ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പ്രതീക്ഷിച്ചപോലെ തന്നെ പ്രധാന ടീമുകളെല്ലാം ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടക്കത്തിലേ തന്നെ പോരാട്ടം തീപാറിയിരിക്കുകയാണ്. ഇത്തവണ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ആദ്യത്തെ രണ്ട് മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
സഞ്ജുവിന്റെ കൈവിരലിന് പൊട്ടലേറ്റതോടെ ആദ്യത്തെ രണ്ട് മത്സരത്തില്‍ രാജസ്ഥാനെ നയിച്ചത് റിയാന്‍ പരാഗാണ്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ രാജസ്ഥാന് ആദ്യത്തെ രണ്ട് മത്സരത്തിലും മികവ് കാട്ടാന്‍ സാധിക്കാതെ പോയി. എന്നാല്‍ മൂന്നാം മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന്‍ റോയല്‍സിനായി. ഫിറ്റ്‌നസ് വീണ്ടെടുത്ത സഞ്ജു സാംസണ്‍ നാലാം മത്സരത്തില്‍ രാജസ്ഥാന്റെ നായകനായി തിരിച്ചുവരവ് നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
സഞ്ജു സാംസണ്‍ നായകനായി തിരിച്ചു വരുന്നതോടെ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും കരുത്താര്‍ജിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജു ക്യാപ്റ്റനായി തിരിച്ചുവരുന്നതോടെ രാജസ്ഥാന്‍ ടീമിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തന്നെ കരുതാം. എന്തൊക്കെ മാറ്റങ്ങളാവും സഞ്ജു വരുത്തുക? പരിശോധിക്കാം.
വൈഭവ് സൂര്യവന്‍ഷിക്ക് അവസരം നല്‍കിയേക്കും
ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച യുവതാരമാണ് വൈഭവ് സൂര്യവന്‍ഷി. പ്രായം 14 മാത്രമുള്ള വൈഭവിന്റെ നെറ്റ്‌സിലെ പ്രകടനം മികച്ചതാണ്. സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡുമെല്ലാം വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ വൈഭവിനെ കളിപ്പിച്ചിട്ടില്ല. എന്നാല്‍ നാലാം മത്സരത്തില്‍ സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ സൂര്യവര്‍ഷിക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.
യുവതാരത്തെ ഇംപാക്ട് പ്ലയറായി കളിപ്പിക്കാനാണ് സാധ്യത. വൈഭവ് സൂര്യവന്‍ഷിയെ അടുത്ത സൂപ്പര്‍ താരമാക്കി വളര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കും. യശ്വസി ജയ്‌സ്വാളിനെയും സഞ്ജു സാംസണിനേയും വളര്‍ത്തിയതുപോലെ വൈഭവിലും ടീം പ്രതീക്ഷവെക്കുന്നുണ്ട്. യുവതാരത്തെ ടീമിലേക്ക് കൊണ്ടുവന്നത് തന്നെ വലിയ പ്രതീക്ഷയോടെയാണ്. വൈഭവിന് സഞ്ജു അവസരം നല്‍കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

തുഷാര്‍ ദെശപാണ്ഡെയെ ന്യൂബോള്‍ ഉപയോഗിക്കും
ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളാണ് തുഷാര്‍ ദെശപാണ്ഡെ. വലം കൈയന്‍ പേസറായ തുഷാറിനെ സിഎസ്‌കെയില്‍ നിന്നാണ് രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത്. സിസ്‌കെയില്‍ ന്യൂബോളില്‍ മികവ് കാട്ടിയ തുഷാറിനെ വേണ്ടപോലെ ഉപയോഗിക്കാന്‍ പരാഗിന് സാധിച്ചിട്ടില്ല. പലപ്പോഴും മധ്യ ഓവറുകളിലാണ് ദെശപാണ്ഡെയെ ഉപയോഗിച്ചത്. എന്നാല്‍ സഞ്ജു സാംസണ്‍ നായകനാവുന്നതോടെ ദെശപാണ്ഡെയെ ന്യൂബോളില്‍ കൂടുതലായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
സ്വിങ് ലഭിക്കുന്ന പിച്ചില്‍ തുഷാറിന് മികവ് കാട്ടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ദെശപാണ്ഡെയെ കൂടുതല്‍ ന്യൂബോളില്‍ ഉപയോഗിക്കാന്‍ സഞ്ജു തയ്യാറായേക്കും. സന്ദീപ് ശര്‍മയെ ഡെത്തോവറുകളിലേക്ക് കൂടുതല്‍ ഉപയോഗിക്കാനാവും സഞ്ജു തയ്യാറാവുക. മഹേഷ് തീക്ഷണ, വനിന്‍ഡു ഹസരങ്ക എന്നിവരെ ഒന്നിച്ച് കളിപ്പിച്ചേക്കില്ല. ഹസരങ്കക്ക് കൂടുതല്‍ പിന്തുണ സഞ്ജു നല്‍കിയേക്കും. പേസ് നിരയില്‍ ആകാശ് മധ് വാളുണ്ട്. എന്നാല്‍ രാജസ്ഥാന്‍ വേണ്ടവിധം താരത്തെ ഉപയോഗിച്ചിട്ടില്ല. മുന്‍ മുംബൈ പേസറെ കളിപ്പിക്കാന്‍ സഞ്ജു തയ്യാറായേക്കും.
പരാഗിനെ അഞ്ചാം നമ്പറിലേക്ക് മാറ്റും
രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് റിയാന്‍ പരാഗ് ബാറ്റിങ് ഓഡര്‍ മാറ്റിയിരുന്നു. എന്നാല്‍ താരത്തിന് മികവ് കാട്ടാന്‍ സാധിക്കാതെ പോയതോടെ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് നിതീഷ് റാണയെ കൊണ്ടുവന്നു. ഇത് ഫലം കണ്ടു. താരം തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ രാജസ്ഥാന്റെ മാച്ച് വിന്നറായി മാറി. സഞ്ജു നായകനാവുമ്പോള്‍ നിതീഷ് റാണ മൂന്നാം നമ്പറില്‍ തന്നെ തുടര്‍ന്നേക്കും. എന്നാല്‍ പരാഗിന്റെ ബാറ്റിങ് ഓഡര്‍ അഞ്ചാം നമ്പറിലേക്ക് പോയേക്കും. നാലാം നമ്പറില്‍ ദ്രുവ് ജുറേലിനെ കളിപ്പിക്കാന്‍ സഞ്ജു കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും.