ഐപിഎല്ലിന്റെ മെഗാ താരലേലം വരാനിരിക്കെ മലയാളി താരം സഞ്ജു സാംസണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീം വിട്ട് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ലെങ്കിലും റോയല്‍സിനൊപ്പം അടുത്ത സീസണില്‍ സഞ്ജു ഉണ്ടാവില്ലെന്നു തന്നെയാണ് പല കോണുകളില്‍ നിന്നും ലഭിക്കുന്ന വിവരം.
റോയല്‍സ് വിടുകയാണെങ്കില്‍ സഞ്ജു ചേക്കേറാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സിഎസ്‌കെയാണ്. ഒരുപാട് കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നു കാണാം. യഥാര്‍ഥത്തില്‍ റോയല്‍സ് വിട്ട് ചെന്നൈയിലേക്കു വന്നാല്‍ അതു എങ്ങനെയായിരിക്കും സഞ്ജുവിന്റെ കരിയറിനെ ബാധിക്കുക? ഇന്ത്യന്‍ ടീമില്‍ അകത്തും പുറത്തുമായി തുടരുന്ന ഈ അനിശ്ചിതത്വം മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുമോ? ഇതേക്കുറിച്ചു നോക്കാം.

സഞ്ജുവിന്റെ താരമൂല്യം വര്‍ധിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വരികയാണെങ്കില്‍ അതു സഞ്ജു സാംസണിന്റെ കരിയറില്‍ വലിയ മാറ്റം തന്നെയാവും കൊണ്ടു വരുന്നത്. കാരണം റോയല്‍സിനെ അപേക്ഷിച്ച് കൂടുതല്‍ ബ്രാന്‍ഡ് വാല്യുവും ആരാധക പിന്തുണയുമെല്ലാമുള്ള ടീമാണ് മഞ്ഞപ്പട. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ ഇപ്പോഴത്തെ കരിയറിനേക്കാള്‍ ഒരു പടി മുകളിലേക്ക് തന്നെ കയറാന്‍ കൂടുമാറ്റം സഹായിക്കും.
റോയല്‍സിനായി പെര്‍ഫോം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുകല്‍ ശ്രദ്ധയും അംഗീകാരവുമെല്ലാം സിഎസ്‌കെയില്‍ അദ്ദേഹത്തിനു ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലില്‍ ഏറ്റവുധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിനൊപ്പം പങ്കുവയ്ക്കുന്ന ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. മാത്രമല്ല കൂടുതല്‍ തവണ ഫൈനലില്‍ കളിച്ച ടീമും അവര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു വമ്പന്‍ ഫ്രാഞ്ചൈസിക്കായി കളിക്കുന്നത് സഞ്ജുവിന്റെ താരമൂല്യമുയര്‍ത്തും.
ബാറ്റിങില്‍ കൂടുതല്‍ മിന്നിക്കും
സഞ്ജുവിന്റെ വ്യക്തിഗത പ്രകടനത്തിലും വലിയ മാറ്റം സിഎസ്‌കെയിലേക്കു വന്നാല്‍ സംഭവിച്ചേക്കാം. കാരണം റോയല്‍സില്‍ അദ്ദേഹത്തിനു സമ്മര്‍ദ്ദവും ഉത്തരവാദിത്വവുമെല്ലാം കൂടുതലാണ്. ടീമിന്റെ ക്യാപ്റ്റനായതിനാല്‍ തന്നെ അദ്ദേഹത്തിനു മേല്‍ വലിയ സമ്മര്‍ദ്ദവും പ്രതീക്ഷകളുമുണ്ടാവും.
ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും മുന്‍നിരയില്‍ ബാറ്റിങും കൂടി വരുമ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിയാവുകയും ചെയ്യും. പക്ഷെ സിഎസ്‌കെയില്‍ സഞ്ജുവിനു ഇത്രത്തോളം സമ്മര്‍ദ്ദം പേറേണ്ടതായി വരില്ല. കാരണം ടീമിന്റെ നായകസ്ഥാനം അദ്ദേഹത്തിനു ലഭിക്കില്ല.
റുതുരാജ് ഗെയ്ക്വാദിനു കീഴിലാവും അദ്ദേഹത്തിനു കളിക്കേണ്ടതായി വരിക. അതിനാല്‍ വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും മാത്രം സഞ്ജുവിനു ശ്രദ്ധിച്ചാല്‍ മതിയാവും. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാതെ തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും.
സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തിനു ശേഷം പല താരങ്ങളുടെയും കരിയറില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി നമുക്കു കാണാന്‍ സാധിക്കും. മറ്റു ഫ്രാഞ്ചൈസികളില്‍ നിറംമങ്ങിയ പലരും സിഎസ്‌കെയിലെത്തുമ്പോള്‍ ഹീറോയായി മാറിയത് കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തിലെ അവസാനത്തെയാളാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ഇതു പോലെ തന്നെ സഞ്ജുവിനും റോയല്‍സിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാനുള്ള സ്വാതന്ത്ര്യം സിഎസ്‌കെയില്‍ ലഭിക്കും. ഇതു ഇന്ത്യന്‍ ടീമിനൊപ്പവും അദ്ദേഹത്തിനു ഗുണം ചെയ്യും

ധോണിയുടെ സാന്നിധ്യം
വിരമിക്കാനൊരുങ്ങുന്ന മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായിട്ടാണ് സഞ്ജു സിഎസ്‌കെയിലേക്കു വരുന്നത്. കളി നിര്‍ത്തിയാലും കോച്ചോ, ടീം ഡയറക്ടറോ ആയി ധോണി തീര്‍ച്ചയായും സിഎസ്‌കെയുടെ കൂടാരത്തില്‍ തന്നെയുണ്ടാവും. അദ്ദേഹത്തിന്റെ സാന്നിധ്യം സഞ്ജുവിനു കൂടുതല്‍ ഗുണം ചെയ്യും.
വിക്കറ്റ് കീപ്പിങില്‍ തനിക്കു പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിക്കാനും ബാറ്റിങ് മെച്ചപ്പെടുത്താനുമെല്ലാം സഞ്ജുവിനെ ധോണി സഹായിക്കും. ഒരു പെര്‍ഫെക്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായി അദ്ദേഹത്തെ ധോണി ഉടച്ചു വാര്‍ക്കുമെന്നതില്‍ സംശയമില്ല.