ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം കസറാനുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. 2022ല്‍ ടീമിനെ ഫൈനലിലെത്തിച്ച അദ്ദേഹം അവസാന സീസണില്‍ ടീമിനെ പ്ലേഓഫിലുമെത്തിച്ചിരുന്നു. ഇത്തവണ ട്രോഫി തന്നെയായിരിക്കും പിങ്ക് ആര്‍മി സ്വപ്‌നം കാണുന്നത്. അതിനു ശേഷിയുള്ള കെട്ടുറപ്പുള്ള ടീമാണ് പുതിയ സീസണില്‍ റോയല്‍സിനുള്ളത്.
ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നീ സൂപ്പര്‍ ത്രയത്തെ നഷ്ടമായെങ്കിലും ഇതു മറികടക്കാന്‍ ശേഷിയുള്ളവര്‍ തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് റോയല്‍സ്. അധികമാരുമറിയില്ലാത്ത ചില കളിക്കാര്‍ ഇത്തവണ റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോസ് ആയി മാറാന്‍ സാധ്യതയുണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

വൈഭവ് സൂര്യവന്‍ഷി
കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ കൗമാര വിസ്മയം വൈഭവ് സൂര്യവന്‍ഷിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. വെറും 13 വയസ്സ് മാത്രമുള്ള ഐപിഎല്‍ കരാര്‍ ലഭിച്ചതോടെ ഈ നേട്ടത്തിന് അവകാശിയായ ഏറ്റവും പ്രായം കുറഞ്ഞയാളായി വൈഭവ് മാറിയിരുന്നു.
വമ്പനടിക്കാരനായ ഇടംകൈയന്‍ ബാറ്ററെ ഈ സീസണില്‍ താന്‍ പരീക്ഷിച്ചേക്കുമന്നു സഞ്ജു സാംസണ്‍ ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു. നേരത്തേ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടിയും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയ വൈഭവിന് ഐപിഎല്ലിലും ഇതു അസാധ്യമല്ല.
ശുഭം ദുബെ
ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ബാറ്റര്‍ ശുഭം ദുബെയാണ് പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമത്തെ സര്‍പ്രൈസ് ഹീറോ ആയേക്കാവുന്നയാള്‍. ഫിനിഷറുടെ റോളിലേക്കാണ് അദ്ദേഹത്തെ ടീം ഇത്തവണ കൊണ്ടു വന്നിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഫിനിഷിങ് റോളില്‍ കസറിയതാണ് ദുബെയ്ക്ക് റോയല്‍സിലേക്കു വഴി തുറന്നത്.
കഴിഞ്ഞ സീസണിലും അദ്ദേഹം റോയല്‍സിലുണ്ടായിരുന്നു. നാലു കളിയില്‍ കളിക്കുകയും ചെയ്തു. ഇത്തവണ ലേലത്തില്‍ ദുബെയെ അവര്‍ ടീമിലേക്കു തിരികെയെത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി ഫിനിഷറായി അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 181.08 സ്‌ട്രൈക്ക് റേറ്റില്‍ 67 ശരാശരിയില്‍ 134 റണ്‍സാണ് ദുബെ സ്‌കോര്‍ ചെയ്തത്.
ക്വെന മഫാക്ക
സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ ക്വെന മഫാക്കയാണ് ഈ ലിസ്റ്റിലുള്‍പ്പെടുന്ന മൂന്നാമന്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളറാണ് അദ്ദേഹം.
ആഭ്യന്തര ടി29 ലീഗുകളിലും മികച്ച പ്രകടനങ്ങളാണ് മഫാക്ക നടത്തിയിട്ടുള്ളത്. അതിനു ശേഷമാണ് അദ്ദേഹം തന്റെ കന്നി ഐപിഎല്‍ കളിക്കാനെത്തുന്നത്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ബൗള്‍ ചെയ്യാനും വിക്കറ്റുകളെടുക്കാനും മഫാക്കയ്ക്കു സാധിക്കും.
ഇടംകൈയന്‍ പേസറായ അദ്ദേഹത്തിന്റെ ഡെത്ത് ഓവറുകള്‍ യോര്‍ക്കറുകളില്‍ എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു തീര്‍ച്ചയായും വലിയ വെല്ലുവിളി സൃഷ്ടിക്കാനിടയുണ്ട്. നിലവില്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറായിരിക്കും റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് പേസറെങ്കിലും ചില മല്‍സരങ്ങളില്‍ മഫാക്കയ്ക്കും ടീമിലേക്കു നറുക്കു വീണേക്കും. ടി20 കരിയറെടുത്താല്‍ 32 മല്‍സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 36 വിക്കറ്റുകളെടുക്കുകയും ചെയ്തു.

യുധ്‌വീര്‍ ചരാക്
ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ യുധ്‌വീര്‍ ചരാകാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സര്‍പ്രൈസ് ഹീറോയിയായി മാറിയേക്കാവുന്ന മറ്റൊരാള്‍. അതിവേഗം പന്തെറിയാനും വിക്കറ്റുകളെടുക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ടി20 കരിയറെടുത്താല്‍ 33 മല്‍സരങ്ങളിലാണ് ചരാക് കളിച്ചത്. ഇവയില്‍ നിന്നും 25 വിക്കറ്റുകളെടുക്കുകയും ചെയ്തു. 8.42 ഇക്കോണമി റേറ്റിലാണിത്.
കഴിഞ്ഞ രണ്ടു സീണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു ചരാക്. അവര്‍ക്കു വേണ്ടി അഞ്ചു മല്‍സരങ്ങളിലാണ് താരത്തിനു അവസരം ലഭിച്ചത്. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.