ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. ആദ്യത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. എന്നാല്‍ പിന്നീട് കളിച്ച രണ്ട് മത്സരത്തിലും സിഎസ്‌കെയ്ക്ക് തോല്‍വി നേരിടേണ്ടി വന്നിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ സിഎസ്‌കെ തുടങ്ങിയത്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനം ഉയരുന്നത് എംഎസ് ധോണിക്കെതിരേയാണ്. ധോണി ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങുന്നതിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ധോണി ടീമിനെ ജയിപ്പിക്കാതെ ആരാധകര്‍ക്കായി കളിക്കുന്നതാണ് തോല്‍വിക്ക് കാരണമെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വികള്‍ക്ക് പിന്നാലെ ധോണിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്.
180 റണ്‍സ് മറികടന്ന് ജയിച്ചിട്ട് നാള്‍ എത്രയായി?
രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തില്‍ അവസാന ഓവര്‍വരെ പോരാട്ടം നീണ്ടു. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 183 റണ്‍സ് വിജയലക്ഷ്യം സിഎസ്‌കെയ്ക്ക് മറികടക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. സിഎസ്‌കെയുടെ തോല്‍വിയെക്കാള്‍ എടുത്തു പറയേണ്ടത് സിഎസ്‌കെ 180ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെയായി എന്നതാണ്. സിഎസ്‌കെയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നതാണ് ഈ പിഴവ്.
വീരേന്ദര്‍ സെവാഗ് സിഎസ്‌കെയുടെ ഈ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് ഒന്നോ രണ്ടോ മത്സരങ്ങള്‍ ചിലപ്പോള്‍ ഓര്‍മയിലുണ്ടാവും. എന്നാല്‍ അടുത്തൊന്നും ഇത്തരമൊരു മത്സരം നിങ്ങളുടെ ഓര്‍മയിലേക്കെത്തില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ പോലും 180 റണ്‍സിന് മുകളില്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല. എംഎസ് ധോണി ഉള്‍പ്പെടെ പല പ്രമുഖരുമുണ്ടായിട്ടും സിഎസ്‌കെയ്ക്ക് ഇതിന് സാധിക്കുന്നില്ലെന്നത് ടീം കരുത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

റെയ്‌ന പോയ ശേഷം സിഎസ്‌കെയ്ക്കത് സാധിച്ചില്ല
ഐപിഎല്ലില്‍ സിഎസ്‌കെയുടെ വജ്രായുധങ്ങളിലൊന്നായിരുന്നു സുരേഷ് റെയ്‌ന. ധോണി സിഎസ്‌കെയിലെ തലയായിരുന്നെങ്കില്‍ ചിന്നത്തലയായി മിന്നിക്കുന്ന പ്രകടനമാണ് റെയ്‌ന ഒരു കാലത്ത് കാഴ്ചവെച്ചത്. ഇപ്പോഴും സിഎസ്‌കെ ആരാധകരുടെ മനസില്‍ റെയ്‌നക്ക് സ്ഥാനമുണ്ട്. മൂന്നാം നമ്പറില്‍ അതുല്യ റെക്കോഡുകള്‍ നേടിയാണ് റെയ്‌ന കളമൊഴിഞ്ഞത്. ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ കൂടുതല്‍ റണ്‍സും ഇടം കൈയനായ റെയ്‌നയുടെ പേരിലാണ്.
റെയ്‌ന സിഎസ്‌കെയിലുണ്ടായിരുന്നപ്പോള്‍ 180ന് മുകളില്‍ സ്‌കോര്‍ അനായാസം ടീം മറികടന്നിരുന്നു. റെയ്‌ന ഉള്ളപ്പോള്‍ ഒമ്പത് തവണയാണ് സിഎസ്‌കെ 180 റണ്‍സിന് മുകളില്‍ പിന്തുടര്‍ന്ന് ജയിച്ചത്. എന്നാല്‍ റെയ്‌ന പോയ ശേഷം ഒരു തവണ പോലും ഈ നേട്ടത്തിലെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി. റെയ്‌നയുടെ വിടവ് നികത്തുന്ന പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
സിഎസ്‌കെ യുവതാരങ്ങളെ വളര്‍ത്തണം
സിഎസ്‌കെ ഇപ്പോഴും വിരമിച്ച താരങ്ങളെ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഈ ശൈലിയില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിട്ട് നാളുകളേറെയായി. കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് സിഎസ്‌കെ എത്തിക്കേണ്ടതായുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളെ സിഎസ്‌കെയ്ക്ക് ആവശ്യമാണെന്ന് പറയാം. ഇംപാക്ട് പ്ലയറായി ഉപയോഗിക്കാന്‍ പോലും മികച്ചൊരു താരം ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പമില്ല. സിഎസ്‌കെ ശൈലി മാറ്റാതെ രക്ഷപെടില്ലെന്ന് തന്നെ പറയാം. എന്തായാലും ഇത്തവണ സിഎസ്‌കെയില്‍ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പ്രകടനം വിലയിരുത്തുമ്പോള്‍ വ്യക്തമാവും.