ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് റിക്കി പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റി. രാജസ്ഥാന്‍ റോയല്‍സ് പരിശീലകസ്ഥാനത്ത് നിന്ന് കുമാര്‍ സംഗക്കാരയെ മാറ്റി പകരം രാഹുല്‍ ദ്രാവിഡിനേയും കൊണ്ടുവന്നു. രാജസ്ഥാനിലേക്ക് ഇടവേളക്ക് ശേഷമാണ് ദ്രാവിഡ് മടങ്ങിയെത്തുന്നത്.
ദ്രാവിഡിന്റെ വരവോടെ ആരാധകര്‍ കാത്തിരുന്ന സഞ്ജു സാംസണ്‍, ദ്രാവിഡ് കൂട്ടുകെട്ട് രാജസ്ഥാനില്‍ കാണാന്‍ പോവുകയാണ്. സഞ്ജു സാംസണായിരിക്കും നായകനെന്ന് രാജസ്ഥാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇത് വ്യക്തമാക്കുന്ന വീഡിയോ അവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു സാംസണെ കൈപിടിച്ച് വളര്‍ത്തിയ ദ്രാവിഡിന് കീഴില്‍ നായകനായി കളിക്കാന്‍ പോകുന്ന അഭിമാന നിമിഷത്തിലാണ് സഞ്ജുവുള്ളത്.
നിമിത്തമായത് ദ്രാവിഡ്
ദ്രാവിഡുമായി വൈകാരികമായ അടുപ്പം സഞ്ജുവിനുണ്ട്. രാജസ്ഥാനിലെ ബന്ധത്തിന്റെ പേരിലാണ് സഞ്ജുവിന്റെ വിവാഹത്തിലടക്കം ദ്രാവിഡ് പങ്കെടുത്തത്. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരിക്കുമ്പോഴാണ് സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലടക്കം അവസരം ലഭിച്ചത്. ഇപ്പോഴിതാ രാജസ്ഥാനില്‍ ദ്രാവിഡുമായി വീണ്ടും ഒന്നിക്കുന്ന വേളയില്‍ രാജസ്ഥാനിലേക്കെത്താന്‍ ദ്രാവിഡ് സഹായിച്ചതും അന്ന് പറഞ്ഞ വാക്കും വൈറലായിരിക്കുകയാണ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. 'രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജയ്പൂരില്‍ ട്രയല്‍സ് നടന്നത്. ശ്രീശാന്ത് ഭായിയാണ് എന്നെ ട്രയല്‍സിന് കൊണ്ടുപോയത്. രാഹുല്‍ സാറും പാഡി അപ്റ്റണും അവിടെ ഉണ്ടായിരുന്നു. ഇതിന് മുമ്പ് ഞാന്‍ കെകെആറിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ട്രയല്‍സില്‍ ഇത്രയും വലിയ കടമ്പ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ട്രയല്‍സില്‍ സംഭവിച്ചത് ഇതാണ്
എന്താണ് അവിടെ സംഭവിക്കുകയെന്നും അവര്‍ക്ക് എന്താണ് വേണ്ടതെന്നും നമുക്ക് അറിയാന്‍ സാധിക്കില്ല. ഞാന്‍ രണ്ട് ദിവസം ട്രയല്‍സിന്റെ ഭാഗമായി. ട്രയല്‍സിന്റെ മുമ്പുള്ള എന്റെ പ്രകടനങ്ങളൊന്നും അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ട്രയല്‍സിലെ പ്രകടനം ഭേദപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ ആ ദിവസം മറക്കാനാവാത്തതാണ്. ആ ദിവസം ദ്രാവിഡ് സാര്‍ എന്നോട് പറഞ്ഞു നീ മഹത്തായ കാര്യങ്ങള്‍ ചെയ്യുമെന്ന്. നിനക്ക് ഞങ്ങളുടെ ടീമില്‍ കളിക്കാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിച്ചു.

അത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. ദ്രാവിഡ് സാറിനെപ്പോലൊരു ഇതിഹാസമാണ് അങ്ങനെ പറഞ്ഞത്. ദ്രാവിഡിനെപ്പോലൊരാള്‍ എന്നെക്കുറിച്ച് അങ്ങനെ പറയുമ്പോള്‍ അത് സത്യമല്ലാതെ പോകില്ല' സഞ്ജു പറഞ്ഞു. സഞ്ജു കേരളത്തിനായി നന്നായി കളിക്കുന്ന താരമാണെന്നും എന്നെ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് രാജസ്ഥാന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
രാജസ്ഥാനിലെ അവസരം തലവര മാറ്റി
എന്തായാലും അന്ന് രാജസ്ഥാനില്‍ ലഭിച്ച അവസരം സഞ്ജുവിന്റെ തലവര മാറ്റി. വലിയ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിട്ടും കളിച്ച് വളര്‍ന്ന രാജസ്ഥാന്‍ ടീമിനൊപ്പം തുടരാനാണ് സഞ്ജു താല്‍പര്യപ്പെട്ടത്. രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോള്‍ രണ്ട് വര്‍ഷം ഡല്‍ഹിക്കായി സഞ്ജു കളിച്ചു. ഇതിന് ശേഷം രാജസ്ഥാനിലേക്ക് തിരിച്ചെത്തിയ സഞ്ജു ഇപ്പോള്‍ നായകനെന്ന നിലയിലേക്ക് വളരുകയും ടീമിനെ ഫൈനല്‍ കളിപ്പിക്കുകയും ചെയ്തു. ഇത് മഹത്തായ കാര്യമാണ്.
അന്ന് വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. അന്ന് സഞ്ജുവിനെ ടീമിലെടുക്കാന്‍ കാരണമായ ദ്രാവിഡ് വീണ്ടും പരിശീലകനായി എത്തുമ്പോള്‍ ടീമിന്റെ നായകസ്ഥാനത്ത് സഞ്ജു നില്‍ക്കുകയെന്നത് എളുപ്പം ആര്‍ക്കും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. മെഗാ ലേലത്തില്‍ വലിയ മാറ്റങ്ങള്‍ ടീമില്‍ വരുത്താന്‍ രാജസ്ഥാന്‍ തയ്യാറായേക്കും. അടുത്ത സീസണില്‍ കപ്പിലേക്കെത്താന്‍ രാജസ്ഥാനാവുമോയെന്ന് കണ്ടറിയാം.