Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Exclusive- വിഗ്നേഷ് ഇന്‍ വണ്ടര്‍ലാന്റ്!! എങ്ങനെ മുംബൈ ടീമില്‍? മനസ്സ് തുറന്ന് മലയാളി താരം

കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാശാലികളായ താരങ്ങളെ വാര്‍ത്തെടുക്കുന്ന 'ഫാക്ടറി'യായ ഐപിഎല്ലിലേക്കു വീണ്ടുമൊരു മലയാളി താരം ചുവടുവയ്ക്കുകയാണ്. സഞ്ജു സാംസണ്‍ വെട്ടിത്തുറന്ന പാതയിലൂടെ ഐപിഎല്ലിലേക്കു നറുക്കുവീണ പുതിയ താരോദയമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂര്‍.

കേരളത്തിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം പോലും നടത്തുന്നതിനു മുമ്പാണ് 23 കാരനായ ഈ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ക്ക് ഐപിഎല്ലിലേക്കു കോള്‍ വന്നിരിക്കുന്നത്. അതും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സെന്ന ഗ്ലാമര്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാണ് ഈ യുവതാരം.

എങ്ങനെയായിരുന്നു ഐപിഎല്ലില്‍ ലേലത്തില്‍ തനിക്കു അവസരം ലഭിച്ചതെന്നും മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള അടുത്ത സീസണിലെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്നും മനസ്സ് തുറക്കുകയാണ് വിഗ്നേഷ്. മൈഖേല്‍ മലയാളത്തോടു സംസാരിക്കുകയായിരുന്നു കേരളാ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ കിഡ്.

VIGNESH PUTHUR

തികച്ചും അപ്രതീക്ഷിതം

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഇത്തവണ തനിക്കും അവസരം ലഭിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിഗ്നേഷ് പറയുന്നത്. ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത കാര്യം തന്നെയായിരുന്നു ഇത്.

മെഗാലേലം ടിവിയില്‍ കണ്ടിരുന്നു. പക്ഷെ എന്റെ പേര് വിളിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വിഗ്നേഷ് വെളിപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഏതെങ്കിലും പ്രത്യേക ടീമിനായി കളിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്നതായിരുന്നു സ്വപ്‌നമെന്നും താരം പറയുന്നു.

മുംബൈയിലെ ഫേവറിറ്റ്

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് ടീമിലെ തന്റെ ഫേവറിറ്റ് താരങ്ങളെക്കുറിച്ചും വിഗ്നേഷ് പുത്തൂര്‍ വെളിപ്പെടുത്തി. മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് രണ്ടു പേരെയാണ്.

ഒരാള്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ അവരുടെ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയാണ്. ഒരുപാട് അനുഭവസമ്പത്തുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ രണ്ടു സൂപ്പര്‍ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനായത് വളരെ നല്ലൊരു അനുഭവം തന്നെയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വിഗ്നേഷ് പറയുന്നു.

എങ്ങനെ ഐപിഎല്ലില്‍ അവസരം

ഈ വര്‍ഷം നടന്ന പ്രഥമ കേരളാ ക്രിക്കറ്റ് ലീഗില്‍ (KCL) നടത്തിയ പ്രകടനമാണ് ഐപിഎല്ലിലേക്കു തനിക്കു വഴി തുറന്നതെന്നാണ് വിഗ്നേഷ് പറയുന്നത്. കെസിഎല്ലില്‍ മൂന്നു കളിയില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും രണ്ടു വിക്കറ്റുകള്‍ ലഭിച്ചിരുന്നു.

ഈ പ്രകടനം കണ്ടിട്ടാണ് മുംബൈ ഇന്ത്യന്‍സിലെ സ്‌കൗട്ടിങ് സംഘം എന്നെ ട്രയല്‍സിനു വിളിച്ചത്. ട്രയല്‍സിനെ പ്രകടനത്തിനു ശേഷമാണ് ലേലത്തില്‍ മുംബൈ തന്നെ വാങ്ങിയതെന്നും താരം വ്യക്തമാക്കി. ലേലത്തിന്റെ രണ്ടാംദിനം അവസാന റൗണ്ടിലാണ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഗ്നേഷിനെ മുംബൈ വാങ്ങിയത്.

ബൗളിങ് ഓള്‍റൗണ്ടറായ വിഗ്നേഷ് ഇടംകൈയന്‍ ബൗളറും വലംകൈയന്‍ ബാറ്ററുമാണ്. കെസിഎല്ലില്‍ മുന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരു താരം കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ആലപ്പി റിപ്പിള്‍സ് ടീമിനു വേണ്ടിയാണ് വിഗ്നേഷ് കളിച്ചത്. മൂന്നു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താരത്തിനു പക്ഷെ ബാറ്റ് ചെയ്യേണ്ടതായി വന്നിരുന്നില്ല.

VIGNESH PUTHUR

സഞ്ജുവിന്റെ പിന്തുണ

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ മലയാളി താരം സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയെക്കുറിച്ചും വിഗ്നേഷ് മനസ്സ്തുറന്നു. നെറ്റ്‌സില്‍ സഞ്ജു ചേട്ടനെതിരേ ബൗള്‍ ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചിരുന്നു. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കാറുള്ളത്. നേരിട്ടു കാണുമ്പോള്‍ പല ഉപദേശങ്ങളും നല്‍കാറുമുണ്ടെന്നും മലയാളി താരം വെളിപ്പെടുത്തി.

ആഭ്യന്ത ക്രിക്കറ്റില്‍ കേരളത്തിന്റെ അണ്ടര്‍ 14, അണ്ടര്‍ 19 ടീമുകള്‍ക്കായി 18 മല്‍സരങ്ങളോളം കളിച്ചുകഴിഞ്ഞ വിഗ്നേഷ് വൈകാതെ സീനിയര്‍ ടീമിലേക്കും വിളിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. അതിനിടെയാണ് ഐപിഎല്ലിലേക്കുള്ള സര്‍പ്രൈസ് കോള്‍. 12ാം വയസ്സിലായിരുന്നു അണ്ടര്‍ 14 ടീമിനായി കേരളത്തിനൊപ്പം താരം അരങ്ങേറിയത്.

പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെപി ബിന്ദുവിന്റെയും ഏക മകനാണ് വിഗ്നേഷ്. നിലവില്‍ പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജിലെ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥി കൂടിയാണ് താരം.

Story first published: Tuesday, November 26, 2024, 19:49 [IST]
Other articles published on Nov 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+