മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ എല്ലാവരേയും ഞെട്ടിക്കുകയാണ് യുവതാരം വൈഭവ് സൂര്യവന്‍ഷി. രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് 14ാം വയസിലാണ് ഐപിഎല്ലില്‍ അരങ്ങേറിയിരിക്കുന്നത്. ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവിന്റെ പേരിലാണ്. സഞ്ജു സാംസണിന് പരിക്കേറ്റപ്പോള്‍ ഓപ്പണറായി വൈഭവിന് അവസരം ലഭിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് വൈഭവ് എല്ലാവരേയും ഞെട്ടിച്ചത്.
ഓപ്പണര്‍ റോളില്‍ മിന്നും പ്രകടനം നടത്താന്‍ അരങ്ങേറ്റ മത്സരത്തില്‍ വൈഭവിനായി. എന്നാല്‍ ആര്‍സിബിക്കെതിരേ വലിയ മികവ് കാട്ടാന്‍ വൈഭവിനായിട്ടില്ല. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ വൈഭവിനായി. എമന്നാല്‍ 12 പന്തില്‍ രണ്ട് സിക്‌സറടക്കം 16 റണ്‍സാണ് വൈഭവ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്‌സര്‍ പറത്തിയ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് വൈഭവ് പുറത്തായത്. ഇതിനോടകം തന്നെ പ്രതിഭയുള്ള താരമെന്ന പേരെടുക്കാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ തല്ലിത്തകര്‍ക്കാന്‍ മാത്രം ശ്രമിക്കുന്ന വൈഭവിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. ശ്രദ്ധിക്കാത്ത പക്ഷം അടുത്ത വര്‍ഷം വൈഭവ് വീട്ടിലിരിക്കേണ്ടി വരുമെന്നാണ് സെവാഗ് മുന്നറിയിപ്പ് നല്‍കിയത്.
അഹങ്കാരം കാട്ടിയാല്‍ പ്രതിഭ നശിക്കും
വൈഭവിന്റെ നേട്ടം അത്ര വേഗം ആര്‍ക്കും ലഭിക്കുന്നതല്ല. 14ാം വയസില്‍ ഐപിഎല്‍ അരങ്ങേറ്റമെന്നത് അത്ര പെട്ടെന്നൊന്നും ആര്‍ക്കും നേടിയെടുക്കാനാവാത്ത കാര്യമാണ്. ഇതിന് പ്രതിഭക്കൊപ്പം ഭാഗ്യവും അത്യാവശ്യമാണ്. വൈഭവിന്റെ നല്ല സമയംകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് 1.1 കോടിക്ക് വാങ്ങിയതും കന്നി സീസണില്‍ത്തന്നെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചതും. ആദ്യ മത്സരം തന്നെ ഗംഭീരമാക്കിയതോടെ വൈഭവിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
പ്രമുഖരടക്കം വൈഭവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം യുവതാരത്തെ അഹങ്കാരിയാക്കി മാറ്റാനും ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനും സാധ്യതയുണ്ട്. താരത്തിന്റെ പ്രായം പരിഗണിച്ചാണ് ഇത്തരമൊരു ഉപദേശം സെവാഗ് നല്‍കിയിരിക്കുന്നത്. 'നീ നല്ല പ്രകടനം നടത്തുമ്പോള്‍ പ്രശംസിക്കുമെന്നും മോശമാവുമ്പോള്‍ വിമര്‍ശിക്കുമെന്നും തിരിച്ചറിയാന്‍ സാധിക്കണം. എപ്പോഴും ലാളിത്യം കൈവിടാതിരിക്കുക. ഒന്നോ രണ്ടോ മത്സരംകൊണ്ട് പ്രശസ്തരായ നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.
പിന്നീട് അവര്‍ ഒന്നുമല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്. അതിന് കാരണം അവര്‍ സ്വയം താനൊരു വലിയ സംഭവമാണെന്ന് കരുതുന്നതുകൊണ്ടാണ്' സെവാഗ് പറഞ്ഞു. പ്രായം കുറവായതിന്റെ പക്വത കുറവ് സൂര്യവന്‍ഷിക്കുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ യുവതാരം കരഞ്ഞതും ഇതുകൊണ്ടാണ്. ഇപ്പോള്‍ത്തന്നെ മാനസികമായി കരുത്ത് ലഭിച്ചാല്‍ വലിയ ഭാവിയിലേക്കെത്താന്‍ വൈഭവിനെ അത് സഹായിച്ചേക്കും.

20 ഓവര്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം
സൂര്യവന്‍ഷി കഴിവുള്ള താരമാണെന്നാണ് സെവാഗ് പറയുന്നത്. മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് വൈഭവ്. പ്രായം പരിഗണിക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലും മറികടന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താനടക്കം വൈഭവിന് സാധിക്കും. എന്നാല്‍ ഇതിന് സാധിക്കണമെങ്കില്‍ ഇപ്പോള്‍ത്തന്നെ അച്ചടക്കത്തോടെ താരം കളിക്കേണ്ടതായിട്ടുണ്ടെന്നാണ് സെവാഗ് ഓര്‍മ്മിപ്പിക്കുന്നത്.
'ഐപിഎല്ലില്‍ 20 വര്‍ഷത്തേങ്കിലും കളിക്കാനാണ് വൈഭവ് പദ്ധതി ഇടേണ്ടത്. വിരാട് കോലിയെ നോക്കുക. 19ാം വയസിലാണ് കോലി കളിക്കാന്‍ തുടങ്ങിയത്. 18 സീസണുകള്‍ ഇപ്പോള്‍ കളിച്ചു. ഇത് പിന്തുടരാനാണ് സൂര്യവന്‍ഷി ശ്രമിക്കേണ്ടത്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ ആഹ്ലാദം കണ്ടെത്തുകയും ഞാന്‍ കോടിപതിയായെന്ന് കരുതുകയും ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ നേടിയെന്നുമെല്ലാം ചിന്തിച്ചാല്‍ ചിലപ്പോള്‍ അടുത്ത വര്‍ഷം അവനെ കണ്ടെന്ന് വരില്ല' സെവാഗ് പറഞ്ഞു.