ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ പുതിയ 14 കളിക്കാരെ സ്വന്തമാക്കിയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണിനായി തയ്യാറെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണുള്‍പ്പെടെ ആറു പ്രധാനപ്പട്ടെ താരങ്ങളെ ലേലത്തിനു മുമ്പ് തന്നെ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. ബാറ്റിങില്‍ കഴിഞ്ഞ സീസണിലെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ പ്രധാനമായും ബൗളിങ് ശക്തിപ്പെടുത്താനാണ് റോയല്‍സ് ശ്രമിച്ചിട്ടുള്ളത്.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുള്‍പ്പെടെ ചില മുന്‍നിര ബൗളര്‍മാരെ ലേലത്തില്‍ സ്വന്തമാക്കാന്‍ റോയല്‍സിനായിരുന്നു. സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യാന്‍ റോയല്‍സ് ടീമിലത്തിച്ചിരിക്കുന്നത് ശ്രീലങ്കന്‍ ജോടികളായ വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെയാണ്. എന്നാല്‍ വലിയ പ്രതീക്ഷയോടെ റോയല്‍സിലെത്തിയിരിക്കുന്ന ചില കളിക്കാര്‍ക്കു അടുത്ത സീസണില്‍ ഒരു അവസരം പോലും ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

വൈഭവ് സൂര്യവന്‍ഷി
കഴിഞ്ഞ ലേലത്തില്‍ അദ്ഭുതമായി മാറിയ ഇന്ത്യന്‍ വണ്ടര്‍കിഡ് വൈഭവ് സൂര്യവന്‍ഷിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. വെറും 13 വയസ്സ് മാത്രമുള്ള താരത്തെ 1.1 കോടി രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. ഇന്ത്യയുടെ അടുത്ത ബാറ്റിങ് സെന്‍സേഷനെന്നു വിലയിരുത്തപ്പെടുന്നയാളാണ് ബിഹാറില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍.
എന്നാല്‍ അടുത്ത സീസണില്‍ വൈഭവിനെ ഒരു മല്‍സരം പോലും റോയല്‍സ് കളിപ്പിക്കാനിടയില്ല. കാരണം ഐപിഎല്‍ പോലെയൊരു വേദിയില്‍ കളിക്കാനുളള പക്വതയും മിടുക്കും താരത്തിനുണ്ടോയെന്ന കാര്യം സംശയാണ്. അതുകൊണ്ടു തന്നെ വൈഭവിനെ ധൃതി പിടിച്ച് പരീക്ഷിക്കാന്‍ റോയല്‍സ് തയ്യാറാവില്ല. പകരം താരത്തെ വളര്‍ത്തിയെടുക്കാനും വരാനിരിക്കുന്ന സീസണുകള്‍ക്കായി തയ്യാറാക്കി നിര്‍ത്താനുമായിരിക്കും റോയല്‍സിന്റെ പ്ലാന്‍.
അടുത്ത സീസണിലെ കുറച്ച് മല്‍സരങ്ങളില്‍ കളിപ്പിക്കുകയും ഇതില്‍ ഫ്‌ളോപ്പാവുകയും ചെയ്താല്‍ അതു വൈഭവിന്റെ ആത്മവിശ്വാസം ഇടിയാന്‍ വഴിയൊരുക്കിയേക്കും. മാനസികമായി അത്തരമൊരു അവസ്ഥയിലേക്കു താരത്തെ തള്ളിയിടാന്‍ റോയല്‍സ് ആഗ്രഹിക്കുകയുമില്ല. അതിനാന്‍ തന്നെ അടുത്ത സീസണില്‍ ഒരു കളിയില്‍പ്പോലും വൈഭവിനെ ഗ്രൗണ്ടില്‍ കണ്ടേക്കില്ല.
യുധ്‌വീര്‍ സിങ്
ജമ്മു കാശ്മീരിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഫാസ്റ്റ് ബൗളര്‍ യുധ്‌വീര്‍ സിങാണ് അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ വെറും വാട്ടര്‍ ബോയ് ആയി ഒതുക്കപ്പെടാനിടയുള്ള താരം. 35 ലക്ഷം രൂപയ്ക്കാണ് യുധ്‌വീറിനെ മെഗാ ലേലത്തില്‍ റോയല്‍സ് സന്തമാക്കിയത്.

ബാക്കപ്പ് ബൗളറായിട്ടാണ് 27 കാരനായ താരത്തെ ടീമിലേക്കു റോയല്‍സ് കൊണ്ടു വന്നിട്ടുള്ളതെന്നു വ്യക്തമാണ്. പക്ഷെ സീസണിലുടനീളം യുധ്‌വീറിന് ബെഞ്ചില്‍ തന്നെയായിരിക്കും സ്ഥാനം. പേസര്‍മാരായി ജോഫ്ര ആര്‍ച്ചറിനെ കൂടാതെ തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ആകാശ് മധ്വ്വാള്‍, ഫസല്‍ ഹഖ്ഫാറൂഖി എന്നിവരെല്ലാം റോയല്‍സ് സംഘത്തിലുണ്ട്.
അതുകൊണ്ടു തന്നെ യുധ്‌വീറിനെ അവര്‍ക്കു പ്ലെയിങ് ഇലവനിലേക്കു ആവശ്യവും വരില്ല. ടി20 കരിയറെടുത്താല്‍ താരം ഇതുവരെ 32 മല്‍സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 8.56 ഇക്കോണമി റേറ്റില്‍ 24 വിക്കറ്റുകളെടുക്കുകയും ചെയ്തു.
കുനാല്‍ റാത്തോഡ്
രാജസ്ഥാനില്‍ നിന്നുള്ള അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പറായ കുനാല് സിങ് റാത്തോഡാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 35 ലക്ഷം രൂപയ്ക്കാണ് 22 കാരനായ താരത്തെ റോയല്‍സ് സ്വന്തമാക്കിയത്. പക്ഷെ അടുത്ത സീസണില്‍ അവര്‍ക്കായി കുനാല്‍ ഒരു മല്‍സരം പോലും കളിക്കാന്‍ സാധ്യതില്ല.
കാരണം റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ നായകന്‍ കൂടിയായ സഞ്ജു സാംസണാണ്. ബാക്കപ്പ് റോളിലക്കു മറ്റൊരു ഇന്ത്യന്‍ താരവുമായ ധ്രുവ് ജുറേലുമുണ്ട്. ഇവര്‍ രണ്ടു പേരും കഴിഞ്ഞ് മാത്രമേ കുനാലിന്റെ പേര് പരിഗണിക്കപ്പെടുകയുള്ളൂ.
സഞ്ജുവും ജുറേലും ഒരുമിച്ച് പരിക്കോ, അസുഖമോ കാരണം ടീമിനു പുറത്താവാന്‍ സാധ്യത തീരെയില്ല. ടി20യില്‍ വെറും 12 മല്‍സരങ്ങളില്‍ മാത്രമേ കുനാല്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 138.04 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാനായത് 254 റണ്‍സുമാണ്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്.