ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമും താരസമ്പന്നമാണ്. കെകെആര്‍ അജിന്‍ക്യ രഹാനെക്ക് കീഴിലാണ് പുതിയ സീസണിനിറങ്ങുന്നത്. ആര്‍സിബി രജത് പാട്ടീധാറിന് കീഴിലാണ് പുതിയ സീസണിന് ഇറങ്ങുന്നത്.
ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ ടീമാണ് ആര്‍സിബി. വലിയ ആരാധക പിന്തുണയുണ്ടായിട്ടും പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ആര്‍സിബിക്ക് കപ്പിലേക്കെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ആര്‍സിബിയുള്ളത്. മികച്ച ടീം കരുത്ത് ആര്‍സിബിക്ക് അവകാശപ്പെടാന്‍ സാധിക്കും. ഉദ്ഘാടന മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെകെആറിനെതിരായ മത്സരത്തില്‍ ആര്‍സിബി കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം.
വിരാട് കോലി-ഫില്‍ സാള്‍ട്ട്
ഓപ്പണിങ്ങില്‍ വിരാട് കോലിക്കൊപ്പം ഫില്‍ സാള്‍ട്ട് എത്തിയേക്കും. വിരാട് കോലി ആര്‍സിബിക്കായി ഓപ്പണറായിത്തന്നെ തുടരും. കെകെആറിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരമാണ് ഫില്‍ സാള്‍ട്ട്. ഇത്തവണ ആര്‍സിബിക്കൊപ്പമാണ് സാള്‍ട്ടുള്ളത്. പവര്‍പ്ലേയ്ക്കുള്ളില്‍ ടീമിന് അടിത്തറ പാകാന്‍ ശേഷിയുള്ള താരമാണ് സാള്‍ട്ട്. കോലി നിലയുറപ്പിക്കുമ്പോള്‍ ആക്രമണത്തോടെ ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാള്‍ട്ടിനാവും. ഈ കൂട്ടുകെട്ട് ക്ലിക്കാവുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
രജത് പാട്ടീധാര്‍ മൂന്നാം നമ്പറില്‍
നായകന്‍ രജത് പാട്ടീധാര്‍ മൂന്നാം നമ്പറില്‍ ആര്‍സിബിക്കായി ഇറങ്ങിയേക്കും. നായകനായി ഐപിഎല്ലില്‍ അനുഭവസമ്പത്തില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി മികവ് കാട്ടിയിട്ടുള്ള താരമാണ് പാട്ടീധാര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പാട്ടീധാറിനാവും. നാലാം നമ്പറിലേക്ക് ലിയാം ലിവിങ്സ്റ്റണെ കൊണ്ടുവന്നേക്കും. പഞ്ചാബ് കിങ്‌സ് വിട്ട ലിവിങ്സ്റ്റന്‍ ആര്‍സിബിയുടെ മധ്യനിരക്ക് കരുത്ത് പകരും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് ലിവിങ്സ്റ്റണ്‍.

സ്പിന്നറെന്ന നിലയിലും ടീമിന് ഉപയോഗിക്കാവുന്ന താരമാണ് ലിവിങ്‌സ്റ്റണ്‍. ഫോമിലേക്കെത്തിയാല്‍ വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ അപാരമായ മികവാണ് ലിവിങ്സ്റ്റണുള്ളത്. അഞ്ചാം നമ്പറില്‍ ജിതേഷ് ശര്‍മയെ എത്തിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷും തല്ലിത്തകര്‍ത്ത് കളിക്കുന്ന താരമാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ താരത്തിന് കഴിവുണ്ട്. ജിതേഷില്‍ ആര്‍സിബി വലിയ പ്രതീക്ഷവെക്കുന്നു.
വെടിക്കെട്ട് തീര്‍ക്കാന്‍ ടിം ഡേവിഡ്
മുംബൈ ഇന്ത്യന്‍സ് വിട്ട ഓസ്‌ട്രേലിയന്‍ താരം ടിം ഡേവിഡ് ഇത്തവണ ആര്‍സിബിയുടെ ഫിനിഷറാവും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഡേവിഡ് ഫിനിഷര്‍ റോളില്‍ മിടുക്കുകാട്ടുന്നവനാണ്. ഉയര്‍ന്ന കായിക ക്ഷമതയുള്ള ഡേവിഡ് ഡെത്തോവറുകളില്‍ എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന താരമാണ്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യ എത്തിയേക്കും. സീനിയര്‍ താരമായ ക്രുണാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ്. എട്ടാം നമ്പറില്‍ റാസിഖ് സലാമിനെയാവും ആര്‍സിബി കളിപ്പിക്കുക. ഓള്‍റൗണ്ടറായ താരം നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു.
പേസ് നിരയെ ഭുവി നയിക്കും
ഇത്തവണ തരക്കേടില്ലാത്ത ബൗളിങ് നിര ആര്‍സിബിക്കുണ്ട്. ഭുവനേശ്വര്‍ കുമാറാവും പേസ് നിരയുടെ കുന്തമുന. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ടാണ് ഭുവി ആര്‍സിബിയിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയും സ്ഥാനം നേടിയേക്കും. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാന്‍ എന്‍ഗിഡി മിടുക്കനാണ്. അവസാന സ്ഥാനത്ത് യഷ് ദയാലാവും ഉണ്ടാവുക. അവസാന സീസണില്‍ ആര്‍സിബിക്കായി ദയാല്‍ മികവ് കാട്ടിയിരുന്നു.
ആര്‍സിബി സാധ്യതാ 11
വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീധാര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, ഭുവനേശ്വര്‍ കുമാര്‍, ലൂങ്കി എന്‍ഗിഡി, യഷ് ദയാല്‍