ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള മിനി താരലേലം ഡിസംബറിലായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. കഴിഞ്ഞ മെഗാ ലേലത്തിലേതു പോലെ വലിയൊരു പൂളില്‍ കളിക്കാരെ ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കഴിഞ്ഞ സീസണിലെ ചെറിയ കുറവുകള്‍ പരിഹരിക്കുന്നതിനായുള്ള ഒരു വേദി മാത്രമായിരിക്കും മിനി താരലേലം.
വലിയ രീതിയിലുള്ള അഴിച്ചുപണികളിലേക്കു ഒരു ഫ്രാഞ്ചൈസിയും കടക്കില്ല. നിലവിലെ സംഘത്തിലുള്ളവരില്‍ കുറച്ചു പേരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിയും കൈവിടാനുള്ള സാധ്യതയുള്ളൂ. ഇത്തവണത്തെ ലേലത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നായി മാറിയേക്കുക മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണായിരിക്കും.
ട്രേഡിങ് വിന്‍ഡോയില്‍ റോയല്‍സില്‍ നിന്നും അദ്ദേഹത്തിനു മറ്റൊരു ടീമിലേക്കു കൂടുമാറാന്‍ സാധിക്കുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല. രണ്ടു ടീമുകള്‍ക്കു ഒരുപോലെ സ്വീകാര്യമായ ഒരു കരാര്‍ ഉണ്ടായെങ്കില്‍ മാത്രമേ കൈമാറ്റം സാധ്യമാവുകയുള്ളൂ. അതു സംഭവിക്കാതെ വന്നാല്‍ ലേലത്തിനു മുമ്പ് സഞ്ജുവിനെ റിലീസ് ചെയ്യുകയാണ് റോയല്‍സിനു മുന്നിലുള്ള അടുത്ത വഴി. ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ എത്രയാവും സഞ്ജുവിന്റെ മൂല്യം? ഇതേക്കുറിച്ചു പരിശോധിക്കാം.

സഞ്ജുവിനെ സ്‌പെഷ്യലാക്കുന്നതെന്ത്?
ഒരുപാട് ഘടകങ്ങള്‍ സഞ്ജു സാംസണിനെ മറ്റു കളിക്കാരില്‍ നിന്നും സ്‌പെഷ്യലാക്കി മാറ്റുന്നുണ്ട്. ഇതില്‍ ആദ്യത്തേത് അദ്ദേഹത്തിന്റെ നേതൃമികവാണ്. 2021 മുതല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അദ്ദഹം ഐപിഎല്ലില്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. 2022ല്‍ ടീമിനെ ഫൈനല്‍ വരെയും 24ല്‍ പ്ലേഓഫിലെത്തിക്കാനും സഞ്ജുവിനായിരുന്നു.
ഐപിഎല്ലില്‍ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനെയും ദീര്‍ഘകാലമായി നയിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ഇതു ലേലത്തില്‍ 5-6 കോടി വരെ ലേലത്തില്‍ സഞ്ജുവിന്റെ മൂല്യവും വര്‍ധിപ്പിക്കും.
അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്ന രണ്ടാമത്തെ ഘടകം ഇന്ത്യന്‍ താരമാണന്നതാണ്. ഏതൊരു ഫ്രാഞ്ചൈസിയും നായകസ്ഥാനത്തേക്കു പ്രഥമ പരിഗണന നല്‍കുക ഒരു ഇന്ത്യന്‍ താരത്തെയാണ്. ഇതു വിദേശ കളിക്കാരുടെ ക്വാട്ട കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ ടീമുകളെ സഹായിക്കുകയും ചെയ്യും. ഇതു 25-30 ശതമാനം വരെ സഞ്ജുവിന്റെ മൂല്യവും ഉയര്‍ത്തും.
അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്ന മൂന്നാമത്തെ ഘടകം സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാണെന്നതാണ്. സഞ്ജുവിനെ പോലെ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള, ഒര മുന്‍നിര ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. കഴിഞ്ഞ സീസണില്‍ പല ഫ്രാഞ്ചൈസികളും അദ്ദേഹത്തെ പോെയൊരു വിക്കറ്റ് കീപ്പറെ മിസ് ചെയ്യുകയും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പറാണെന്ന കാര്യം ലേലത്തില്‍ സഞ്ജുവിന്റെ മൂല്യം അഞ്ച് മുതല്‍ ആറു കോടി വരെ വര്‍ധിപ്പിക്കുകയും ചെയ്യും. പല ടീമുകളും പുതിയ സീസണിലേക്കു ഒരു ഇന്ത്യന്‍ കീപ്പറെ നോട്ടമിടുന്നുണ്ട്. വലിയ ആരാധക പിന്തുണയും കഴിവുമുള്ള സഞ്ജുവിനെ പോലെയൊരാളെ ലേലത്തില്‍ ലഭിക്കുമ്പോള്‍ ഒരു ടീമും വേണ്ടെന്നു വയ്ക്കാന്‍ ശ്രമിക്കുകയുമില്ല.

ലേലത്തില്‍ എത്ര ലഭിക്കും?
അടുത്ത മിനി താരലേത്തില്‍ 1.5- 2 കോടിയായിക്കും സഞ്ജു സാംസണിന്റെ അടിസ്ഥാന വില. ഈ തുക എത്ര വരെ പോകുമെന്നതാണ് ആകാംക്ഷയുയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ മെഗാ ലേലത്തില്‍ റിഷഭ് പന്തിനായയി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി രൂപ മുടക്കിയതാണ് ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഈ തുകയെ സഞ്ജു ഓവര്‍ടേക്ക് ചെയ്യുമോയെന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം.
കാരണം വരാനിരിക്കുന്നത് മിനി ലേലമായതിനാല്‍ ഒരികൈവിട്ട കളിക്ക് ഫ്രാഞ്ചൈസികള്‍ മുതിര്‍ന്നേക്കില്ല. 20-25 കോടിയാവും സഞ്ജുവിനായി ഫ്രാഞ്ചൈസികള്‍ മാറ്റിവയ്ക്കാനിടയുള്ള ബഡ്ജറ്റ്. അതിനാല്‍ തന്നെ ഇതിനിടയിലൊരു തുക ഉറപ്പായും അദ്ദേഹത്തിനു പ്രതീക്ഷിക്കാം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സില്‍ 18 കോടിയാണ് സഞ്ജുവിന്റെ ശമ്പളം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാവും ലേലത്തില്‍ അദ്ദേഹത്തിനായി രംഗത്തിറങ്ങാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍.