ കപ്പിലേക്കെത്തിയ കെകെആര്‍ അവസാന സീസണില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും കപ്പില്‍ മുത്തമിട്ടു. ഷാരൂഖ് ഖാന്റെ ടീമെന്ന നിലയില്‍ വലിയ ആരാധക പിന്തുണ കെകെആറിന് ലഭിക്കാറുണ്ട്. ഇത്തവണയും വലിയ താരനിരയോടെയാണ് കെകെആര്‍ എത്തുന്നത്.
തോല്‍ക്കുമ്പോഴും കപ്പ് നേടുമ്പോഴും സ്വന്തം ടീമിനെ ചേര്‍ത്ത് നിര്‍ത്തുന്ന ഉടമസ്ഥന്മാരിലൊരാളാണ് ഷാരൂഖ് ഖാന്‍. സാധിക്കുമ്പോഴെല്ലാം കെകെആറിന്റെ മത്സരം കാണാന്‍ ഷാരൂഖ് ഖാന്‍ ഓടിയെത്താറുമുണ്ട്. ഗ്യാലറിയില്‍ തന്റെ താരങ്ങളെ പിന്തുണച്ച് മിക്കപ്പോഴും ഷാരൂഖ് എത്തുന്നത് താരങ്ങള്‍ക്കും വലിയ ആവേശമാണ്. ഒരിക്കല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അതിന് ഷാരൂഖ് ഖാന്‍ വായടപ്പിക്കുന്ന മറുപടിയും നല്‍കി. തന്റെ ടീമിനെ വിമര്‍ശിക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി നല്‍കാന്‍ ഷാരൂഖ് മടി കാട്ടാറില്ല. അന്ന് ഗവാസ്‌ക്കറുമായി ഷാരൂഖ് ഉടക്കിയ സംഭവം എന്താണെന്ന് അറിയാം.
ടീമിന്റെ രീതിയെ ഗവാസ്‌ക്കര്‍ വിമര്‍ശിച്ചത് ഇഷ്ടമായില്ല
സുനില്‍ ഗവാസ്‌ക്കര്‍ പൊതുവേ വിമര്‍ശിക്കാന്‍ മടി കാട്ടാത്ത ആളാണ്. താരങ്ങളേയും പരിശീലകരേയും ടീമിന്റെ രീതികളേയുമെല്ലാം രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. 2009ലായിരുന്നു ഈ സംഭവം. അന്ന് കെകെആറിന്റെ പരിശീലകന്‍ ജോണ്‍ ബുച്ചനാനായിരുന്നു. അന്ന് അദ്ദേഹം ഒന്നിലധികം നായകന്മാരെന്ന രീതി പരീക്ഷിച്ചിരുന്നു.
നായകന്റെ പദവി ഒരാള്‍ക്ക് നല്‍കാതെ ഒന്നിലധികം ആളുകള്‍ക്ക് വീതിച്ച് നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇതിനെ ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. ദി ടെലഗ്രാഫിലെ കോളത്തില്‍ പരിശീലകന്റെ തന്ത്രത്തേയും പിന്തുണക്കുന്ന ടീം ഉടമയേയും കളിയാക്കുന്ന രീതിയിലാണ് ഗവാസ്‌ക്കര്‍ എഴുതിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. ഗവാസ്‌ക്കറിനെതിരേ വലിയ വിമര്‍ശനം കെകെആറിന്റെ ടീം മാനേജ്‌മെന്റ് ഉയര്‍ത്തി. പിന്നാലെയാണ് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയത്.

സ്വന്തം ടീം വാങ്ങിയിട്ട് ഇഷ്ടമുള്ളത് ചെയ്യൂ
സുനില്‍ ഗവാസ്‌ക്കറിന്റെ ഇതിഹാസ താരപദവിയോട് യാതൊരു ബഹുമാനവും നല്‍കാതെയുള്ള പ്രതികരണമാണ് ഷാരൂഖ് ഖാന്‍ നടത്തിയത്. ഞാന്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടംകൊണ്ടാണ് ഇത്തരമൊരു ടീമിനെ പണം കൊടുത്ത് വാങ്ങിയത്. എന്റെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സ്വന്തമായൊരു ടീമിനെ വാങ്ങൂവെന്നാണ് ഷാരൂഖ് ഖാന്‍ സുനില്‍ ഗവാസ്‌ക്കറിന് മറുപടി നല്‍കിയത്.
ഇത് വലിയ രീതിയില്‍ ആരാധകര്‍ ആഘോഷിക്കുകയും ചെയ്തു. കെകെആര്‍ വലിയ താരമൂല്യമുള്ള ടീമാണ്. വലിയ ആരാധക പിന്തുണയും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഗവാസ്‌ക്കറിനെതിരേ പരസ്യ പ്രതികരണങ്ങളുമായിത്തന്നെ ആരാധകര്‍ രംഗത്തെത്തി. കെകെആറിന്റെ കാര്യങ്ങള്‍ കെകെആര്‍ തീരുമാനിക്കുമെന്നും മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നുമടക്കം വലിയ വിമര്‍ശനം ഇന്ത്യന്‍ ഇതിഹാസത്തിന് നേരിടേണ്ടി വന്നു.
ഗവാസ്‌ക്കറോട് മാപ്പ് പറഞ്ഞ് ഷാരൂഖ്
ഷാരൂഖിന്റെ മറുപടി ഗവാസ്‌ക്കറിനെ നാണംകെടുത്തുന്നതായിരുന്നു. ഇതിഹാസ താരമെന്ന നിലയില്‍ എല്ലാവരും ബഹുമാനിക്കുന്നവനായിട്ടും ഗവാസ്‌ക്കറോട് ഷാരൂഖ് കരുണ കാട്ടിയില്ല. എന്നാല്‍ ഷാരൂഖിന്റെ മറുപടി വലിയ ചര്‍ച്ചയായതോടെ ഗവാസ്‌ക്കറോട് മാപ്പ് പറഞ്ഞ് ഷാരൂഖ് രംഗത്തെത്തി. ഗവാസ്‌ക്കറുടെ ഉപദേശങ്ങളെ വലിയ ആദരവോടെ കാണുന്നുവെന്നും അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ ഗവാസ്‌ക്കറും ഷാരൂഖ് ഖാനും അധികം സംസാരിക്കാത്തതിനാല്‍ കൂടുതല്‍ വിവാദത്തിലേക്ക് പോയില്ല.