മലപ്പുറം: ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഗംഭീര പ്രകടനവുമായി വരവറിയിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ പ്രകടനത്തില്‍ ഏറെ ആഹ്ലാദവും അഭിമാനവും പ്രകടിപ്പിച്ചിരിക്കുകയാണ് കോച്ച് വിജയകുമാര്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന വമ്പന്‍ ടീമിനെതിരേ തന്നെ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടും ഒട്ടു സമ്മര്‍ദ്ദമില്ലാതെ കളിയില്‍ പന്തെറിയാന്‍ വിഘ്‌നേഷിനു സാധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പ്രിയ ശിഷ്യനെക്കുറിച്ച് വണ്‍ഇന്ത്യ മലയാളത്തോടു (Oneindia Malayalam) സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സീനിയര്‍ ടീമിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം പോലും കുറിക്കുന്നതിനു മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ വിഘ്‌നേഷ് ഹരിശ്രീ കുറിച്ചിരിക്കുന്നത്. ആദ്യ കളിയില്‍ തന്നെ മൂന്നു വിക്കറ്റുകളുമായി മുംബൈയുടെ സര്‍പ്രൈസ് ഹീറോയായി അദ്ദേഹം മാറുകയുയും ചെയ്തു. ചൈനാമാന്‍ സ്പിന്നറായ വിഘ്‌നേഷിനു ഇനിയും കൂടുതല്‍ മല്‍സരങ്ങളില്‍ അവസരം ലഭിച്ചേക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

ഒട്ടും സമ്മര്‍ദ്ദമില്ലാതെ കളിച്ചു
ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരമായിട്ടും ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാണ് വിഘ്‌നേഷ് പുത്തൂര്‍ പന്തെറിഞ്ഞതെന്നു കോച്ച് വിജയകുമാര്‍ പറയുന്നു. വിഘ്‌നേഷിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് അവന്‍ ആദ്യ മല്‍സരം തന്നെ കളിച്ചിരിക്കുന്നത്. ഇത്ര വലിയൊരു കളിയില്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും.
പക്ഷെ വിഘ്‌നേഷ് ഒട്ടും സമ്മര്‍ദ്ദമില്ലാതെ തന്നെ പന്തെറിഞ്ഞു. ഐപിഎല്ലില്‍ നേരത്തേ ഒരു 10 മല്‍സരങ്ങളെങ്കിലും കളിച്ചിട്ടുള്ളയാളെപ്പോലെയാണ് അവന്‍ പെര്‍ഫോം ചെയ്തത്. ആദ്യത്തെ ബോൡ തന്നെ ബാറ്ററെ ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കാന്‍ വിഘ്‌നേഷിനു സാധിക്കുകയും ചെയ്തു. ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യവും ഇതു തന്നെയാണ്. ആദ്യമായി കളിക്കുന്ന ഒരാളെപ്പോലെ പരിഭ്രമമൊന്നും കാണിച്ചില്ല.
ലൂസ് ബോളുകളൊന്നും വിഘ്‌നേഷ് എറിഞ്ഞിട്ടില്ല. ആദ്യത്തെ 18 ബോളുകളും ലൂസ് ബോളുകളാിയിരുന്നില്ല. അതില്‍ മൂന്നു വിക്കറ്റുകളുമെടുത്തു. ആദ്യത്തെ വിക്കറ്റ് റുതുരാജ് ഗെയ്ക്വാദിന്റെയായിരുന്നു. സിഎസ്‌കെയുടെ ക്യാപ്റ്റനും ബിഗ് ഹിറ്ററുമെല്ലാമായിട്ടും അതിന്റൈയൊന്നും പരിഭ്രമമില്ലാതെ വിഘ്‌നേഷ് ബൗള്‍ ചെയ്തതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
വിഘ്‌നേഷിന്റെ തുടക്കം
അയല്‍വാസി കൂടിയായിട്ടുള്ള ഷെറീഫ് എന്നയാളാണ് വിഘ്‌നേഷിനെ ആദ്യമായി തന്റെയടുക്കല്‍ പരിശീലനത്തിനായി കൊണ്ടു വന്നതെന്നു വിജയകുാര്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിഘ്‌നേഷ് എന്റെയടുത്ത് പരിശീലനത്തിനായി വന്നിരുന്നു. അന്നു വിഘ്‌നേശഷിനു 10 വയസ്സാണെങ്കില്‍ ഷെറീഫിനു 14 വയസ്സേ ഉണ്ടാവുകയുള്ളൂ. വീട്ടിനടുത്തുള്ള വിഘ്‌നേഷിനു ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു ഷെറീഫാണ് എന്നോടു പറഞ്ഞത്.
വിഘ്‌നേഷിന്റെ വീടിന് അടുത്തുള്ള കുന്നപ്പള്ളി എന്ന സ്ഥലത്തുള്ള കുന്നത്ത് ഗ്രൗണ്ടില്‍ സീനിയേഴ്‌സെല്ലാം രാവിലെയും ഉച്ഛയ്ക്കും വൈകീട്ടുമെല്ലാം അവിടെ കളിക്കാറുണ്ട്. പക്ഷെ ഗൗരവമേറിയ ഒരു ക്രിക്കറ്റ് കളിയല്ല അവിടെ നടന്നിരുന്നത്. അങ്ങനെയാണ് അവിടേക്കു കൊണ്ടു പോവാതെ വിഘ്‌നേഷിനെ ഷെറീഫ് ഞാന്‍ കോച്ചായിട്ടുള്ള അക്കാദമിയിലേക്കു പരിശീലനത്തിനായി കൊണ്ടുവന്നത്. അവനു അന്നു 10 വയസ്സ് മാത്രമേയുള്ളൂ.
തുടക്കില്‍ സ്പിന്നും ഇടംകൈ സ്പിന്നും ചൈനാമാനും ഫാസ്റ്റ് ബൗളിങുമെല്ലാം പരീക്ഷിച്ചു നോക്കി. ഇവയില്‍ വിഘ്‌നേഷിനു ഏറ്റവും നന്നായി ചെയ്യാന്‍ സാധിച്ചത് ചൈനാമാന്‍ ബൗളിങാണ്. നമ്മള്‍ പറഞ്ഞു കൊടുക്കുന്നതു പോലെ തന്നെ വളരെ കൃത്യമായി അവന്‍ അതു ചെയ്തു കാണിക്കുകയും ചെയ്തിരുന്നു.

ഓരോ ദിവസം കഴിയുന്തോറും വിഘ്‌നേഷിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു വരികയും ചെയ്തു. ചൈനാ മാന്‍ ബൗളിങെന്നതു മറ്റു പലതിനെയും പോലെ അത്ര എളുപ്പമുള്ള ഒരു ശൈലിയല്ല. കൈക്കുഴ കൊണ്ടുള്ള ബൗളിങായിരുന്നു ഇത്. 10 വയസ്സില്‍ നമുക്കു ഒരു താരത്തെ നന്നായി വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും വിജയകുമാര്‍ പറയുന്നു.
കഠിനാധ്വാനം ചെയ്യാന്‍ തയ്യാര്‍
വളരെയധികം കഠിനാധ്വാനം ചെയ്യാറുള്ള താരമാണ് വിഘ്‌നേഷെന്നും പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ അതേ പോലെ ചെയ്യാന്‍ എല്ലായ്‌പ്പോഴും തയ്യാറായിരുന്നതായും വിജയകുമാര്‍ വ്യക്തമാക്കി. വിഘ്‌നേഷ് അധികം സംസാരിക്കുന്നയാളല്ല. ക്യാമറയുമായി ഒരാള്‍ സംസാരിക്കാന്‍ പോയാല്‍ ഒഴിവാക്കുന്ന കുട്ടിയാണ് അവന്‍. ചെറുപ്പത്തിലും അങ്ങനെ തന്നെയായിരുന്നു. പക്ഷെ ക്രിക്കറ്റിങ് ടാലന്റ് അതിനും മുകളിലാണ്.
നമ്മള്‍ പഠിപ്പിച്ചുകൊടുക്കുന്ന കാര്യം അതേ പോലെ ചെയ്യുന്നതിനായി വിഘ്‌നേഷ് നന്നായി പരിശ്രമിക്കും. എത്ര കഠിനാധ്വാനം ചെയ്യാനും അവന്‍ തയ്യാറാണ്. മൂന്ന്- നാലു മാസങ്ങള്‍ കൊണ്ടു തന്നെ ചൈനാ മാന്‍ ബൗളിങ് അവനു വളരെ നന്നായി ചെയ്യാന്‍ സാധിക്കുകയും ചെയ്തിരുന്നു. ആറു മാസമാവുമ്പോഴേക്കും ഗൂഗ്ലിയും അവന്‍ എറിയാന്‍ തുടങ്ങി. അതു തീര്‍ച്ചയായും നല്ലൊരു വളര്‍ച്ച തന്നെയാണ്.
വിഘ്‌നേഷ് വളരെ മികച്ചൊരു സ്പിന്നറായി മാറുമെന്നതു ആ സമയത്തു തന്നെ തോന്നിയിരുന്നു. പക്ഷെ ഏതു ലെവലില്‍ അവനു കളിക്കാന്‍ സാധിക്കുമെന്നു അറിയില്ലായിരുന്നു. പക്ഷെ ചൈനാ മാന്‍ ബൗളിങ് വിഘ്‌നേഷിന്റെ ശരീരത്തിനു വളരെയധികം യോജിച്ചതാണെന്നു അന്നു മനസ്സിലായിരുന്നതായും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റണ്‍ചേസില്‍ എട്ടാം ഓവറിലാണ് മുബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യമായി വിഘ്‌നേഷിനെ പന്തെറിയാന്‍ വിളിച്ചത്. നേരത്തേ പ്ലെയിങ് ഇലവനില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരം ഇംപാക്ട് പ്ലെയറായാണ് പിന്നീട് മലയാളി താരം ഗ്രൗണ്ടിലെത്തിയത്. അപ്പോള്‍ സിഎസ്‌കെ അനായാസം വിജയത്തിലേക്കു കുതിക്കുകയായിരുന്നു.
ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയ വിഘ്‌നേഷ് മുംബൈയ്ക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. തന്റെ അടുത്ത ഓവറില്‍ വമ്പനടിക്കാരനായ ശിവം ദുബെയെയും വിഘ്‌നേഷ് മടക്കിയതോടെ ചെന്നൈ ശരിക്കുമൊന്നു വിറച്ചു. മൂന്നാം ഓവറില്‍ മറ്റൊരു വെടിക്കെട്ട് താരമായ ദീപക് ഹൂഡയെയും മലയാളി താരം വിഴ്ത്തി. എങ്കിലും രചിന്‍ രവീന്ദ്രയിലേറി ഒരുവിധം കളി ജയിക്കാന്‍ ചെന്നൈയ്ക്കു സാധിച്ചു.