ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കിരീടം നേടാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായില്ല. എന്നാല്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് ആര്‍സിബി. സൂപ്പര്‍ താരങ്ങളായ നിരവധി പേര്‍ ആര്‍സിബിക്കായി കളിച്ചെങ്കിലും ടീമിന്റെ മുഖമായി മാറിയത് വിരാട് കോലിയാണ്. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ കോലിയാണ് ഏറെക്കാലമായി ആര്‍സിബിയുടെ നട്ടെല്ല്.
ഇപ്പോള്‍ നായകസ്ഥാനമൊഴിഞ്ഞ് ടീമിലെ താരം മാത്രമാണെങ്കിലും ആര്‍സിബിയുടെ പോസ്റ്റര്‍ ബോയി കോലി തന്നെയാണ്. ആര്‍സിബിയുടെ മൂല്യത്തെ പിടിച്ചുനിര്‍ത്തുന്നത് കോലിയാണെന്ന് പറയാം. ആര്‍സിബിയിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച കോലിയെ ഒരു തവണപോലും ആര്‍സിബി ലേലത്തിലേക്ക് വിട്ടിട്ടില്ല. ഒരിക്കല്‍ പോലും ലേലത്തിലെത്താത്ത ഏക സൂപ്പര്‍ താരമാണ് വിരാട് കോലി. എന്നാല്‍ 2010ല്‍ വിരാട് കോലി ആര്‍സിബി വിടാനൊരുങ്ങിയിരുന്നു. ഈ സംഭവം അറിയാമോ?
2010ല്‍ കോലിക്ക് വമ്പന്‍ ഓഫര്‍ ലഭിച്ചു
ടീമിനെ വെളിപ്പെടുത്തിയില്ലെങ്കിലും താന്‍ 2010ല്‍ ആര്‍സിബി വിടുന്ന കാര്യം ആലോചിച്ചിരുന്നുവെന്ന് കോലി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അന്ന് വിരാട് കോലി ടീമിന്റെ മുഖ്യ താരമായി വളര്‍ന്നിരുന്നില്ല. ഈ സമയത്താണ് കോലിയുടെ മികവ് മനസിലാക്കി ഒരു ടീം കോലിക്കായി വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ അന്ന് ഈ കൂടുമാറ്റം നടക്കാത്തതിന് കാരണം കോലിയുടെ ഒരു ആവശ്യം ആ ടീം അംഗീകരിക്കാതിരുന്നതിനാലാണ്.
ടോപ് ത്രീയില്‍ സ്ഥിരമായി ബാറ്റ് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് കോലി ആവശ്യപ്പെട്ടത്. എന്നാല്‍ ഓഫര്‍ നല്‍കിയ ടീം ഇക്കാര്യം അംഗീകരിച്ചില്ല. കോലി അന്ന് മധ്യനിരയിലാണ് കൂടുതലായും കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ കോലിയുടെ ആവശ്യം ഓഫര്‍വെച്ച ടീം അംഗീകരിച്ചില്ല. ഇതോടെ കോലി ആര്‍സിബിയോട് സമാന ആവശ്യം അറിയിക്കുകയായിരുന്നു. അന്ന് ആര്‍സിബി ഇത് അംഗീകരിച്ചു. പിന്നീട് നടന്നത് ചരിത്രത്തില്‍ നിന്ന് തന്നെ വ്യക്തം.

2013ല്‍ ആര്‍സിബിയുടെ നായകനായി
വളരെ വേഗത്തിലായിരുന്നു വിരാട് കോലിയുടെ വളര്‍ച്ച. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ കോലിക്ക് സാധിച്ചു. പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് വളരാന്‍ കോലിക്കായി. 2013ല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്താനും കോലിക്കായി. 2021വരെ ആര്‍സിബിയെ നയിക്കാന്‍ കോലിക്കായി. ഈ സമയത്തിനുള്ളില്‍ ടീമിനെ കപ്പിലേക്കെത്തിക്കാനായില്ലെങ്കിലും വലിയ മൂല്യമുള്ള നിലയിലേക്ക് ടീമിനെ വളര്‍ത്താന്‍ കോലിക്ക് സാധിച്ചു.
2016ല്‍ കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനല്‍ കളിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ച്വറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും ഇക്കാലയളവില്‍ കോലി സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി മാറാനും കോലിക്കായി. ഇന്ന് ലോക ക്രിക്കറ്റില്‍ പകരംവെക്കാനാവാത്ത ഇതിഹാസ താരമായി വളരാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
കോലിയില്ലാതെ ഇപ്പോള്‍ ആര്‍സിബിയില്ല
ആര്‍സിബിയെ സംബന്ധിച്ച് വിരാട് കോലിയാണ് എല്ലാം. കോലിയില്ലാതെ ആര്‍സിബിക്ക് ഇപ്പോള്‍ മുന്നോട്ട് പോവുക ചിന്തിക്കാനാവാത്ത അവസ്ഥയാണ്. 2025 സീസണിന് മുമ്പ് മെഗാ താരലേലം വരാനിരിക്കുകയാണ്. കോലിയെ ആര്‍സിബി നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. അന്ന് കോലിയുടെ കൂടുമാറ്റം നടക്കാതിരുന്നത് ആര്‍സിബിയുടെ ഭാഗ്യമാണെന്ന് പറയാം. ഇന്ന് ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് കോലി. അന്ന് കോലിയെ കൈവിടാന്‍ ആര്‍സിബി അനുവദിച്ചിരുന്നെങ്കില്‍ ലോക മണ്ടത്തരമായി ഇത് മാറിയേനെ.