മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. അഞ്ച് മത്സരത്തില്‍ നാലിലും മുംബൈ തോല്‍വി നേരിട്ടു. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് 12 റണ്‍സിനാണ് മുംബൈ തോല്‍വി നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 222 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍വെച്ചത്. മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 209 റണ്‍സാണ് നേടാനായത്.
നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് മുന്നില്‍ നിന്ന് നയിച്ചത്. രണ്ട് വിക്കറ്റും 15 പന്തില്‍ 42 റണ്‍സും നേടി ഹാര്‍ദിക് പാണ്ഡ്യ മുംബൈക്കായി കസറി. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി. ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണക്കാന്‍ സഹതാരങ്ങള്‍ തയ്യാറാവുന്നില്ലെന്ന് വ്യക്തമാവുന്ന തോല്‍വിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നതെന്ന് പറയാം. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചില നീക്കങ്ങളും പാളി.
ഇതിലൊന്ന് വിഘ്‌നേഷ് പുത്തൂരിനെ ഉപയോഗിച്ചതിലെ പിഴവാണെന്ന് നിസംശയം പറയാം. ഒരോവര്‍ പന്തെറിഞ്ഞ വിഘ്‌നേഷ് 10 റണ്‍സ് വിട്ടുകൊടുത്ത് ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി. എന്നിട്ടും വിഘ്‌നേഷിനെ ഹാര്‍ദിക് തഴഞ്ഞു. 15ാം ഓവറില്‍ വിഘ്‌നേഷിനെ പുറത്താക്കി ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടാക്കി രോഹിത് ശര്‍മയെ ഹാര്‍ദിക് കൊണ്ടുവന്നു. ഇത് മത്സരത്തില്‍ വലിയ വഴിത്തിരിവും സൃഷ്ടിച്ചു. ആര്‍സിബി ഹീറോ വിരാട് കോലിയും ഇത് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
വിഘ്‌നേഷിനെ പുറത്താക്കിയത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു
മുംബൈയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മുംബൈ പദ്ധതി മെനഞ്ഞതും പേസര്‍മാരെ ഉപയോഗിച്ചാണ്. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഹാര്‍ദിക് കൊടുത്തില്ല. വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് പൊളിച്ചത് വിഘ്‌നേഷാണ്. എന്നിട്ടും ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷിനെ പിന്തുണക്കാതെ പുറത്താക്കി. ഇത് ആര്‍സിബിക്ക് എങ്ങനെയാണ് ഗുണകരമായതെന്നാണ് കോലി തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.
'മുംബൈ ഒരു സ്പിന്നറെ പിന്‍വലിച്ചിരുന്നു. ചൈനാമാന്‍ സ്പിന്നറെ നേരിടുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. ഇതോടെ 20-25 റണ്‍സ് അധികം നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങള്‍ക്ക് അധികം വിക്കറ്റുകള്‍ നഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്പിന്നര്‍ പുറത്തായത് ഗുണം ചെയ്തു. ചെറിയ ബൗണ്ടറികളായതിനാല്‍ പേസര്‍മാരെ നേരിടാന്‍ എളുപ്പമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്തായാലും രണ്ടാമത്തെ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും ശക്തമായി തിരിച്ചെത്താന്‍ ഞങ്ങള്‍ക്കായി.
ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം ഞങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായി. മികച്ച ടോട്ടലിലേക്കെത്താന്‍ ഈ കൂട്ടുകെട്ട് സഹായിച്ചു. ഇത്തവണ വ്യത്യസ്തമായ ഷോട്ടുകള്‍ക്ക് ഞാന്‍ ശ്രമിച്ചിരുന്നു. ടി20യില്‍ സാഹചര്യത്തിനനുസരിച്ച് ഇത്തരം പ്രകടനങ്ങള്‍ നടത്തേണ്ടത് പ്രധാനപ്പെട്ടതാണ്. രജത്തും ജിതേഷും നടത്തിയ പ്രകടനവും നിര്‍ണ്ണായകമായി. 20, 25 റണ്‍സ് അധികം നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു' വിരാട് കോലി ബാറ്റിങ്ങിന് ശേഷം പറഞ്ഞു.

വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നു
മുംബൈക്കായി കളിച്ച മത്സരത്തിലെല്ലാം മികവ് കാട്ടാന്‍ വിഘ്‌നേഷ് പുത്തൂരിന് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറെന്നത് എല്ലാ ടീമുകള്‍ക്കും ലഭിക്കില്ല. വിഘ്‌നേഷിനെപ്പോലൊരു താരത്തെ മുംബൈക്ക് ലഭിച്ചിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാതെ പോയി. യുവതാരങ്ങളെ പിന്തുണക്കുന്നതില്‍ ഹാര്‍ദിക് വളരെ പിന്നിലാണെന്ന് പറയാം. വിഘ്‌നേഷിനെ ഇത്തരത്തില്‍ തഴയുന്നത് യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നശിപ്പിക്കും.
മുംബൈ പിന്നോട്ട് പോകാന്‍ ഇത്തരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ പദ്ധതികള്‍ കാരണമാവുന്നുണ്ടെന്ന് പറയാം. വിഘ്‌നേഷിന്റെ മികവ് മനസിലാക്കി പിന്തുണച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ആര്‍സിബി 200 കടക്കാന്‍ സാധ്യതയില്ലായിരുന്നു. സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യ നാല് വിക്കറ്റുകളുമായി ആര്‍സിബിയുടെ ഹീറോയായി. എന്നാല്‍ ഇത്തരമൊരു അവസരം വിഘ്‌നേഷിന് മുംബൈയില്‍ ലഭിച്ചില്ലെന്നതാണ് വസ്തുത.