ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടേണ്ട അവസാന തീയ്യതി നാളെയാണ്. ഇത്തവണത്തെ സീസണിന് മുമ്പ് മെഗാ താരലേലവും നടക്കാനുണ്ട്. വലിയ മാറ്റങ്ങള്‍ ഇത്തവണത്തെ സീസണിന് മുമ്പായി ടീമുകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പല സൂപ്പര്‍ താരങ്ങളും കൂടുമാറ്റത്തിനായി തയ്യാറെടുക്കുകയാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം കൂടുമാറ്റ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
താരങ്ങളുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാകവെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന നീക്കത്തിനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. വിരാട് കോലിയെ വീണ്ടും നായകസ്ഥാനത്തേക്കെത്തിക്കാനാണ് ആര്‍സിബി ശ്രമിക്കുന്നതെന്നാണ് വിവരം. വിരാട് കോലിക്കും നായകസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അടുത്ത സീസണില്‍ വിരാട് കോലിക്ക് കീഴില്‍ വീണ്ടും ആര്‍സിബിയെ കാണാനായേക്കും.
കോലി വരുന്നത് ഗുണം ചെയ്യുമോ?
വിരാട് കോലി ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പിടിച്ചുനിര്‍ത്തുന്ന സൂപ്പര്‍ പവറുകളിലൊന്ന് വിരാട് കോലിയാണ്. ആര്‍സിബിയുടെ മൂല്യം ഇത്രയും ഉയര്‍ന്നുനില്‍ക്കുന്നതില്‍ കോലിയെന്ന താരത്തിന് വലിയ പങ്കുണ്ടെന്ന് പറയാം. നേരത്തെ ആര്‍സിബിയെ നയിച്ചിട്ടുള്ള താരമാണ് കോലി. 2013 മുതല്‍ 2021വരെ കോലി ആര്‍സിബിയെ നയിച്ചു. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. അതിന് ശേഷമാണ് കോലി സ്ഥാനമൊഴിഞ്ഞത്.
കോലി ഇപ്പോള്‍ തിരിച്ചുവരുന്നത് ഒരു തരത്തിലും ആര്‍സിബിയെ സഹായിക്കുമെന്ന് കരുതാനാവില്ല. ആരാധകരെ ഒരു പരിധിവരെ സംതൃപ്തിപ്പെടുത്താന്‍ ആര്‍സിബിക്ക് സാധിച്ചേക്കും. എന്നാല്‍ ആര്‍സിബിയെ കപ്പിലേക്കെത്തിക്കാന്‍ കോലിക്ക് കഴിയുമെന്ന് തോന്നുന്നില്ല. തോറ്റ് മടങ്ങിയ സ്ഥാനത്തേക്ക് രണ്ടമൂഴം തേടി കോലിയെത്തുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നത് ആര്‍സിബിയുടെ ടീം മാനേജ്‌മെന്റ് മാത്രമാണ്. മറ്റാരും ഇത്തരത്തില്‍ പ്രതീക്ഷവെക്കുന്നില്ലെന്ന് തന്നെ പറയാം.

കോലിയുടെ സമീപകാല ഫോം മോശം
വിരാട് കോലി കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കോലിയുടെ സമീപകാല പ്രകടനങ്ങളിലേക്ക് നോക്കുമ്പോള്‍ പ്രതീക്ഷക്ക് യാതൊരു വകയുമില്ല. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കോലിക്ക് സ്പിന്നിനെതിരേ പതറുകയാണ്. പഴയ സാങ്കേതിക മികവോ ആത്മവിശ്വാസമോ കോലിക്ക് ഇപ്പോള്‍ കാണാനാവുന്നില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനത്തേക്ക് കോലിയെ കൊണ്ടുവരുന്നത് ആര്‍സിബി കാട്ടുന്ന വലിയ മണ്ടത്തരമാവും.
വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം മോശമാണെന്നിരിക്കെ നായകനെന്ന നിലയിലെ ഉത്തരവാദിത്തം കൂടി നല്‍കിയാല്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടാനാണ് സാധ്യത. കോലി കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്ന് പറഞ്ഞാലും തെറ്റാകില്ല. മികച്ച ഫിറ്റ്‌നസുണ്ടെങ്കിലും കോലിക്ക് മികവിനൊത്ത പ്രകടനം നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കോലിയെ ആര്‍സിബി വീണ്ടും പിന്തുണക്കുന്നത് മണ്ടത്തരമാണെന്ന് തന്നെ പറയാം.
സൂപ്പര്‍ താരങ്ങളെ നോട്ടമിട്ട് ആര്‍സിബി
മെഗാ ലേലത്തില്‍ ചില സൂപ്പര്‍ താരങ്ങളെ ആര്‍സിബി നോട്ടമിടുന്നുണ്ടെന്നാണ് വിവരം. കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ വിട്ടതിനാല്‍ താരത്തെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കും. എന്നാല്‍ നായകസ്ഥാനത്തേക്ക് രാഹുല്‍ വരില്ലെന്നാണ് ആര്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയാല്‍ വമ്പന്‍ ഓഫറിന് ടീമിലേക്കെത്തിക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കുമെന്നാണ് വിവരം.
എന്തായാലും നിലവിലെ ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ ആര്‍സിബിക്ക് താല്‍പര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിരാട് കോലിയെ ക്യാപ്റ്റനാക്കിയാല്‍ ആര്‍സിബി കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കുമത്. റിഷഭ് പന്തിനെ ലഭിച്ചാല്‍ യുവ വിക്കറ്റ് കീപ്പറെ നായകനാക്കി മുന്നോട്ട് പോകുന്നത് ആര്‍സിബിക്ക് ഗുണം ചെയ്‌തേക്കും.