മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ടീമുകള്‍ കൂടി ശക്തമായി മത്സരിക്കുന്നതോടെ പോരാട്ടം ആവേശകരമായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ വമ്പന്‍ ടീമുകള്‍ അല്‍പ്പം പിന്നോട്ട് പോവുന്നതാണ് ഇത്തവണ കാണുന്നത്. ഈ സീസണിലും പതിവ് തെറ്റിക്കാതെ ചില യുവതാരങ്ങള്‍ പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്നുണ്ട്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയും മിന്നല്‍ ബൗളിങ്ങുമായി യുവതാരങ്ങള്‍ കസറുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഈ സീസണിന് ശേഷവും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ സാധിക്കുന്ന തരത്തില്‍ ചില താരങ്ങള്‍ വളര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ പരിഗണിക്കുന്നത് ഐപിഎല്ലിലെ പ്രകടനമാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ ശോഭിക്കാനാണ് യുവതാരങ്ങളെല്ലാം ശ്രമിക്കുന്നത്.
നിലവിലെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്ന് പേരെടുത്തവരാണ്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സഞ്ജു സാംസണ്‍ തുടങ്ങി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലേക്കെത്തുന്ന താരങ്ങളെല്ലാം ഐപിഎല്ലില്‍ മികവ് കാട്ടിയവരാണ്. രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച കരുത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാം.
എന്നാല്‍ ഐപിഎല്ലില്‍ സ്ഥിരതകാട്ടി ഇന്ത്യന്‍ ടീമിലേക്ക് വളരുകയെന്നത് എളുപ്പമല്ല. പല താരങ്ങളും വണ്‍ സീസണ്‍ വണ്ടറുകളായി മാറുന്നതും ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണാനാവും. ഇത്തവണ ആദ്യ റൗണ്ടുകളില്‍ കൈയടി നേടിയ യുവതാരങ്ങളില്‍ പലരും വണ്‍ സീസണ്‍ വണ്ടറുകളായി മാറാനാണ് സാധ്യതയുണ്ട്. ഇത്തരത്തില്‍ വലിയ ഭാവി പറയാന്‍ സാധിക്കാത്ത യുവ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
വിഘ്‌നേഷ് പുത്തൂര്‍
ഇത്തവണ ടൂര്‍ണമെന്റ് പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരങ്ങളിലൊരാള്‍ വിഘ്‌നേഷ് പുത്തൂരാണ്. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. കേരളക്കാരനായ വിഘ്‌നേഷ് കേരളത്തിനായി പോലും കളിച്ചിട്ടില്ല. എന്നാല്‍ മുംബൈയെപ്പോലൊരു ചാമ്പ്യന്‍ ടീമിലേക്ക് വിളിയെത്തുകയായിരുന്നു. അപൂര്‍വ്വമായി മാത്രം കാണുന്ന ചൈനാമാന്‍ ബൗളിങ് ശൈലിയാണ് വിഘ്‌നേഷ് പുത്തൂരിന്റേത്.
അതുകൊണ്ടുതന്നെ താരം വലിയ താരമായി മാറുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. കളിച്ച മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവനാണെന്ന് പറയാനാവില്ല. വിക്കറ്റ് നേടാന്‍ സാധിക്കുമ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ വിഘ്‌നേഷ് പിശുക്കുകാട്ടുന്നില്ല. മുംബൈ സ്ഥിരമായി താരത്തിന് അവസരം നല്‍കാന്‍ സാധ്യതയില്ല. കരണ്‍ ശര്‍മകൂടി ഫോമിലേക്കെത്തിയതോടെ വിഘ്‌നേഷിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കുകയാണ്.
വലിയ ഭാവി വിഘ്‌നേഷിന് അവകാശപ്പെടാന്‍ സാധിച്ചേക്കില്ല. വണ്‍ സീസണ്‍ വണ്ടറായി താരം ഒതുങ്ങാനാണ് സാധ്യത കൂടുതല്‍. കേരളതാരമെന്ന നിലയില്‍ ആവശ്യത്തിന് പിന്തുണ നല്‍കാന്‍ ആളില്ല. ഇതെല്ലാം താരത്തിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. വലിയ ഭാവി വിഘ്‌നേഷ് നേടിയെടുക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ വിലയിരുത്താനാവില്ല.
അനികേത് വര്‍മ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ കൊണ്ടുവന്ന യുവതാരങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നവരിലൊരാള്‍ അനികേത് വര്‍മയാണ്. വമ്പനടികള്‍ കാഴ്ചവെക്കാന്‍ ശേഷിയുള്ള മധ്യനിര താരമാണ് അനികേത്. ആറ് മത്സരത്തില്‍ നിന്ന് 141 റണ്‍സ് നേടാന്‍ അനികേതിന് സാധിച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ കെല്‍പ്പുള്ളവനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വമ്പനടിക്കാരനായ താരത്തില്‍ എല്ലാവരും വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.
മിന്നും ഫീല്‍ഡിങ് കാഴ്ചവെക്കാനും അനികേതിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ കെല്‍പ്പുള്ളവനാണ് അനികേത് വര്‍മയെന്ന് പറയാനാവില്ല. മികച്ച സാങ്കേതികത താരത്തിന് അവകാശപ്പെടാനാവില്ല. കൈക്കരുത്തിന്റെ മികവില്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത് സ്ഥിരതയോടെ കാഴ്ചവെക്കാന്‍ അനികേതിന് സാധിച്ചിട്ടില്ല. നിലവിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ വണ്‍ സീസണ്‍ വണ്ടറായി മാറാന്‍ സാധ്യതയുള്ള താരമാണ് അനികേത്.

വിപ്രജ് നിഗം
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് വിപ്രജ് നിഗം. ഡല്‍ഹിക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് കരുത്തുകാട്ടാന്‍ താരത്തിന് സാധിക്കുന്നില്ല. ഇത്തവണത്തെ സീസണില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ വിപ്രജിനായിട്ടുണ്ട്. എന്നാല്‍ ഈ സീസണിലെ മാത്രം വണ്ടറായി താരം മാറാനാണ് സാധ്യത. വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവനാണ് വിപ്രജ് എന്ന് പറയാനാവില്ല. ഇന്ത്യന്‍ ടീമിലേക്ക് വളരാനുള്ള കഴിവ് വിപ്രജിനില്ലെന്ന് നിലവിലെ പ്രകടനം വിലയിരുത്തി പറയാം. ഈ സീസണില്‍ മാത്രം കൈയടി നേടുന്ന താരമായി വിപ്രജ് മാറാനാണ് സാധ്യത.

ദിഘ് വേഷ് റാത്തി
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്പിന്നറായ ദിഘ് വേഷ് റാത്തി. ഈ സീസണില്‍ കൈയടി നേടുന്ന താരമാണ്. അല്‍പ്പം വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ദിഘ് വേഷ് വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടുന്നുണ്ട്. എട്ട് വിക്കറ്റുകളാണ് ആറ് മത്സത്തില്‍ നിന്ന് താരം നേടിയത്. ആക്രമണോത്സകതയുള്ള താരം ഇതിനോടകം നോട്ട്ബുക്ക് ആഘോഷം നടത്തി രണ്ട് തവണ ഫൈനടക്കം വാങ്ങി നോട്ടപ്പുള്ളിയായിട്ടുണ്ട്. ഈ സീസണില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും വലിയ ഭാവി താരത്തിന് ഉണ്ടാവുമെന്ന് കരുതാനാവില്ല. വണ്‍ സീസണ്‍ വണ്ടറായി മാറാന്‍ സാധ്യതയുള്ള താരമാണ് ദിഘ് വേഷ് റാത്തിയെന്ന് നിസംശയം പറയാം.
.
അശ്വിനി കുല്‍ക്കര്‍ണി
ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കളിയിലെ താരമായ പേസറാണ് അശ്വിനി കുമാര്‍. ഇടം കൈയന്‍ പേസര്‍ ആദ്യ മത്സരത്തില്‍ത്തന്നെ നാല് വിക്കറ്റുകള്‍ നേടി. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അശ്വിനി കുല്‍ക്കര്‍ണിക്കായിട്ടില്ല. മികച്ച ലൈനും ലെങ്തും അവകാശപ്പെടാന്‍ യുവതാരത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അശ്വിനി കുല്‍ക്കര്‍ണി വലിയ ഭാവിയുള്ള താരമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. വണ്‍ സീസണ്‍ വണ്ടറായി അശ്വിനി മാറാനാണ് സാധ്യത കൂടുതല്‍.