ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് 14കാരനായ വൈഭവ് സൂര്യവന്‍ഷി. നാലാം വയസില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വൈഭവ് ഇപ്പോള്‍ ഐപിഎല്ലില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ 1.10 കോടിക്കാണ് വൈഭവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യ മത്സരങ്ങളില്‍ നിന്നെല്ലാം തഴയപ്പെട്ട വൈഭവിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ അരങ്ങേറ്റത്തിനായി പരിഗണിച്ചത്.
നേരിട്ട ആദ്യ പന്തില്‍ ശാര്‍ദ്ദുല്‍ ഠാക്കൂറിനെ സിക്‌സര്‍ പായിച്ച് വരവറിയിച്ച് വൈഭവ് 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സോടെയാണ് അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ചത്. തന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന പ്രകടനമാണ് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ വൈഭവ് കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള പ്രതിഭ തനിക്കുണ്ടെന്ന് തെളിയിക്കാന്‍ വൈഭവിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിനും പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് വൈഭവ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അത്ഭുത ബാലനായി മാറി പിന്നീട് ഇതിഹാസമായി മാറാന്‍ വൈഭവിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുള്ള ചില വമ്പന്‍ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ വൈഭവിന് സാധിച്ചേക്കും. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഇന്ത്യക്കായി അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം
ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്തുക വൈഭവിന് പ്രയാസമാവില്ല. സച്ചിനെപ്പോലെ തന്നെ നന്നേ ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുമ്പോള്‍ പ്രായം 16 വയസും 205 ദിവസവുമായിരുന്നു. 1989ല്‍ പാകിസ്താനെതിരേയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഈ റെക്കോഡ് കാലമിത്രയായിട്ടും തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഇതിനുള്ള അവസരം ഇപ്പോള്‍ വൈഭവിന് മുന്നിലുണ്ട്.

ഈ സീസണിലെ ഐപിഎല്ലില്‍ വൈഭവിന് തുടര്‍ അവസരങ്ങള്‍ ഉറപ്പാണ്. ഓപ്പണര്‍ റോളില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി അരങ്ങേറം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിന് സാധിച്ചേക്കും. അടുത്ത വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ വൈഭവിന് സാധിക്കാനായാല്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ വൈഭവിന് സാധിക്കും.
ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം
ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിന് മുന്നില്‍ അവസരമുണ്ട്. നിലവില്‍ ഈ റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലാണ്. 17 വയസും 107 ദിവസവും പ്രായം ഉള്ളപ്പോഴാണ് സച്ചിന്‍ സെഞ്ച്വറി നേടുന്നത്. 1990ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു സച്ചിന്റെ ഈ സെഞ്ച്വറി പ്രകടനം. ഓള്‍ഡ് ട്രെഫോര്‍ഡില്‍ 119 റണ്‍സോടെയാണ് അന്ന് സച്ചിന്‍ മിന്നിച്ചത്. കാലമിത്രയായിട്ടും സച്ചിന്റെ പേരിലുള്ള ഈ റെക്കോഡ് തകര്‍ക്കാന്‍ മറ്റൊരു ഇന്ത്യക്കാരനുമായിട്ടില്ല. എന്നാല്‍ വൈഭവിന് മുന്നില്‍ ഈ അവസരമുണ്ട്.
അടുത്ത വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം നടത്താനായാല്‍ ഈ റെക്കോഡ് എത്തിപ്പിടിക്കുക വൈഭവിന് പ്രയാസമായിരിക്കില്ല. ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് വൈഭവ്. അരങ്ങേറ്റ മത്സരത്തിലെ താരത്തിന്റെ ഓരോ ഷോട്ടും യുവതാരത്തിന്റെ മികവ് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാകാന്‍ വൈഭവിന് മുന്നില്‍ അവസരമുണ്ടെന്ന് തന്നെ പറയാം.
വിദേശത്ത് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം
വിദേശത്ത് സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കെത്താനും വൈഭവിന് മുന്നില്‍ അവസരമുണ്ട്. 17 വയസും 107 ദിവസവും പ്രായമുള്ളപ്പോള്‍ സച്ചിന്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയാണ് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. ഇത് തകര്‍ക്കാനുള്ള അവസരവും വൈഭവിന് മുന്നിലുണ്ട്. എന്നാല്‍ ഇതെല്ലാം സാധ്യമാകണമെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും വൈഭവിന് ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ സാധിക്കണം. ഇത് സാധ്യമാകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.