ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 218 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ രണ്ട് വിക്കറ്റിന് 217 റണ്‍സാണ് നേടിയത്. മുംബൈ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതോടെ രാജസ്ഥാന്റെ എല്ലാ ആരാധകരും പ്രതീക്ഷിച്ചത് വൈഭവ് സൂര്യവന്‍ഷിയുടെ മറ്റൊരു വെടിക്കെട്ടാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടിയ വൈഭവിനെതിരേ കൃത്യമായ പദ്ധതിയോടെയാണ് മുംബൈ ഇറങ്ങിയത്.
ഇത് കൃത്യമായി നടപ്പിലാക്കാനും മുംബൈക്കായി. ആദ്യ ഓവര്‍ എറിയാനെത്തിയ ദീപക് ചഹാര്‍ വൈഭവിനെ ഡെക്കിന് മടക്കിയിരിക്കുകയാണ്. സെഞ്ച്വറിയുടെ ആലസ്യത്തിലെന്ന പോലെ ദീപക്കിന്റെ പന്തിന്റെ ലെങ്ത് മനസിലാക്കാതെ വൈഭവ് വമ്പന്‍ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പന്തിന്റെ സ്വിങ്ങും ലെങ്തും മനസിലാക്കാതെ ഷോട്ട് കളിച്ച വൈഭവ് വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ജയ്പൂരിലെ രാജസ്ഥാന്റെ ആരാധകരെ ഒന്നടങ്കം നിരാശരാക്കുന്ന വിക്കറ്റായി വൈഭവ് മാറുകയായിരുന്നു. വിക്കറ്റ് പോയപ്പോള്‍ നിരാശയോടെ അല്‍പ്പനേരം അവിടെത്തന്നെ നിന്ന ശേഷമാണ് വൈഭവ് പുറത്തായത്.
വൈഭവിന്റെ വിക്കറ്റ് നേട്ടം മുംബൈ താരങ്ങള്‍ മാത്രമല്ല ഡഗൗട്ടിലിരുന്ന പരിശീലകന്‍ മഹേല ജയവര്‍ധന പോലും ആഘോഷിച്ചു. കാരണം വൈഭവ് കത്തിക്കയറിയിരുന്നെങ്കില്‍ ഉണ്ടാകാവുന്ന അപകടം കൃത്യമായി മനസിലാക്കാന്‍ മുംബൈക്കായിരുന്നു. ഇത് മനസിലാക്കി ടീം മെനഞ്ഞ തന്ത്രത്തില്‍ അനുഭവസമ്പത്തില്ലാത്ത വൈഭവ് വീഴ്കയായിരുന്നു.
പക്വതക്കുറവിന്റെ പ്രശ്‌നമെന്ന് ആരാധകര്‍
വൈഭവ് ക്രീസിലെത്തിയ ശേഷം നേരിട്ട രണ്ടാം പന്തിലാണ് പുറത്താവുന്നത്. തുടക്കത്തിലേ തന്നെ വമ്പന്‍ ഷോട്ടിനാണ് വൈഭവ് ശ്രമിച്ചത്. എന്നാല്‍ നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്താന്‍ ശ്രമിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ ബൗളിങ് നിരയുടെ ശക്തി മനസിലാക്കി കളിക്കണമായിരുന്നുവെന്നും ക്ഷമ കാട്ടണമായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. പിച്ചില്‍ നല്ല പേസും സ്വിങ്ങുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദീപക് ചഹാറിനെ ഭയക്കണം.

യോര്‍ക്കര്‍ ലെങ്ത് പന്താണ് ഓഫ് സ്റ്റംപ് ലൈനില്‍ ചഹാര്‍ എറിഞ്ഞത്. ഓഫ്‌സൈഡില്‍ കൃത്യമായി ഫീല്‍ഡര്‍മാരെ സെറ്റ് ചെയ്ത മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വൈഭവിന്റെ ഷോട്ടിന് ടൈമിങ് ഉണ്ടായിരുന്നില്ല. സ്വിങ് ചെയ്ത പന്ത് ബാറ്റില്‍ കൃത്യമായി കണക്ട് ചെയ്യാതെ വന്നതോടെ അനായാസം ക്യാച്ചായി മാറുകയായിരുന്നു. വൈഭവ് വലിയ നേട്ടങ്ങളില്‍ സന്തോഷിക്കുന്നതോടൊപ്പം ഇത്തരം നിരാശയിലൂടെയും കടന്ന് പോകണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് മികച്ച താരമായി വളരുകയെന്നതും ഇത്തരം തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും സെഞ്ച്വറിക്ക് പിന്നാലെ ഇത്തരത്തില്‍ ഡെക്കായത് യുവതാരത്തെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. യുവതാരത്തെ ട്രോളുകയല്ല ഈ സമയത്ത് പിന്തുണക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ പറയുന്നു.
വമ്പന്‍ സ്‌കോറിലേക്കുയരാതെ ജയ്‌സ്വാള്‍
വൈഭവ് സൂര്യവന്‍ഷി പുറത്തായപ്പോഴും അതിവേഗം റണ്‍സുയര്‍ത്താനാണ് യശ്വസി ജയ്‌സ്വാള്‍ ശ്രമിച്ചത്. ആറ് പന്തില്‍ രണ്ട് സിക്‌സറടക്കം 13 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിനെ ട്രന്റ് ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ബോള്‍ട്ടിനെ രണ്ട് തവണ സിക്‌സര്‍ പറത്താന്‍ ജയ്‌സ്വാളിനായി. ഇതേ ഓവറില്‍ ജയ്‌സ്വാളിനെ ബൗള്‍ഡാക്കി മറുപടി നല്‍കാന്‍ ബോള്‍ട്ടിന് സാധിച്ചു. ദീപക് ചഹാറിന്റെ പന്തില്‍ നിതീഷ് റാണയുടെ ക്യാച്ച് സ്ലിപ്പില്‍ ലഭിച്ചെങ്കിലും രോഹിത് ശര്‍മക്ക് കൈയിലൊതുക്കാന്‍ സാധിക്കാതെ പോയത് മുംബൈക്ക് തിരിച്ചടിയായി മാറി. എന്നാല്‍ ഈ ലൈഫ് മുതലാക്കാന്‍ നിതീഷിനായില്ല. 11 പന്തില്‍ 9 റണ്‍സെടുത്ത നിതീഷിനെ ട്രന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.