അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18ാം സീസണിലെ പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം ഇന്നു നടക്കാനിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് കൊമ്പുകോര്‍ക്കുക. ഇരുടീമുകളും ഇതുവരെ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടിട്ടില്ല എന്നതിനാല്‍ തന്നെ പുതിയൊരു ചാംപ്യന്റെ പിറവിക്കു കൂടിയാവും ഇന്നു ക്രിക്കറ്റ് ലോകം സാക്ഷിയാവുക.
ഇത്തവണ ഫൈനലില്‍ താന്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് താന്‍ പിന്തുണയ്ക്കുന്ന ടീമിനെക്കുറിച്ച് മുന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), പഞ്ചാബ് കിങ്‌സ് താരം കൂടിയായ അദ്ദേഹം തുറന്നു പറഞ്ഞത്.

കിരീടം പഞ്ചാബ് നേടണം
ഐപിഎല്ലില്‍ തന്റെ മുന്‍ ടീം കൂടിയായ പഞ്ചാബ് കിങ്‌സ് ഇത്തവണ ചാംപ്യന്മാരാവണമെന്നാണ് ആഗ്രഹമെന്നു വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. പക്ഷെ കലാശക്കളിയില്‍ തന്റെ പിന്തുണ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഈ വിചിത്രമായ തീരമാനത്തിനു പിന്നില്‍ രസകരമായ ഒരു കാരണവും കൂടിയുണ്ടെന്നു അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.
പഞ്ചാബും ആര്‍സിബിയും തമ്മില്‍ നേരത്തേ നടന്ന ആദ്യ ക്വാളിഫയറില്‍ ഞാന്‍ പിന്തുണച്ചത് പഞ്ചാബിനെയാണ്. പക്ഷെ അവര്‍ ഈ മല്‍സരത്തില്‍ പരാജയപ്പെട്ടു. അതിനു ശേഷം മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള എലിമിനേറ്ററില്‍ എന്റെ പിന്തുണ ഗുജറാത്തിനമായിരുന്നു. അവരും തോല്‍വിയേറ്റു വാങ്ങി.
അതിനു ശേഷം രണ്ടാം ക്വാളിഫയറില്‍ മുംബൈയും പഞ്ചാബും കൊമ്പുകോര്‍ത്തപ്പോള്‍ ഞാന്‍ മുംബൈയ്‌ക്കൊപ്പമാണ് നിന്നത്. അവരും തോറ്റു. ഈ കാരണത്താല്‍ തന്നെ ഇത്തവണ ഫൈനലില്‍ താന്‍ പിന്തുണയ്ക്കുക ആര്‍സിബിയെ ആണെന്നും ചിരിയോടെ സെവാഗ് വ്യക്തമാക്കി.
ഐപിഎല്‍ കരിയറില്‍ വെറും രണ്ടു ടീമുള്‍ക്കു വേണ്ടി മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 2008ലെ പ്രഥമ സീസണില്‍ ഹോം ഫ്രാഞ്ചൈസി കൂടിയായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 2013 വരെ ഫ്രാഞ്ചൈസിക്കൊപ്പം വീരു തുടരുകയും ചെയ്തു.
തുടര്‍ന്നു 2014ല്‍ അദ്ദേഹം പഞ്ചാബിലേക്കു (കിങ്‌സ് 11 പഞ്ചാബ്) ചേക്കേറി. രണ്ടു സീസണ്‍ മാത്രമേ അവര്‍ക്കായി വീരു കളിച്ചുള്ളൂ. 2015ല്‍ ടീം വിട്ട അദ്ദേഹത്തെ പിന്നീട് ടൂര്‍ണമെന്റില്‍ കാണുകയും ചെയ്തിട്ടില്ല. 104 മല്‍സരങ്ങളാണ് ഐപിഎല്ലില്‍ വീരുവിനു കളിക്കാനായത്. 27.56 ശരാശരിയില്‍ 155.44 സ്‌ട്രൈക്ക് റേറ്റില്‍ 2728 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു.
രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കമാണിത്. 2011ല്‍ ഡല്‍ഹിയുടെ കുപ്പായത്തിലായിരുന്നു വീരുവിന്റെ ആദ്യ സെഞ്ച്വറി നേട്ടം. രണ്ടാമത്തേത് 2014ല്‍ പഞ്ചാബിനൊപ്പവുമായിരുന്നു. 122 റണ്‍സാണ് അദ്ദേഹം കുറിച്ചത്. വീരുവിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഇതു തന്നെയാണ്.

ഫൈനല്‍ പ്രവേശനം
ഈ സീസണിലെ ഐപിഎല്ലിലെ സര്‍പ്രൈസ് ഫൈനലിസ്റ്റുകള്‍ കൂടിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും. സീസണ്‍ ആരംഭിക്കും മുമ്പ് ഫൈനലിനെക്കുറിച്ച് പലരും പ്രവചനങ്ങള്‍ നടത്തിയപ്പോള്‍ ആരും തന്നെ ഈ രണ്ടു ടീമുകള്‍ കിരീടത്തിനായി കൊമ്പുകോര്‍ക്കുമെന്ന പ്രവചനം നടത്തിയിട്ടില്ല. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ഇരുടീമുകളും കന്നി ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നത്തിനു കൈയയെത്തുംദൂരത്തുള്ളത്.
ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത് പഞ്ചാബും ആര്‍സിബിയുമായിരുന്നു. സീസണിലെ ഏറ്റവും ബെസ്റ്റ് തങ്ങള്‍ തന്നെയാണെന്നു അടിവരയിട്ടാണ് ഇവര്‍ വീണ്ടും ഫൈനലിലും മുഖാമുഖം വന്നിരിക്കുന്നത്.