ഐപിഎല്ലില്‍ പൂരത്തിന് ആരവമുയരാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മെഗാ താരലേലം പൂര്‍ത്തിയായോടെ 10 ടീമുകളും ഇതിനായുള്ള പടയൊരുക്കം അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. എങ്ങനെയാവണം അടുത്ത സീസണിലെ ടീം കോമ്പിനേഷന്‍ എന്നതിനെക്കുറിച്ചാണ് ഓരോ ഫ്രാഞ്ചൈസിയും തല പുകയ്ക്കുക.
ടി20 ഫോര്‍മാറ്റില്‍ ബാറ്റിങ്, ബൗളിങ് എന്നിവ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫീല്‍ഡിങും. കാരണം ചടുലമായ ഒരു ഫീല്‍ഡിങിന് ചിലപ്പോള്‍ മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ എല്ലാ ടീമുകളും ഫീല്‍ഡിങിനു വലിയ പ്രാധാന്യം തന്നെയാണ് നല്‍കുന്നത്. അടുത്ത സീസണിലേക്കുള്ള ഓരോ ടീമിലും ചില കിടിലന്‍ ഫീല്‍ഡര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. 10 ഫ്രാഞ്ചൈസികളിലെയും ഏറ്റവും മികച്ച ഒരു ഫീല്‍ഡര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രമണ്‍ദീപ് സിങ് (കെകെആര്‍)
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെയെടുത്താല്‍ അവരുടെ ടീമിലെ ഗണ്‍ ഫീല്‍ഡറെന്നു വിളിക്കാവുന്നയാള്‍ ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ കൂടിയായ രമണ്‍ദീപ് സിങാണ്. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തിനു മുമ്പ് കെകെആര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. വെടിക്കെട്ട് ബാറ്റര്‍ കൂടിയായ രമണ്‍ദീപ് കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു.
നിതീഷ് റെഡ്ഡി (എസ്ആര്‍എച്ച്)
കഴിഞ്ഞ ഐപിഎല്‍ സീസണിലെ റണ്ണറപ്പായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ സൂപ്പര്‍ ഫീല്‍ഡര്‍ ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് റെഡ്ഡിയാണ്. കഴിഞ്ഞ സീസണില്‍ കസറിയ അദ്ദേഹം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയ നിതീഷ് ഇതിനകം ടി20, ടെസ്റ്റ് എന്നിവയില്‍ അരങ്ങേറുകയും ചെയ്തു.
രവീന്ദ്ര ജഡേജ (സിഎസ്‌കെ)
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായ ഫീല്‍ഡര്‍. ഫീല്‍ഡിങില്‍ അദ്ദേഹം പുലര്‍ത്തുന്ന മികവ് അതിശയിപ്പിക്കുന്നത് തന്നെയാണ്. ജഡ്ഡുവിന്റെ മിന്നല്‍ വേഗത്തിലുള്ള ത്രോകളും റണ്ണിങ് ക്യാച്ചുകളുമെല്ലാം ക്രിക്കറ്റ് പ്രേമികളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫീല്‍ഡിങ് മികവ് കൊണ്ടു മാത്രം അദ്ദേഹം കളിയുടെ ഗതി തന്നെ മാറ്റുന്നതും പല തവണ കണ്ടു കഴിഞ്ഞു.
ഗ്ലെന്‍ ഫിലിപ്‌സ് (ജിടി)
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറായിട്ടുള്ള ഗ്ലെന്‍ ഫിലിപ്‌സാണ്. കിവികളുടെ അണ്ടര്‍റേറ്റഡ് താരങ്ങളിലൊരാളാണ് അദ്ദേഹം. ഓള്‍റൗണ്ടര്‍ മാത്രമല്ല, ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കാനും ഫിലിപ്‌സിനു സാധിക്കും. ഈ ലേലത്തിലാണ് വെടിക്കെട്ട് താരം കൂടിയായ അദ്ദേഹത്തെ മുന്‍ ചാംപ്യന്‍മാരായ ജിടി സ്വന്തമാക്കിയത്.
ഫാഫ് ഡുപ്ലെസി (ഡിസി)
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫാഫ് ഡുപ്ലെസിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ സൂപ്പര്‍ ഫീല്‍ഡര്‍. 2022 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തിലാണ് ഡിസി സ്വന്തമാക്കിയത്.
ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് പല അതിശയിപ്പിക്കുന ക്യാച്ചുകളെടുക്കാന്‍ ഡുപ്ലെസിക്കായിട്ടുണ്ട്. എത്ര ദുഷ്‌കരമായ ക്യാച്ചുകളെടുക്കാനും സമര്‍ഥനായ താരം കൂടിയാണ് അദ്ദേഹം.
ഹാര്‍ദിക് പാണ്ഡ്യ (എംഐ)
അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്. മികച്ച ഫിറ്റ്‌നസാണ് ഫീല്‍ഡിങിലും മിന്നിക്കാന്‍ അദ്ദേഹത്തെ സഹായിക്കാറുള്ളത്. റണ്ണിങ് ക്യാച്ചുകളും ചടുലമായ ത്രോകളുമെല്ലാം ഹാര്‍ദിക്കില്‍ നിന്നും നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്.
വിരാട് കോലി (ആര്‍സിബി)
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിടു ഫീല്‍ഡര്‍ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഇതിഹാസവുമായ വിരാട് കോലിയാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 36ാം വയസ്സിലും കോലിയെ ഫീല്‍ഡിങിലെ തീപ്പൊരിയാക്കുന്നത് അവിശ്വസനീയ ഫിറ്റ്‌നസ് തന്നെയാണ്.

റിയാന്‍ പരാഗ് (ആര്‍ആര്‍)
ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച ഫീല്‍ഡറെന്നു വിശേഷിപ്പിക്കാവുന്ന താരം. ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. എത്ര ദുഷ്‌കരമായ ക്യാച്ചും വളരെ അനായാസം പിടിയിലൊതുക്കാനുള്ള മിടുക്കാണ് പരാഗിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
ഡേവിഡ് മില്ലര്‍ (എല്‍എസ്ജി)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിരയിലെ ബെസ്റ്റ് ഫീല്‍ഡര്‍ സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്ററായ ഡേവിഡ് മില്ലറാണ്. ലോകോത്തര ഫീല്‍ഡര്‍മാരെ സമ്മാനിച്ചിട്ടുള്ള സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ പുതിയ ഹീറേയാണ് ഇടംകൈയന്‍ ബാറ്ററും ഫിനിഷറുമായ അദ്ദേഹം.
ഗ്ലെന്‍ മാക്‌സ്വെല്‍ (പഞ്ചാബ്)
പഞ്ചാബ് കിങ്‌സ് ടീമിന്റെ ഏറ്റവം മികച്ച ഫീല്‍ഡറെന്നു വിളിക്കാവുന്ന താരം ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനൊപ്പവും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികകള്‍ക്കൊപ്പവും അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഫീല്‍ഡിങ് പ്രകടനങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞതാണ്.