ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പുരോഗമിക്കുകയാണ്. ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത പല ടീമുകളും ഈ സീസണില്‍ മുന്നേറ്റം കാഴ്ചവെക്കുന്നതാണ് ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കുന്നത്. ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. സജീവ കിരീട പ്രതീക്ഷ ടീമിനുണ്ടായിരുന്നെങ്കിലും തുടക്കം ഗംഭീരമായില്ല.
അഞ്ച് മത്സരത്തില്‍ മൂന്നിലും രാജസ്ഥാന്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. താരങ്ങളെല്ലാം ഭേദപ്പെട്ട ഫോമിലാണെങ്കിലും കപ്പിലേക്കെത്തുമെന്ന് പ്രതീക്ഷ നല്‍കാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ടീമിന്റെ നിലവാരം പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വസ്തുത. സഞ്ജു സാംസണിന് കീഴില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നുണ്ടെങ്കിലും കപ്പ് നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പറയാം.
ഇത്തവണ രാജസ്ഥാനെ പിന്നോട്ടടിക്കുന്നത് എന്തൊക്കെ പ്രശ്‌നങ്ങളാണ്?. പോരാട്ടം മുറുകവെ രാജസ്ഥാന് തലവേദനയായി മാറിയിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മൂന്നാം നമ്പറിലേക്ക് വിശ്വസ്തനെ കണ്ടെത്താനായിട്ടില്ല
ജോസ് ബട്‌ലറെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത് സഞ്ജു സാംസണ്‍ ഓപ്പണറായി എത്തുമെന്ന ഉറപ്പിന്മേലാണ്. മൂന്നാം നമ്പറിലേക്ക് മറ്റൊരു താരത്തെ കൊണ്ടുവരാമെന്നായിരുന്നു രാജസ്ഥാന്റെ പദ്ധതി. ഇതിനായി നിതീഷ് റാണയെയാണ് രാജസ്ഥാന്‍ പരിഗണിച്ചത്. മൂന്ന് നമ്പറില്‍ ഇത്തവണ കളിച്ച് ഒരു വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ നിതീഷ് റാണക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്നതില്‍ നിതീഷ് റാണ പിന്നോട്ട് പോയിരിക്കുകയാണ്.
നിതീഷിനെ മൂന്നാം നമ്പറില്‍ വിശ്വസിക്കാനാവുന്നില്ല. റിയാന്‍ പരാഗിനേയും മൂന്നാം നമ്പറിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തിനും പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. മൂന്നാം നമ്പറിലേക്ക് വിശ്വസ്തനായ താരത്തെ കണ്ടെത്താനാവാത്തത് ടീമിനെ ബാധിക്കുന്നുണ്ട്. മൂന്നാം നമ്പര്‍ പെട്ടെന്ന് പുറത്താവുന്നത് പിന്നാലെ എത്തുന്നവരേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് ടീമിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിടുന്നു. മൂന്നാം നമ്പറിലെ പ്രശ്‌നം പരിഹരിക്കാനാവാത്തത് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത കുറക്കുകയാണെന്ന് പറയാം.

യശ്വസി ജയ്‌സ്വാളിന്റെ നിരാശപ്പെടുത്തുന്ന ഫോം
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് പല സൂപ്പര്‍ താരങ്ങളേയും കൈവിട്ടപ്പോള്‍ പകരം യശ്വസി ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷ വെച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇന്ത്യന്‍ ടീമിനൊപ്പവും ഗംഭീര പ്രകടനം നടത്താന്‍ സാധിച്ചിരുന്ന ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ പതിവ് വെടിക്കെട്ട് ആവര്‍ത്തിക്കുമെന്ന് കരുതിയ രാജസ്ഥാന് പിഴച്ചു. ഇത്തവണ ഒരു അര്‍ധ സെഞ്ച്വറി നേടിയത് മാറ്റി നിര്‍ത്തിയാല്‍ ജയ്‌സ്വാളിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
താരത്തിന് സ്ഥിരത കണ്ടെത്താനാവുന്നില്ല. കൂടാതെ വലിയ സ്‌കോര്‍ പിന്തുടരുന്ന സാഹചര്യത്തില്‍ ജയ്‌സ്വാളിനെ വിശ്വസിക്കാനുമാവുന്നില്ല. യശ്വസി ജയ്‌സ്വാളിന്റെ നിരാശപ്പെടുത്തുന്ന ഫോം രാജസ്ഥാനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം. ജയ്‌സ്വാളിന് താളം കണ്ടെത്താനാവാത്തത് നായകന്‍ സഞ്ജു സാംസണിനേയും പ്രതികൂലമായി ബാധിക്കുന്നു. ജയ്‌സ്വാള്‍ ഫോം കണ്ടെത്താനാവാത്ത പക്ഷം രാജസ്ഥാന് ഇത്തവണ മുന്നോട്ടുള്ള കുതിപ്പ് പ്രയാസമായിരിക്കുമെന്നുറപ്പ്.
ഫിനിഷിങ്ങില്‍ ഹെറ്റ്‌മെയറിന് പിന്തുണയില്ല
ഷിംറോന്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ഫിനിഷര്‍. എന്നാല്‍ ഇതിന് ശേഷം രാജസ്ഥാന്റെ ബാറ്റിങ് കരുത്ത് പരിശോധിക്കുമ്പോള്‍ നിരാശയാണ് ഫലമെന്ന് പറയാം. ഇത്തവണ രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍മാരായി പരിഗണിച്ചിരിക്കുന്ന വനിന്‍ഡു ഹസരങ്കയുടെ ബാറ്റിങ്ങിനെ വിശ്വസിക്കാനാവില്ല. രാജസ്ഥാന്റെ നിലവിലെ ബൗളിങ് നിരയില്‍ ജോഫ്രാ ആര്‍ച്ചര്‍ മാത്രമാണ് അല്‍പ്പം കൂടി ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യുന്നത്. ഹെറ്റ്‌മെയറിന് ശേഷമുള്ള രാജസ്ഥാന്റെ ബാറ്റിങ് കരുത്ത് ദുര്‍ബലമാണ്. ഇത് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യമാണെന്ന് തന്നെ പറയാം.